രാജാവിന്റെ കാർ ഇനി യൂസഫലിക്ക് സ്വന്തം

തിരുവനന്തപുരം: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുജനും മുതിർന്ന രാജകുടുംബംഗവുമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട 1955 മോഡൽ മെഴ്‌സിഡെസ് ബെൻസ് 180 ടി ഇനി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് സ്വന്തം.
ഒരിക്കൽ അബുദാബിയിൽ യൂസഫലിയുടെ വസതിയിലെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ യൂസഫലിയെ കൊട്ടാരത്തിലേക്കു ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് 2012-ൽ തിരുവനന്തപുരത്തെ രാജകൊട്ടാരത്തിൽ യൂസഫലി എത്തിയപ്പോൾ എടുത്തതാണീ തീരുമാനം. മാർത്താണ്ഡവർമ്മ മഹാരാജാവ് വിടവാങ്ങിയതോടെ കാർ ഏറെക്കാലമായി മകൻ പത്മനാഭ വർമ്മയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷന്റെയും സംരക്ഷണത്തിലായിരുന്നു.
രാജാവിന്റെ ആഗ്രഹപ്രകാരം അധികം വൈകാതെ തന്നെ ഈ കാർ യൂസഫലിക്കു സമ്മാനിക്കാനാണ് രാജകുടുംബത്തിന്റെ ആഗ്രഹം.

1955-ലാണ് രാജകുടുംബം ജർമ്മൻ നിർമ്മിതമായ ഈ കാർ സ്വന്തമാക്കുന്നത്. കർണാടക രജിസ്‌ട്രേഷൻ CAN 42 ഉള്ള ഈ കാർ മാർത്താണ്ഡവർമ്മയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിനു വാഹനങ്ങളെ ഏറെ ഇഷ്ടമായിരുന്നു. കുട്ടിക്കാലം മുതൽ കാറും കുതിരയുമായിരുന്നു ഏറെയുമിഷ്ടം. കൊട്ടാരത്തിലെ കാറുകൾക്ക് എന്തെങ്കിലും തകരാറുകൾ വന്നാൽ റിപ്പയർ ചെയ്യാനുള്ള മെക്കാനിക്കും സാമഗ്രികളും ഗാരേജുമെല്ലാം കൊട്ടാരത്തിൽ തന്നെ ഉണ്ടായിരുന്നു. താണുപിള്ള എന്നൊരു എൻജിനീയർ തന്നെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു.
യൂസഫലിക്കു സമ്മാനിക്കുന്ന ഈ കാറിനു അന്നത്തെ വില 12,000 രൂപയായിരുന്നു. അന്ന് മഹാരാജാവ് ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. ഡീസൽ വണ്ടിയാണ് ഇത്. 23 ലക്ഷം മൈൽ ഓടിയിട്ടുണ്ട്.


കാറിന് മോഹവില നൽകാൻ പല പ്രമുഖരും ശ്രമിച്ചിരുന്നു. ബെൻസ് നിർമാതാക്കൾ തന്നെ ഇതിനു പകരം രണ്ടു കാറുകൾ കൊടുക്കാമെന്നു പറഞ്ഞു അദ്ദേഹത്തെ സമീപിച്ചിരുന്നുവത്രെ. എന്നാൽ അന്നൊന്നും അദ്ദേഹത്തിന് തന്റെ പ്രിയ ശേഖരത്തെ കൈവിടാൻ മനസ്സനുവദിച്ചില്ല. ഒരുപക്ഷെ തന്റെ ഇഷ്ടശേഖരം യൂസഫലിയുടെ കൈയിൽ ഭദ്രമായിരിക്കും എന്ന് അദ്ദേഹം മുൻകൂട്ടി കരുതിക്കാണും.
