മാസ്ക് ധരിക്കുന്നത് തുടരണം, കേസ്സെടുക്കില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളിൽ നിന്ന് മാസ്ക് ധരിക്കുന്നത് ഒഴിവാക്കിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
മാസ്ക് ധരിക്കുന്നതും വ്യക്തി ശുചിത്വം പാലിക്കുന്നതും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, മാസ്ക് ധരിക്കാത്തതിന്റെ പേരിൽ കേസെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

പൊതുയിടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കേണ്ടെന്ന തരത്തിൽ ദേശീയമാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി ഉദ്ധരിച്ചായിരുന്നു വാർത്തകൾ. എന്നാൽ, ഈ വാർത്തകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.
കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ 2020ലാണ് മാസ്ക് ധരിക്കാനും കൂടിച്ചേരലുകൾ ഒഴിവാക്കാനും അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണം നടപ്പാക്കി കൊണ്ടുള്ള ഉത്തരവിൻറെ കാലാവധി മാർച്ച് 25ന് അവസാനിക്കും. തുടർന്ന് ഈ നിയന്ത്രങ്ങൾ ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിശദീകരണ. എന്നാൽ, ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് നിഷേധിച്ചു.
