ഇത്തരം പൊറാട്ട് നാടകങ്ങൾ അവസാനിപ്പിക്കാൻ സമയമായില്ലേ?

ദേശീയ പണിമുടക്ക് എന്ന പേരിൽ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി പോലും അറിയില്ല: പരിഹാസവുമായി ഷോൺ ജോർജ്ജ്
തിരുവനന്തപുരം: ഈ മാസം 28,29 തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കാണ്. വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക്. ഇതിന്റെ പേരിൽ പണപ്പിരിവും നടക്കുന്നുണ്ട്. ഇതിനെ ട്രോളി പിസി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജ് രംഗത്തെത്തി.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയിൽ ഞാനെന്റെ തൊഴിലാളി സുഹൃത്തുക്കളോട് എല്ലാം അന്വേഷിച്ചു എന്തിനാണ് ദേശീയപണിമുടക്ക്, എന്തൊക്കെ വിഷയങ്ങളുടെ പേരിലാണ് ഈ പണിമുടക്ക് . എന്നാൽ, അവർക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് മാത്രമല്ല യാതൊരു ധാരണയുമില്ല എന്നാണ്, ഷോൺ പറയുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
മാർച്ച് 28,29 ദേശീയ പണിമുടക്കാണ്. വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയിൽ ഞാൻ കണ്ടിട്ടുള്ള എന്റെ തൊഴിലാളി സുഹൃത്തുക്കളോട് എല്ലാം ഞാൻ അന്വേഷിച്ചു എന്തിനാണ് ദേശീയപണിമുടക്ക്, എന്തൊക്കെ വിഷയങ്ങളുടെ പേരിലാണ് ഈ പണിമുടക്ക്.. അവർക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് മാത്രമല്ല യാതൊരു ധാരണയുമില്ല.
അവരിൽ പലരും എന്നോട് പറഞ്ഞ ഉത്തരം ഇത് എല്ലാ വർഷവും ഉള്ളതാണെന്നാണ്. എല്ലാ വർഷവും നടത്താൻ ഇതെന്നാ ആണ്ടുനേർച്ചയാണോ…കൊറോണയും തൊഴിലില്ലായ്മയും നിമിത്തം നട്ടംതിരിഞ്ഞ് പെരുവഴിയിലായി നിൽക്കുന്ന തൊഴിലാളികളോട് നിങ്ങൾ രണ്ടു ദിവസം പണിയെടുക്കണ്ട എന്ന് പറയുക എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
കാരണം, നമ്മൾ സമരമുറകൾ സ്വീകരിക്കുന്നത് അധികാരി വർഗത്തിന് എതിരെയുള്ള നമ്മുടെ പ്രതിഷേധം ആയിട്ടും, നമ്മുടെ പ്രതിഷേധം അറിയിക്കുന്നതിനും വേണ്ടിയാണ്. ഈ മാർച്ച് 28,29-ലെ ദേശീയ പണിമുടക്ക് എന്ന പേരിൽ പാറശ്ശാല മുതൽ തലപ്പാടി വരെ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി ഈ അറിയും എന്ന് പോലും ഞാൻ വിശ്വസിക്കുന്നില്ല.
കാലാകാലങ്ങളിൽ ഇതൊരു ചടങ്ങ് മാത്രമായി മാറുമ്പോൾ രണ്ടു ദിവസം ഒരു സംസ്ഥാനത്തിന്റെ വളർച്ചയെ പിടിച്ചുനിർത്തുന്നു എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് ഒരു അർത്ഥവുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇത്തരം പൊറാട്ട് നാടകങ്ങൾ അവസാനിപ്പിക്കാൻ സമയമായി എന്ന് അഭിപ്രായമുള്ളവർക്കായി മാത്രമുള്ള പോസ്റ്റ്….
അഡ്വ ഷോൺ ജോർജ്
