KERALA Main Banner TOP NEWS

ജോയ്‌സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തള്ളി;
തന്നെയാരും തടഞ്ഞു വെച്ചിട്ടില്ല, ഷെജിനൊപ്പം പോകണമെന്ന് ജോയ്‌സന കോടതിയിൽ

കൊച്ചി: കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തള്ളി.
ഭർത്താവ് ഷെജിനൊപ്പം പോകമെന്ന് കോടതിയൽ ജോയ്സന വ്യക്തമാക്കിയതോടെയാണ് ഹൈക്കോടതി ഹർജി തീർപ്പു കൽപ്പിച്ചത്. തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ജോയ്സന പറഞ്ഞു. ഇതോടെ സ്വന്തമായി തീരുമാനം എടുക്കാൻ പ്രാപ്തയായ യുവതിയെ ഭർത്താവിനൊപ്പം വിട്ടുകൊണ്ടാണ് ഹൈക്കോടതി ഉത്തവരിട്ടത്.
ജോയ്‌സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ച് കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഇന്ന് ഹൈക്കോടതിയിൽ ഹാജരായത്. ജോയ്‌സനയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. കേസ് പരിഗണിച്ച കോടതി യുവതിയുടെ ആഗ്രഹത്തിന് അനുസൃതമായാണ് വിധിച്ചത്. ഈ വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.


ഡിവൈഎഫ്ഐ നേതാവായ ഷെജിനും ജോയ്സനയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും സിബിഐ അല്ലെങ്കിൽ എൻ.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു.
കോടഞ്ചേരി വിവാഹ വിവാദത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തിയിരുന്നു. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പെസഹാ വ്യാഴത്തിന്റെ ഭാഗമായി നടന്ന ശുശ്രൂഷകൾക്ക് ശേഷമാണ് ബിഷപ്പ് മാർ റെമജീയോസ് ഇഞ്ചനാനിയിൽ രൂപതയ്ക്ക് കീഴിൽ സമീപകാലത്തുണ്ടായ സംഭവങ്ങളിലുള്ള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് ലൗ ജിഹാദ് ആരോപണം ഉന്നയിച്ചതോടെയാണ് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവായ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം വിവാദമായത്. തുടർന്ന് അദ്ദേഹം ആ പ്രസ്താവന തിരുത്തിയിരുന്നു. വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷെജിനും ജോയ്സനയും അഭ്യർത്ഥിച്ചിരുന്നു.
അതിനടെ കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രവും രംഗത്തുവന്നിരുന്നു. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു. ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം സമുദായത്തിൽപ്പെട്ട എല്ലാവരും ചിന്തിക്കണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. വിഷയത്തിൽ സിപിഎം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണെന്നാണ് വിമർശനം. ദുരൂഹ വിവാഹമാണോ മതേതരത്വമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
കോടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ വധു ജോയ്സനയുടെ കുടുംബത്തിന്റെ ആരോപണം ന്യായമാണെന്നാണ് ദീപിക എഡിറ്റോറിയലിൽ പറയുന്നത്. ജോയ്സനയുടെ കുടുംബത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ജോയ്സനയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയിക്കുന്ന സാഹചര്യമുണ്ട്. കുടുംബത്തെ ഭയചകിതരാക്കുന്നതാണോ മതേതരത്വമെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.
വിവാഹത്തെ കുറിച്ച് ഷെജിൻ പാർട്ടിയെ അറിയിച്ചില്ലെന്നാണ് സിപിഎമ്മിന്റെ ആരോപണം. യുവതിയുടെ കുടുംബത്തിനൊപ്പം പാർട്ടി നിന്നില്ല. വിവാഹത്തിന് ശേഷം ഐഎസിൽ ചേർന്ന മലയാളി യുവതികളുണ്ട്. ക്രൈസ്തവർക്ക് മാത്രമല്ല മറ്റു മതവിഭാഗങ്ങൾക്കും ആശങ്കയുണ്ട്. ജോയ്സനയുടെ വിഷയത്തിൽ ദുരൂഹത മറനീക്കണം. അല്ലാതെ നിസ്സഹായരായ കുടുംബത്തെ മതേതരത്വത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തകയല്ല വേണ്ടതെന്നും മുഖപ്രസംഗം പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *