വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനം

കോഴിക്കോട്: പ്രമുഖ വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം. അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർഡിഒയെ സമീപിച്ചു. ദുബായിൽവച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മാർച്ച് ഒന്നിനാണു ദുബായിലെ ഫ്ളാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു. എസ്പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. മൂന്നുവർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്.