പീഡനവീരന്മാരെ ‘അമ്മ’യ്ക്ക് എന്തൊരിഷ്ടമാണെന്നോ

‘അമ്മ’ യോഗത്തിൽ വിജയ് ബാബുവിന് പിന്തുണ; ഐസിസിക്ക് എന്തധികാരമെന്ന് സിദ്ദിഖ്, പിന്തുണച്ച് ഉണ്ണി മുകുന്ദനും
കൊച്ചി: ലൈംഗിക പീഡനക്കേസ് നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുന്നതിനായി ചേർന്ന അമ്മ സംഘടന യോഗത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം താരങ്ങൾ രംഗത്തെത്തിയപ്പോൾ മറ്റ് ചിലർ വിജയ് ബാബുവിനെ പിന്തുണച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നടൻ ബാബുരാജ്, ശ്വേത മേനോൻ അടക്കമുള്ള താരങ്ങൾ വിജയ് ബാബുവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ എന്നീ താരങ്ങൾ വിജയ് ബാബുവിനെ പിന്തുണച്ച് സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ.

അമ്മയുടെ എക്സിക്യൂട്ടീവിൽ നിന്നും വിജയ് ബാബുവിനെ ഒഴിവാക്കിയതിനെതിരെ സിദ്ധിഖ് വിമർശനം ഉന്നയിച്ചു. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാൻ അമ്മയുടെ ആഭ്യന്തര പരിഹാര സമതിക്ക് എന്ത് അധികാരമാണുള്ളതെന്ന് സംഘടനാ യോഗത്തിൽ സിദ്ധിഖ് ചോദിച്ചു.
പിന്നാലെ വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദനും രംഗത്തെത്തി. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിൽ ഒരു കേസുണ്ട്. അത് താൻ അനുഭവിക്കുകയാണെന്നും സത്യാവസ്ഥ അറിഞ്ഞതിന് ശേഷം നടപടി സ്വീകരിച്ചാൽ മതിയെന്നാണ് ഉണ്ണി മുകുന്ദൻ സ്വീകരിച്ച നിലപാട്.
എന്നാൽ ഇക്കാര്യത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. 15 ദിവസം സമയം അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് അവർ പറയുന്നത്.വിജയ് ബാബുവിനെ ഇപ്പോൾ പുറത്താക്കിയാൽ ജാമ്യത്തെ ബാധിക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് മറ്റ് ചിലർ അറിയിച്ചത്. നടപടി സ്വീകരിച്ചില്ലെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവയ്ക്കുമെന്ന് ബാബുരാജും ശ്വേത മേനോനും അറിയിച്ചിരിക്കുകയാണ്.
വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടൻ സുധീർ കരമനയും രംഗത്തെത്തി. ഒരു രീതിക്കും വച്ചുപൊറുപ്പിക്കാത്ത തെറ്റാണിതെന്ന് സുധീർ കരമന പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്ടാസാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നെന്നും ആ ചർച്ചയിൽ നിരവധി താരങ്ങൾ വിജയ് ബാബുവിനെതിരെ രംഗത്തെത്തിയെന്നും റിപ്പോർട്ടുണ്ട്.