സന്ധ്യക്കെന്തിന് സിന്ദൂരം

സതീഷ്‌കുമാർ വിശാഖപട്ടണം
പ്രകൃതിയിലെ മഹാത്ഭുതങ്ങളാണല്ലോ രാവും പകലും…. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന പകലിനു ശേഷം മന്ദം മന്ദം രാത്രി വന്നണയുന്നു. പകലിന്റെ അവസാനത്തിനും രാത്രിയുടെ ആരംഭത്തിനുമിടയിലെ ഏതാനും സുരഭിലനിമിഷങ്ങൾ ….
ആ സുന്ദര നിമിഷങ്ങളെ നമ്മൾ
‘ സായംസന്ധ്യ ‘എന്ന ഓമനപ്പേരിട്ടാണല്ലോ വിളിക്കുന്നത്…
പ്രകൃതിയിലെ വർണ്ണപ്പകിട്ടാർന്ന സൗന്ദര്യസങ്കൽപ്പങ്ങൾ മുഴുവൻ തെളിഞ്ഞു വരുന്നത് സന്ധ്യാസമയത്താണ്. കലാലോക ഗന്ധർവ്വന്മാരായ നമ്മുടെ പ്രിയപ്പെട്ട കവികൾ സന്ധ്യകളെ എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര ഗാനങ്ങളും വൈവിദ്ധ്യമാർന്ന സുന്ദര സന്ധ്യകളുടെ പദനിസ്വനങ്ങളാൽ അനുഗൃഹീതമാണല്ലോ … ?
അത്തരം ചില ഗാനങ്ങളെ ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ …..





രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മായ ‘ എന്ന ചിത്രത്തിൽ ‘സന്ധ്യക്കെന്തിന് സിന്ദൂരം ‘ എന്ന മനോഹരമായ കല്പന നെയ്‌തെടുത്തത് പ്രിയകവി ശ്രീകുമാരൻതമ്പിയാണ്. (സംഗീതം ദക്ഷിണാമൂർത്തി ആലാപനം യേശുദാസ് )
‘സന്ധ്യ മയങ്ങുന്ന നേരത്തെ വാചാലമായ ചില ഗ്രാമ സ്പന്ദനളാണ് ‘മയിലാടുംകുന്ന് ‘ എന്ന ചിത്രത്തിനു വേണ്ടി വയലാർ എഴുതിയത്. (സന്ധ്യ മയങ്ങും നേരം ഗ്രാമചന്ത പിരിയുന്ന നേരം ..സംഗീതം ദേവരാജൻ ആലാപനം യേശുദാസ് )
പ്രിയ കവി പി ഭാസ്‌ക്കരൻ മാസ്റ്റർ സന്ധ്യകൾ ചാലിച്ച സിന്ദൂരം കൊണ്ട് പൊട്ടുകുത്തുന്നതിന്റെ ലാസ്യഭംഗി ‘ഗുരുവായൂർ കേശവൻ ‘എന്ന ചിത്രത്തിനു വേണ്ടിയാണ് വരച്ചു വെച്ചത് (ഇന്നെനിക്ക് പൊട്ടുകുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം …… സംഗീതം ദേവരാജൻ ആലാപനം മാധുരി )
‘തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയിൽ മറയുന്നു …….. ഈ ദൃശ്യചാരുതക്ക് ജീവൻ നൽകിയത് ജ്ഞാനപീഠ ജേതാവായ ഓ എൻ വി കുറുപ്പ് ( ചിത്രം അക്ഷരങ്ങൾ സംഗീതം ശ്യാം ആലാപനം ഉണ്ണി മേനോൻ )
‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ …..
( ചിത്രം മദനോത്സവം രചന ഓ എൻ വി സംഗീതം സലീൽ ചൗധരി ആലാപനം എസ് ജാനകി ) ‘കർപ്പൂരദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ …… (ചിത്രം ദിവ്യദർശനം രചന ശ്രീകുമാരൻ തമ്പി സംഗീതം എം എസ് വിശ്വനാഥൻ ആലാപനം ജയചന്ദ്രൻ വസന്ത )
‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു …..( ചിത്രം രാജഹംസം രചന വയലാർ സംഗീതം ദേവരാജൻ ആലാപനം യേശുദാസ് )
‘ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുതിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക് ഉച്ചത്തിൽ സന്ധ്യക്കു നാമജപം …… ( ചിത്രം അച്ചു വേട്ടന്റെ വീട് രചന എസ് രമേശൻ നായർ സംഗീതം വിദ്യാധരൻ മാസ്റ്റർ ആലാപനം യേശുദാസ് )
‘സന്ധ്യതൻ അമ്പലത്തിൽ കുങ്കുമ പൂത്തറയിൽ ചന്ദന കാപ്പു ചാർത്തി അമ്പിളി ദേവിയായി താരകളാരതിയായ് ….. (ചിത്രം അഭിനിവേശം രചന ശ്രീകുമാരൻ തമ്പി സംഗീതം ശ്യാം ആലാപനം യേശുദാസ് )
‘സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു സാന്ധ്യതാരകം മിന്നിമറഞ്ഞു താരകപൊൻ മിഴി പൂട്ടിയുറങ്ങൂ താമരമലരുകളേ …. (ചിത്രം അനാഥ ശില്പങ്ങൾ രചന ശ്രീകുമാരൻ തമ്പി സംഗീതം ആർ.കെ ശേഖർ ആലാപനം യേശുദാസ് ) തുടങ്ങിയ പ്രിയ ഗാനങ്ങളിലെല്ലാം സന്ധ്യ പ്രണയമായും വിരഹമായും കണ്ണീരായും സിന്ദൂരമായും പ്രകൃതിയുടെ വർണവിസ്മയങ്ങളായും മിന്നിമറയുമ്പോൾ ഈ ഗാനങ്ങൾ സൃഷ്ടിച്ച കവി ഭാവനകളെ നമസ്‌ക്കരിക്കാതിരിക്കുന്നതെങ്ങനെ ….?


