വിജയ് ബാബുവിന് എതിരെ നടപടിയില്ല; ‘അമ്മ’ പരാതി പരിഹാര സമിതിയിൽ നിന്ന് മാലാ പാർവതി രാജിവച്ചു

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് നടി മാലാ പാർവതി രാജിവച്ചു.
പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് സമിതി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിജയ് ബാബുവിനെ ഭരണസമിതിയിൽ നിന്ന് മാറ്റി നിർത്തിയാൽ മതിയെന്ന തീരുമാനത്തിലെത്തി. ഇതിന് പിന്നാലെയാണ് മാലാ പാർവതി രാജിവച്ചത്.
നടി ശ്വേത മേനോൻ അധ്യക്ഷയായ സമിതിയിൽ നിന്നാണ് മാലാ പാർവതി രാജിവച്ചത്. വിജയ് ബാബുവിന് എതിരായി ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയിൽ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ, ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ, വിജയ് ബാബു നൽകിയ കത്ത് അംഗീകരികരിക്കുകയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറ്റി നിർത്തിയാവൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാൽ തന്നെ എക്സിക്യൂട്ടീവിൽ നിന്ന് മാറ്റി നിർത്തണം എന്നായിരുന്നു വിജയ് ബാബുവിന്റെ കത്ത്.