കേരളത്തിൽ നാളെ ഈദുൽ ഫിത്വർ പൊതു അവധി

തിരുവനന്തപുരം: നാളെ (ചൊവ്വാഴ്ച) ഈദുൽ ഫിത്വർ പൊതു അവധി ആയിരിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കേരളത്തിലെ മുസ്ലിം വിശ്വാസികൾ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അവധി.

റമസാൻ 29 ആയ ഞായറാഴ്ച കേരളത്തിലൊരിടത്തും മാസപ്പിറ കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനെ തുടർന്ന് ഖാസിമാർ ഈദുൽ ഫിത്വർ ചൊവ്വാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതുപ്രകാരം തിങ്കളാഴ്ച റമസാൻ 30ഉം ചൊവ്വാഴ്ച ശവ്വാൽ ഒന്നുമാണ്. അവധി കലണ്ടർ പ്രകാരമുള്ള ഇന്നത്തെ ഈദുൽ ഫിത്വർ പൊതുഅവധിക്ക് സർക്കാർ മാറ്റം വരുത്തിയിരുന്നില്ല. ഇതിനെ തുടർന്ന്, ഈദുൽ ഫിത്വറിന് രണ്ട് ദിവസത്തെ പൊതു അവധി ലഭിക്കും.
സംസ്ഥാനത്തെ റേഷൻ കടകൾക്കും നാളെ അവധിയായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മെയ് മാസത്തെ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും.