INDIA Second Banner TOP NEWS

വിവാഹം ക്രൂരമായ ലൈംഗികതക്കുള്ള ലൈസൻസല്ല: കർണാടക ഹൈകോടതി

ബംഗളൂരു: ലൈംഗികതയുടെ ക്രൂര മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസൻസല്ല വിവാഹമെന്ന് കർണാടക ഹൈകോടതി. ഭാര്യയെ ലൈംഗിക അടിമയാക്കാൻ നിർബന്ധിച്ചതിന് ഭർത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തണമെന്ന സുപ്രധാന വിധി പ്രസ്താവനക്കിടെയായിരുന്നു കോടതിയുടെ പരമാർശം.
വിവാഹം ലൈംഗിക നിരാശകളെ കെട്ടഴിച്ചുവിടാനുള്ള ഉപാധിയല്ല. ഭർത്താവാണെങ്കിലും ഇത്തരം പ്രവണതകൾ ശിക്ഷ അർഹിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവ് ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഭാര്യയുടെ മാനസികാവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. മാനസികമായും ശാരീരികമായും ഇത് സ്ത്രീകളെ ബാധിക്കും. അതിനാൽ ഇത്തരം ദുരിതങ്ങൾ നേരിട്ടിട്ടും പ്രതികരിക്കാനാകാതെ നിശബ്ദരായിപ്പോയവരുടെ ശബ്ദം കേൾക്കാൻ കോടതി തയ്യാറാവണമെന്നും ഉത്തരവിൽ പറയുന്നു.
ഭർത്താക്കന്മാർ ഭാര്യമാരെ ഭരിക്കാനുള്ളവരാണെന്ന പഴയ ചിന്താഗതികളാണ് പുതിയ കാലഘട്ടത്തിലും ഇത്തരം ക്രൂരകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നത്. പരമ്ബരാഗതമായ ഇത്തരം ചിന്തകൾ അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇന്ത്യയിൽ വൈവാഹിക ബലാത്സംഗം കുറ്റകൃത്യമാണോ എന്നത് സംബന്ധിച്ചല്ല ചർച്ചയെന്നും, ഭാര്യയെ ബലാത്സംഗം ചെയ്ത ഭർത്താവിനെതിരെ കുറ്റം ചുമത്തുക എന്നത് മാത്രമാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും കോടതി അറിയിച്ചു.


വിവാഹജീവിതം ആരംഭിച്ചതുമുതൽ ഭർത്താവ് തന്നെ ലൈംഗിക അടിമയെ പോലെയാണ് കണക്കാക്കുന്നതെന്നും, മകൾക്ക് മുൻപിൽ വെച്ച് പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിർബന്ധിതയായിട്ടുണ്ടെന്നും സ്ത്രീ കോടതിയെ അറിയിച്ചു. ഭർത്താവായതുകൊണ്ട് മാത്രം ഭാര്യയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയെ കേസിൽ നിന്നും മോചിപ്പിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്ക് എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *