വള്ളുവനാടിന്റെ സ്വന്തം ഓപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം
ബാലൻ കെ നായർ എന്ന നടനിലൂടെ, എസ്.ജാനകി എന്ന ഗായികയിലൂടെ, കെ എസ് സേതുമാധവൻ എന്ന മികച്ച സംവിധായകനിലൂടെ മലയാള സിനിമയുടെ കൈയ്യൊപ്പുകൾ ദേശീയ രംഗത്ത് അടയാളപ്പെടുത്തിയ ‘ഓപ്പോൾ എന്ന ക്‌ളാസിക് ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് 41ാം വർഷം. എം.ടി. വാസുദേവൻനായർ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിലൂടേയാണ് മേനക എന്ന നടി മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയത്.

പഴയ വള്ളുവനാടൻ താലൂക്കിൽ മൂത്ത സഹോദരിമാരെയാണ് ഓപ്പോൾ എന്ന് വിളിച്ചിരുന്നത്…എം ടി വാസുദേവൻ നായരുടെ ഈ പേരിലുള്ള പ്രശസ്തമായ കഥ 1980-ൽ ജെ എം ജെ ആർട്ട്‌സിന് വേണ്ടി റോസമ്മ ജോർജ്ജ് ചലച്ചിത്രമാക്കുകയുണ്ടായി.
മൂന്നു ദേശീയ അവാർഡുകളാണ് ഈ ചിത്രം ആ വർഷം നേടിയെടുത്തത്..
മേനക എന്ന നടിക്ക് മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ‘ഓപ്പോൾ . ‘



ജന്മം കൊണ്ട് തമിഴ് നാട്ടുകാരിയായിരുന്നുവെങ്കിലും മലയാള സിനിമകളിലൂടെയായിരുന്നു മേനക കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ തന്നെയാണ് ഇവരുടെ ഏറ്റവും മികച്ച ചിത്രം.
ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച ബാലൻ കെ.നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, മാസ്റ്റർ അരവിന്ദിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം, എസ് ജാനകിക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം കൂടാതെ ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ ഓപ്പോൾ മലയാള ത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നായാണ് ഇന്നും വിലയിരുത്തപ്പെടുന്നത് .




പി.ഭാസ്‌ക്കരനെഴുതി എം.ബി. ശ്രീനിവാസൻ സംഗീതം കൊടുത്ത ഈ ചിത്രത്തിൽ ബാലൻ കെ നായരുമൊത്ത് മേനക അഭിനയിക്കുന്ന പ്രസിദ്ധമായ ഒരു ഗാനരംഗമുണ്ട്… ”ഏറ്റുമാനൂരമ്പരലത്തിൽ എഴുന്നെള്ളത്ത്’
മുന്നിൽ കാത്തു നിന്ന പൂവമ്പന്റെ പള്ളി നായാട്ട് …..’
എസ് ജാനകി പാടിയ ഈ ഗാനത്തിൽ യാതൊരുവിധ സംഗീതോപകരണങ്ങളും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ് ഏറെ വിസ്മയകരം. കാട്ടരുവിയുടെ കള കള ശബ്ദവും കുയിലിന്റെ മണി നാദവും മാത്രമാണ് ഈ പാട്ടിന്റെ പാശ്ചാത്തല സംഗീതം.
എന്നിട്ടും ഈ ഗാനം സൂപ്പർ ഹിറ്റായി മാറിയത് സംഗീതത്തിന് പ്രകൃതിയുടെ സ്പന്ദനങ്ങൾ പോലും ഒരു മികച്ച സംഗീത സംവിധായകന് ഉപയോഗപ്പെടുത്താം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്. അതുകൊണ്ടായിരിക്കണം ഈ ഗാനാലാപനത്തിന് 1981-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരവും ജാനകിക്ക് ലഭിച്ചത്….
‘ചാറ്റൽ മഴയും വെയിലും…
(ലതാദേവി ,മാലതി )
‘ പൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചു മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടോ ….. (യേശുദാസ്) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റ് ഗാനങ്ങൾ.
1981 ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തിയ ‘ഓപ്പോൾ ‘എന്ന ചിത്രത്തി ന്റെ നാല്പത്തിയൊന്നാം പിറന്നാളാണിന്ന്. ബാലൻ കെ നായർ എന്ന നടനിലൂടെ, എസ്.ജാനകി എന്ന ഗായികയിലൂടെ, കെ എസ് സേതുമാധവൻ എന്ന മികച്ച സംവിധായകനിലൂടെ മലയാള സിനിമയുടെ കൈയ്യൊപ്പുകൾ ദേശീയ രംഗത്ത് അടയാളപ്പെടുത്തിയ ‘ഓപ്പോൾ ‘ മുറ്റത്തെ മുല്ല പോലെ നറുമണം പരത്തിയ ചിത്രമാണെന്ന് ഓർക്കുന്നത് തന്നെ ഏറെ അഭിമാനകരം….
( പാട്ടോർമ്മകളിലൂടെ …..
(സതീഷ് കുമാർ വിശാഖപട്ടണം)
