FILM BIRIYANI KERALA Main Banner SPECIAL STORY

വെടിമരുന്ന് നിറച്ച തിരക്കഥകൾ ഓർമ്മയിലിപ്പോഴും…ടി. ദാമോദരൻമാഷില്ലാത്ത പത്തു വർഷം

സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകൾ )

1980 – കളാണ് മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ സുവർണ്ണകാലമായി അറിയപ്പെടുന്നത്. പത്രങ്ങളിലൂടെ വായിച്ചും ടിവി ചാനലുകളിലൂടെ കണ്ടും നമ്മുടെ മനസ്സിൽ അമർഷവും നൊമ്പരവും പ്രതിഷേധവും സൃഷ്ടിച്ച രാഷ്ട്രീയ നാടകങ്ങൾക്കും സമകാലിക സംഭവങ്ങൾക്കും ചലച്ചിത്ര ഭാഷ്യങ്ങൾ ആവിഷ്‌ക്കരിക്കപെട്ടപ്പോൾ അവ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
അധികാരത്തിലെത്താനുള്ള രാഷ്ട്രീയനേതാക്കളുടെ കുതന്ത്രങ്ങളും അധികാരം നിലനിർത്താനുള്ള നെട്ടോട്ടവും അധികാരത്തിലെത്തിയാലുള്ള അവരുടെ അഴിമതികളും സ്വജനപക്ഷപാതവും തുടങ്ങി രാഷ്ട്രീയത്തിലെ കള്ളക്കളികളുടെ അടിവേരുകൾ തേടിയുള്ള അന്വേഷണാത്മക കഥകൾക്ക് ഊടും പാവും നൽകി തിയ്യറ്ററുകളിൽ വെടിക്കെട്ട് തീർത്ത ജനപ്രിയ സിനിമകൾ കേരളം കൺകുളിർക്കെ കണ്ടത് ടി. ദാമോദരൻ എന്ന തിരക്കഥാകൃത്തിലൂടെയാണ്.


കോഴിക്കോട് ജില്ലയിലെ ബേപ്പൂരിൽ ഡ്രിൽ അദ്ധ്യാപകനായിരുന്ന ടി. ദാമോദരൻ ‘ലൗ മേരേജ് ‘ എന്ന ഹരിഹരൻ ചിത്രത്തിന് തിരക്കഥയെഴുതി കൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. കോഴിക്കോട്ടുകാരൻ തന്നെയായ ഐവി ശശിയുമായ് കൈകോർത്തുകൊണ്ട് സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച് മുന്നേറിയ ടി. ദാമോദരന്റെ ‘അങ്ങാടി ‘യിലൂടെയാണ് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ജയൻ എന്ന നടൻ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ചേർന്നത്.
പടവാളിന്റെ മൂർച്ചയുള്ള തിരക്കഥകൾക്ക് പ്രേക്ഷക ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന വിധത്തിൽ ഐ.വി.ശശി ദൃശ്യരൂപം നൽകിയപ്പോൾ പിന്നീട് മലയാള ചലച്ചിത്ര വേദിയിലൂടെ ഉദയം കൊണ്ടത് മമ്മുട്ടി മോഹൻലാൽ എന്നീ രണ്ടു ശക്തരായ നടന്മാരാണ്. ടി.ദാമോദരന്റെ പൊളിറ്റിക്കൽ സിനിമകളായ ഈ നാട്, അഹിംസ, ഇനിയെങ്കിലും, വാർത്ത ,ആവനാഴി , അടിമകൾ ഉടമകൾ, ഇൻസ്‌പെട്കർ ബലറാം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയ കലയുടെ മർമ്മമറിഞ്ഞ ഇവർ ആകാശം മുട്ടെ ഉയർന്നു പൊങ്ങുന്നത്.
സാധാരണ പ്രേക്ഷകരുടെ നാഡിമിടിപ്പ് മനസ്സിലാക്കി കഥകളെഴുതി ആസ്വാദകരുടെ കയ്യടി നേടിയ ഈ തിരക്കഥാകൃത്തിന്റെ സിനിമകളിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.

‘പാവാട വേണം മേലാട വേണം ……. ( അങ്ങാടി )
‘സംഗീതമേ നിൻ പൂഞ്ചിറകിൽ …… ( മീൻ )
‘കരിമ്പന കൂട്ടങ്ങൾക്കിടയിൽ ഇരുളിൽ …… (കരിമ്പന)
‘കാറ്റു താരാട്ടും കിളിമരത്തോണിയിൽ ……
(അഹിംസ )
‘മഞ്ഞേ വാ മധുവിധുവേള …… ( തുഷാരം )
‘അമ്പിളി മണവാട്ടി ….. ( ഈനാട് ) ‘ഗോപികേ നിൻ വിരൽ തുമ്പിലെ ……
( കാറ്റത്തെകിളിക്കൂട് ) ‘രാമായണകാറ്റേ ….. ( അഭിമന്യു ) ‘നീലാംബരി നീലാംബരി…… ( ലൗ മാരേജ് ) തുടങ്ങിയ ഗാനങ്ങളെല്ലാം നമ്മൾ കേട്ടത് ടി ദാമോദരൻ തിരക്കഥയെഴുതിയ മനോഹരമായ ചിത്രങ്ങളിലൂടെയാണ്.
കിളിച്ചുണ്ടൻ മാമ്പഴം, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുക കൂടി ചെയ്തിട്ടുള്ള ടി ദാമോദരൻ 2012 മാർച്ച് 28 നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ പത്താം ചരമ വാർഷിക ദിനമാണിന്ന്.


രണ്ടു മൂന്ന് ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ട്രൂത്ത് ലൈവ് ‘ പ്രസിദ്ധീകരിക്കുന്ന പാട്ടോർമ്മകളുടെ ദൃശ്യചാരുത കാണാൻ ടി ദാമോദരന്റെ മകളും തിരക്കഥാകൃത്തും എഴുത്തുകാരിയും സ്ത്രീ ശാക്തീകരണത്തിന്റെ മുന്നണി പോരാളിയുമായ ദീദി ദാമോദരൻ എത്തിയത് ഒരു അപ്രതീക്ഷിത അനുഭവമായിരുന്നു …..
മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ കുലപതിയുടെ ധന്യമായ ഓർമ്മകൾക്ക് പ്രണാമം …….


(പാട്ടോർമ്മകളിലൂടെ …
സതീഷ് കുമാർ വിശാഖപട്ടണം -9030758774)

Related Posts

Leave a Reply

Your email address will not be published. Required fields are marked *