നാടകാചാര്യന്റെ ഓർമകളിൽ ( കെ.ടി.മുഹമ്മദ് വിട പറഞ്ഞിട്ട് 14 വർഷം )

സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകൾ )
മലയാള നാടക വേദിയുടെ ചരിത്രം എഴുതുകയാണെങ്കിൽ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത പേരാണ് കെ.ടി. മുഹമ്മദിന്റേത് ……
മലബാറിൽ വിപ്ലവം സൃഷ്ടിച്ച ഒട്ടേറെ തീപ്പൊരി നാടകങ്ങളുടെ രചയിതാവാണ് ഈ അസാധാരണ പ്രതിഭാശാലി.

കെ.ടി.യുടെ ചലച്ചിത്ര രചനകളും നാടകങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കരണങ്ങളും ഒട്ടനവധി സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയെടുത്തിട്ടുണ്ട്.
കടൽ പാലം, അച്ഛനും ബാപ്പയും, തുറക്കാത്ത വാതിൽ, രാജഹംസം, സൃഷ്ടി …എന്നിവയെല്ലാം തന്നെ മലയാള ചലച്ചിത്ര വേദിയുടെ ഗതി തന്നെ മാറ്റിയെഴുതിയ നാഴികക്കല്ലുകളായ ചിത്രങ്ങളായിരുന്നു.
കെ.ടി.മുഹമ്മതിന്റെ ചലച്ചിത്ര സാക്ഷാത്ക്കാരങ്ങളിലെ ഗാനങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉള്ളതായി കാണാം. പ്രശസ്ത ഗായിക മാധുരിയുടെ ആദ്യഗാനം പിറക്കുന്നത് കെ.ടി യുടെ ‘കടൽപാലം ‘ എന്ന ചിത്രത്തിലൂടെയാണ്. ( കസ്തൂരി തൈലമിട്ട് മുടി മിനുക്കി ….’)
പി ലീലക്ക് മികച്ച ഗായികക്കുള്ള ആദ്യ സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്നതും ഈ ചിത്രത്തിലൂടെയാണ് (ഉജ്ജയിനിയിലെ ഗായിക …..)
കഴിഞ്ഞ വർഷം സംഗീത പ്രണയികളെ മുഴുവൻ ദു:ഖത്തിലാക്കി കാലയവനികക്കുള്ളിൽ മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യം ആദ്യമായി മലയാളത്തിൽ പാടുന്നതും കടൽ പാലത്തിലാണ്. ( ഈ കടലും മറു കടലും ….)

കെ.ടി.യുടെ മറ്റൊരു ഉജ്ജ്വല നാടകാവിഷ്‌ക്കരണമായ ‘അച്ഛനും ബാപ്പയും ‘ വയലാറിനും യേശുദാസിനും മികച്ച ഗാന രചയിതാവിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌ക്കാരങ്ങൾ നേടി കൊടുത്തു (മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ …) ദേശീയോദ്ഗ്രഥന പുരസ്‌ക്കാരം നേടിയ ‘തുറക്കാത്ത വാതിൽ ‘ എന്ന ചിത്രത്തിലാണ് മറുനാടൻ മലയാളികളെ എക്കാലത്തും ഗൃഹാതുരത്വ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ‘ എന്ന മനോഹര ഗാനമുള്ളത്. ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.




യേശുദാസിന്റെ ഏറ്റവും ദുഃഖസാന്ദ്രമായ ആലാപനം ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ ….’ എന്ന ഗാനവും കെ.ടി.യുടെ ചിത്രമായ രാജഹംസത്തിലായിരുന്നു.
2008 മാർച്ച് 25-ന് അന്തരിച്ച ഈ നാടകാചാര്യന്റെ ഓർമദിനമാണിന്ന്. അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറന്ന മഹത്തായ കുറെ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഇദ്ദേഹത്തിനുള്ള ഏറ്റവും വലിയ സ്മാരകം….
