കെജരിവാൾ കേരളത്തിലേക്ക്; ട്വന്റി 20യുമായി സഖ്യ പ്രഖ്യാപനം നടത്തിയേക്കും

കൊച്ചി: എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ ഈ മാസം 15 ന് സുപ്രധാന ദൗത്യവുമായി കേരളത്തിലെത്തും. ട്വന്റി 20യുടെ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് കെജരിവാൾ എത്തുന്നത്. ട്വന്റി 20യുമായി എഎപി സഖ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
തൃക്കാക്കര ഉപതരഞ്ഞെടുപ്പിൽ എഎപിയും ട്വന്റി 20യും പൊതു സ്ഥാനാർത്ഥിയെ നിർത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാൾ കേരളത്തിലെത്തുന്നത്. തൃക്കാക്കരയിൽ നിർണായക സാന്നിധ്യമാണ് ട്വിന്റി 20. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എഎപി സഖ്യ സാധ്യതകൾ തേടുന്നത്.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടി സാന്നിധ്യം വളർത്താനുള്ള നീക്കത്തിലാണ് എഎപി. ഗുജറാത്തിൽ ഭാരതീയ ട്രൈബൽ പാർട്ടിയുമായി എഎപി സഖ്യത്തിലായിരുന്നു. ദക്ഷിണേന്ത്യയിൽ കേരളം, തെലങ്കാന, കർണാട സംസ്ഥാനങ്ങളിൽ എഎപി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് നീക്കം.