കൊടിയത്തൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം

മുക്കം: കൊടിയത്തൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം. തെയ്യത്തും കടവ് റോഡിൽ വില്ലേജ് ഓഫീസിന് സമീപത്തെ പൂളക്കൽഅബ്ദുൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. 2500 ദുബൈ ദിർഹമാണ് നഷ്ടപ്പെട്ടത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ, മൊബൈൽ ഫോൺ, വാച്ചുകൾ, പെൻ ഡ്രൈവ് എന്നിവ മോഷ്ടാക്കളുടെ കണ്ണിൽ പെടാത്തതിനാൽ നഷ്ടപ്പെട്ടില്ല.
ചൊവ്വാഴ്ച അബ്ദുൽ ബാവയും കുടുംബവും മദ്രാസിലേക്ക് പോയിരുന്നു.


അതിനാൽ ചൊവ്വ രാത്രിയും ബുധനാഴ്ച പകലും ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ അയൽവാസിയായ സ്ത്രീയാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടനെ മറ്റ് അയൽ വാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.
മുക്കം പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിനകത്തും അലമാരിയിലുമെല്ലാം സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പണവും സ്വർണ്ണവും സൂക്ഷിച്ചിരുന്ന അലമാരിയും തുറന്ന് കിടക്കുന്ന അവസ്ഥയിലാണ്. ബുധനാഴ്ച പകലാണ് മോഷണം നടന്നതെന്നാണ് സൂചന. മുക്കം പോലീസും വടകരയിൽ നിന്നുള്ള ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
