ഞായറാഴ്ച പ്രധാനമന്ത്രി പറഞ്ഞത്
ശ്രീ’മൻ കി ബാത്ത് ‘

കൂവപ്പടി ജി. ഹരികുമാർ
ആലുവ: വൃക്ഷലതാദികളും പക്ഷിമൃഗാദികളും മനുഷ്യനും ചേരുന്ന പ്രകൃതിയൊരുക്കുന്ന വിസ്മയലോകത്ത് ശ്രീമൻ നാരായണൻ ചേട്ടൻ തികഞ്ഞൊരു സാത്വികനായി, ഗാന്ധിയനായി ജീവിക്കുകയാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ലയം അദ്ദേഹം ആസ്വദിക്കുന്നു. ഭാവനാത്മകമായ കാഴ്ചപ്പാടുകളുള്ള എറണാകുളം ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന്റെ ജീവിതസന്ദേശം തന്നെ ജൈവവൈവിധ്യ സംരക്ഷണമാണ്.

‘ശ്രീമൻ നാരായണൻ മിഷൻ’ എന്ന പ്രവർത്തനത്തിന്റെ പത്തുവർഷം തികയാനിരിയ്ക്കുന്ന വേളയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തോടായി ശ്രീമൻ നാരായനെക്കുറിച്ച് വിളിച്ചു പറഞ്ഞത്. നരേന്ദ്രമോദി ഞായറാഴ്ച മൻകി ബാത്തിലൂടെ ശ്രീമൻ നാരായണന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതോടെ അഭിനന്ദനപ്രവാഹമാണ് വീട്ടിലേയ്ക്ക് ഫോൺ വിളികളായിട്ടെത്തുന്നത്.
കൊടുംവേനലിൽ പക്ഷികൾക്ക് ദാഹജലം ഉറപ്പാക്കിയുള്ള ‘ജീവജലത്തിനൊരു മൺപാത്രം’ എന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ ശ്രീമൻ നാരായണനിലേക്കെത്തിച്ചത്. ജീവജലത്തിനൊരു മൺപാത്രം പദ്ധതിയിലൂടെ ലക്ഷക്കണക്കിന് മൺപാത്രങ്ങളാണ് പക്ഷികൾക്ക് വെള്ളം നൽകാനായി നാരായണൻ വിതരണം ചെയ്തത്. ദാഹിച്ച് വലയുന്ന പക്ഷിജാലങ്ങൾക്കാണ് ഇദ്ദേഹം വെള്ളം നൽകുന്നത്. എട്ട് വർഷത്തിലധികമായി ജീവജലത്തിനൊരു മൺപാത്രം പദ്ധതിയിലൂടെ പക്ഷികളുടെ ദാഹമകറ്റാൻ അദ്ദേഹം മുൻകയ്യെടുക്കുന്നുണ്ട്. പതിനായിരക്കണക്കിന് ചെറിയ മൺപാത്രങ്ങൾ പദ്ധതി വഴി വീടുകളിലേക്ക് സൗജന്യമായി നൽകുന്നുണ്ട്. മൺപാത്രങ്ങൾക്കായി ആർക്കും വരാം. സൗജന്യമായി തന്നെ നൽകും. പക്ഷെ, പക്ഷിമൃഗാദികൾക്ക് ദാഹജലം കൊടുക്കാൻ വേണ്ടി ആകണമെന്ന് മാത്രം.
ഇവിടെ മാത്രമല്ല വാർധാ സേവാഗ്രാമിലും നാരായണന്റെ മൺപാത്രങ്ങൾ ലഭ്യമാണ്. പദ്ധതിയിലൂടെ ഇതിനോടകം ലക്ഷക്കണക്കിന് മൺപാത്രങ്ങളാണ് പക്ഷികൾക്ക് വെള്ളം നൽകാനായി നാരായണൻ വിതരണം ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തോളമായി വേനലറുതിക്കാലത്ത് ഇതൊരു സപര്യയായി കൊണ്ടുനടക്കുകയാണ് ഇദ്ദേഹം.
ഗാന്ധിമരം പദ്ധതിയിലൂടെ പതിനായിരത്തോളം വൃക്ഷത്തൈകളും പൂച്ചെടികളും വിതരണം ചെയ്ത നാരായണേട്ടനെ തേടി ഇതിനോടകം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളം മുഴുവൻ മൺപാത്രവിതരണം നടത്തുന്നതിനായുള്ള പരിശ്രമം കഴിഞ്ഞ വേനൽക്കാലത്ത് വിജയം കണ്ടു. പ്രകൃതിയിലെ കിളികുലജാലത്തോടുള്ള ഇദ്ദേഹത്തിന്റെ സ്‌നേഹവായ്പ്പിന് തൈവാനിലെ ദി സുപ്രീം മാസ്റ്റർ ചിംങ്ഹായ് ഇൻറർ നാഷണൽ അസോസിയേഷൻ മൂന്നു വർഷം മുമ്പ് അവരുടെ ദി വേൾഡ് കംപാഷൻ അവാർഡ് നൽകി ആദരിച്ചിരുന്നു. എഴുത്തുകാരൻ, പ്രകൃതിസ്നേഹി, പരിസ്ഥിതി പ്രവർത്തകൻ, ഹോട്ടൽ മുതലാളി, ലോട്ടറി ഏജൻസി ഉടമ, സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ ശ്രീമൻ നാരായണൻ അണിയുന്ന വേഷങ്ങൾ ഏറെയാണ്. മലയാളത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും പ്രകൃതിജീവനശാസ്ത്രത്തിൽ ഡിപ്ലോമയുമുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ പേര് പി.എൻ നാരായണപിള്ള എന്നായിരുന്നു. അദ്ദേഹത്തിന്റെ ‘എല്ലാം എനിക്കെന്റെ കണ്ണൻ’ എന്ന ഭക്തിഗാന സിഡിയിലെ പാട്ട് പാടിയ ഭാവഗായകൻ ജയചന്ദ്രനാണ് ശ്രീമൻ നാരായണൻ എന്ന പേര് നിർദ്ദേശിച്ചത്. അന്നുമുതൽ മുപ്പത്തടംകാരുടെ നാരായണേട്ടൻ ശ്രീമൻ നാരായണനായി മാറി.
