FILM BIRIYANI KERALA Second Banner SPECIAL STORY

ആത്മവിദ്യാലയത്തിന്റെ തിരുമുറ്റത്ത്

തിരുനയിനാർക്കുറിച്ചി എന്ന ഗാരചയിതാവിന്റെ 57ാം ചരമവാർഷികദിനമാണിന്ന്… പി ഭാസ്‌കരനും വയലാറും ഒ എൻ വിയും ശ്രീകുമാരൻ തമ്പിയുമൊക്കെ പുഷ്‌ക്കലമാക്കിയ മലയാള ചലച്ചിത്രഗാന രചനാവേദിക്ക് അടിത്തറ പാകിയ ഈ ഗാനരചയിതാവിനെ പരിചയപ്പെടുത്താൻ ആത്മവിദ്യാലയമേ… എന്ന ഒരൊറ്റ ഗാനം മതിയാകും.ജീവിതത്തിന്റെ നിരർത്ഥകതയെ കുറിച്ച് പ്രതിപാദിക്കുന്ന തിരുനയിനാർകുറിച്ചിയുടെ വരികൾ ഒരു വേദാന്തചിന്ത പോലെ സാധാരണ മനുഷ്യരുടെ മനസ്സിലേക്ക് കുടിയേറി. പ്രത്യേകിച്ച് ‘മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ
വൻചിത നടുവിൽ ……’
പോലുള്ള അർത്ഥഗംഭീരമായ വരികൾ …….

സതീഷ് കുമാർ വിശാഖപട്ടണം

1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് ആന്റണി മിത്രദാസിന്റെ സംവിധാനത്തിൽ തിക്കുറിശ്ശി നായകനായി അഭിനയിച്ച ‘ഹരിശ്ചന്ദ്ര ‘എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം കമുകറ പുരുഷോത്തമൻ പാടിയ ‘ആത്മവിദ്യാലയമേ…..’ എന്ന തത്വ ചിന്താപരമായ ഗാനമായിരുന്നു.
67 വർഷം കഴിഞ്ഞിട്ടും മലയാള ചലച്ചിത്ര സംഗീത ലോകത്ത് ഈ ഗാനം കെടാവിളക്ക് പോലെ നിറഞ്ഞു കത്തി കൊണ്ടിരിക്കുകയാണ്. തിരുനയിനാർക്കുറിച്ചി എന്ന മാധവൻനായാർ എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന ‘ആത്മവിദ്യാലയം ‘ തിരുനയിനാർ കുറിച്ചി എന്ന ഗാനരചയിതാവിന്റേയും കമുകറ പുരുഷോത്തമൻ എന്ന ഗായകന്റേയും മാസ്റ്റർപീസായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കെ.പി.ഉദയഭാനു നയിച്ചിരുന്ന ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന ഗാനമേളയിൽ ശ്രോതാക്കളുടെ ആവശ്യപ്രകാരം ഈ വിഖ്യാത ഗാനം രണ്ടും മൂന്നും തവണ കമുകറക്ക് പാടേണ്ടി വന്നിട്ടുണ്ടത്രെ ! അതിൽനിന്നും ആത്മവിദ്യാലയം ശ്രോതാക്കളിൽ ഉണ്ടാക്കിയ സ്വാധീനം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ !
കന്യാകുമാരി ജില്ലയിലെ തിരുനയനാർകുറിച്ചിയിൽ രാമൻ നായരുടേയും നാരായണിയുടേയും മകനായി 1916 ഏപ്രിൽ 16 – നാണ് മാധവൻ നായർ ജനിച്ചത്. മലയാളം അദ്ധ്യാപകനായി ജീവിതമാരംഭിച്ച അദ്ദേഹം അക്കാലത്ത് തിരുവതാംകൂറിലെ ആദ്യത്തെ റേഡിയോ നിലയമായ ”ട്രാവൻകൂർ റേഡിയോ ‘വിൽ ഉദ്യോഗസ്ഥനായി. ബഹുഭാഷാ പാണ്ഡിതനും കലാ സാഹിത്യ തല്പരനുമായിരുന്ന മാധവൻ നായർക്ക് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നു കൊടുത്തത് ആദ്യ കാല നിർമ്മാതാവായ പി.സുബ്രഹ്മണ്യമായിരുന്നു.
1952-ൽ പുറത്തിറങ്ങിയ നീലായുടെ ആദ്യചിത്രമായ ‘ആത്മസഖി ‘യിൽ പാട്ടെഴുതി കൊണ്ട് തിരുനയിനാർകുറിച്ചി ചലച്ചിത്ര ഗാനരചയിതാവായി മാറി.
തമിഴ്, ഹിന്ദി പാട്ടുകളുടെ ട്യൂണുകൾക്കനുസരിച്ചായിരുന്നു അക്കാലത്ത് മലയാള ചലച്ചിത്രഗാനങ്ങൾ രചിക്കപെട്ടിരുന്നത്. അതുകൊണ്ട് തന്നെ അത്തരം ഗാനങ്ങളുടെ ഗുണനിലവാരം ഊഹിക്കാവുന്നതാണല്ലോ ?
ബ്രദർ ലക്ഷ്മണൻ ആയിരുന്നു ആത്മസഖി എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആദ്യകാലങ്ങളിൽ അന്യഭാഷാ ചിത്രങ്ങളിലെ ട്യൂണുകളെ ആശ്രയിക്കേണ്ടി വന്ന അദ്ദേഹം പിന്നീട് സ്വന്തമായി സംഗീതസംവിധാനം നിർവഹിച്ചതോടുകൂടി തിരുനൈനാർക്കുറിച്ചി _ ബ്രദർ ലക്ഷ്മൺ എന്ന മലയാളത്തിലെ ആദ്യത്തെ കൂട്ടുകെട്ട് നിലവിൽവന്നു.
അതിന്റെ ഗുണം പിന്നീടുള്ള ഗാനങ്ങളിൽ പ്രകടമാവുകയും ചെയ്തു…….
സിനിമാ ഗാനങ്ങളെ വളരെ പുച്ഛത്തോടെയായിരുന്നു അക്കാലത്തെ കർണാടക സംഗീതജ്ഞന്മാർ വീക്ഷിച്ചിരുന്നത്.
മാത്രമല്ല ഭാരതത്തിന്റെ തനതായ സംഗീത പാരമ്പര്യത്തിന് സിനിമാ ഗാനങ്ങൾ ക്ഷതമേൽപ്പിക്കുമെന്നൊരു വിശ്വാസം കൂടി അന്നു നിലനിന്നിരുന്നു. ആ വിശ്വാസം തകർക്കപ്പെട്ടത് ആത്മവിദ്യാലയമേ എന്ന ഗാനം പുറത്തുവന്നതിനു ശേഷമാണ്. ജനങ്ങൾ ഈ ഗാനം നിറഞ്ഞമനസ്സോടെ തന്നെ ഏറ്റെടുക്കുകയായിരുന്നു .


ജീവിതത്തിന്റെ നിരർത്ഥകതയെ കുറിച്ച് പ്രതിപാദിക്കുന്ന തിരുനയിനാർകുറിച്ചിയുടെ വരികൾ ഒരു വേദാന്തചിന്ത പോലെ സാധാരണ മനുഷ്യരുടെ മനസ്സിലേക്ക് കുടിയേറി. പ്രത്യേകിച്ച് ‘മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ
വൻചിത നടുവിൽ ……’
പോലുള്ള അർത്ഥഗംഭീരമായ വരികൾ …….
ഒട്ടേറെ ജനപ്രീതി നേടിയെടുത്ത ഈ ഗാനത്തിന്റെ ശൈലിയിൽ തന്നെ രചിക്കപ്പെട്ട ഇതേ ടീമിന്റെ മറ്റൊരു ഗാനവും ചരിത്രത്തിലിടം പിടിച്ചിട്ടുണ്ട് .
‘ഭക്ത കുചേല ‘ എന്ന ചിത്രത്തിലെ
‘ഈശ്വരചിന്തയിതൊന്നേ മനുജന് ശാശ്വതമീ ഉലകിൽ……….’
എന്ന ഗാനം ദൈവത്തിനും മനുഷ്യനുമിടയിലുള്ള ജീവിത ധർമ്മങ്ങളെ ഓർമപ്പെടുത്തുന്ന ഒന്നായിരുന്നു.
‘കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമഫലം തരും ഈശ്വരനല്ലോ …..’ എന്ന വരിയിലൂടെ മനുഷ്യന്റെ യഥാർത്ഥ കടമയെന്താണെന്നും ഭക്തിമാർഗ്ഗമെന്താണെന്നും ഗാനരചയിതാവ് വളരെ ലളിതമായി തന്നെ വ്യക്തമാക്കുകയാണ്………
ഉത്തരേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന എന്ന ‘ഖവ്വാലി ‘എന്ന സംഗീത ശാഖ മലയാളസിനിമയിൽ ആദ്യമായി പരീക്ഷിക്കപ്പെടുന്നത്
‘കറുത്ത കൈ ‘എന്ന ചിത്രത്തിലാണ്.
‘പഞ്ചവർണ്ണ തത്ത പോലെ കൊഞ്ചി വന്ന പെണ്ണേ …..’എന്ന ആദ്യത്തെ ഖവ്വാലി ഗാനം എഴുതാൻ ഭാഗ്യമുണ്ടായത് തിരുനയിനാർകുറിച്ചിക്കായിരുന്നു. ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത, മലയാളസിനിമയിൽ ആയിരത്തോളം സിനിമകളിൽ അഭിനയിച്ച പറവൂർ ഭരതൻ എന്ന നടൻ തന്റെ അഭിനയ ജീവിതത്തിൽ ഈയൊരു ഗാനരംഗത്ത് മാത്രം പാടി അഭിനയിച്ചു എന്നുള്ളതാണ് ……,
വെള്ളിത്തിരയിൽ പ്രണയ രംഗങ്ങൾ കാണുമ്പോൾ തലകുനിച്ചിരുന്നിരുന്ന ഒരു കാലഘട്ടത്തിൽ മനോഹരമായ പ്രണയഗാനങ്ങൾ എഴുതാനും തിരുനയിനാർകുറിച്ചിക്ക് കഴിഞ്ഞിട്ടുണ്ട്.
‘സംഗീതമേ ജീവിതം
ഒരു മധുര സംഗീതമീ ജീവിതം ……” (ജയിൽപുള്ളി )
തുടങ്ങിയ മനോഹരമായ പ്രണയ ഗാനങ്ങൾ എത്രയോ വർഷങ്ങൾക്കു മുമ്പാണ് തിരുനയിനാർക്കുറിച്ചി എഴുതിയതെന്നോർക്കണം……


1965 ഏപ്രിൽ 1-ന് സംഗീതാത്മകമായ ആ ജീവിതത്തിന് തിരശ്ശീല വീണു. അദ്ദേഹത്തിന്റെ അമ്പത്തിയേഴാം ചരമവാർഷിക ദിനം ഓർമ്മയിലെത്തുമ്പോൾ പി ഭാസ്‌കരനും വയലാറും ഒ എൻ വിയും ശ്രീകുമാരൻ തമ്പിയുമൊക്കെ പുഷ്‌ക്കലമാക്കിയ മലയാള ചലച്ചിത്രഗാന രചനാ വേദിക്ക് അടിത്തറ പാകാൻ തിരുനയിനാർകുറിച്ചി മാധവൻ നായർക്കു കഴിഞ്ഞു എന്നുള്ളത് അഭിമാനർഹമായ കാര്യം തന്നെയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു…….
(പാട്ടോർമ്മകളിലൂടെ …..
സതീഷ് കുമാർ വിശാഖപട്ടണം )

Related Posts

Leave a Reply

Your email address will not be published. Required fields are marked *