ENTE KOOTTUKAARI FILM BIRIYANI Main Banner SPECIAL STORY

ഗാനവസന്തം (ഞാറ്റുവേലകൾ കൊണ്ട് മലയാള ഭാഷയുടെ കൂന്തൽ മിനുക്കിയ ഈ അനുഗ്രഹീത ഗായികക്ക് നേരാം പിറന്നാളാശംസകൾ)

സതീഷ് കുമാർ വിശാഖപട്ടണം

‘അശ്വമേധം ‘എന്ന ചിത്രത്തിലെ ‘തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി സർപ്പം പാട്ടിന് പാടാൻ പോയി…’എന്ന പ്രശസ്ത ഗാനം പ്രിയ സുഹൃത്തുക്കൾ കേട്ടിരിക്കുമല്ലോ. ഈ ഗാനത്തിന്റെ ഒരു പ്രത്യേകത, ചലച്ചിത്രഗാനങ്ങൾക്ക് പശ്ചാത്തലമായി വായിക്കപെടുന്ന സംഗീതോപകരണങ്ങൾ ഒന്നും തന്നെ ഈഗാനത്തിന് ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. പുള്ളുവൻവീണയുടെ നാദം പൊഴിയുന്ന ദിൽറുബ എന്ന ഒരു സംഗീത ഉപകരണവും ഇടയ്ക്കയും മാത്രമാണ് ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന് സംഗീതം പകർന്ന ദേവരാജൻമാസ്റ്ററെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് വിഷാദാത്മകമായ ഈ ഗാനം ആലപിച്ചത് ആന്ധ്രാക്കാരിയായ ഒരു പെൺകുട്ടിയായിരുന്നു.
ആന്ധ്രപ്രദേശിലെ മച്ചിലി പട്ടണം സ്വദേശിയായ ബൊദ്ദു പല്ലി വസന്ത എന്ന ഈ ഗായികയാണ് മലയാളികളുടെ ഇഷ്ട ഗായികമാരിൽ ഒരാളായ ബി. വസന്ത. അതെ, കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ എന്ന് പാടി മലയാളി പെണ്ണിന്റെ ശാലീന സൗന്ദര്യത്തെ വാനോളമുയർത്തിയ വസന്ത ഗായിക…….


ആന്ധ്രപ്രദേശിലെ തീരദേശ ഗ്രാമമായ മച്ചിലിപട്ടണത്തെ ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ബി വസന്തയുടെ ജനനം . പെണ്ടിയാല നാഗേശ്വരറാവുവിന്റെ സംഗീതത്തിൽ ‘വാഗ്ദാനം ‘ എന്ന തെലുങ്ക് ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് വസന്ത തന്റെ ചലച്ചിത്ര സംഗീത സപര്യ തുടങ്ങുന്നത്.
തമിഴ്, തെലുങ്കു സംഗീത സംവിധായകനായ കെ വി മഹാദേവന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന പുകഴേന്തിയാണ് വസന്തയെ ‘മുതലാളി ‘എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പരിചയപ്പെടുത്തുന്നത്.
ഇവരുടെ ശബ്ദമാധുര്യത്തിന്റെ ആകർഷണീയത മനസിലാക്കിയ ദേവരാജൻ മാസ്റ്റർ തന്നെയാണ് മലയാളത്തിലെ ഏറ്റവും മനോഹരമായ കുറെ ഗാനങ്ങൾ ഇവർക്ക് പാടാൻ അവസരം ഒരുക്കി കൊടുത്തത്.


‘മേലെ മാനത്തെ നീല പുലയിക്ക് മഴപെയ്താൽ ചോരുന്ന വീട് ….(കൂട്ടുകുടുംബം )
‘യവന സുന്ദരീ സ്വീകരിക്കുമീ പവിഴമല്ലിക പൂവുകൾ ….. (പേൾ വ്യൂ)
‘രാസലീലയ്ക്കു വൈകിയതെന്തു നീ രാജീവലോചനേ …… (ആഭിജാത്യം )
‘ചന്ദ്രനുദിക്കുന്ന ദിക്കിൽ ചന്ദനം പൂക്കുന്ന ദിക്കിൽ ……
(ഒതേനന്റെ മകൻ )
‘ ഭൂമിദേവി പുഷ്പിണിയായി കാമദേവനുത്സവമായി …..( തുലാഭാരം )
‘പുഷ്പഗന്ധി സ്വപ്‌ന ഗന്ധി ….. ( അഴകുള്ള സെലീന )
‘നദികളിൽ സുന്ദരി യമുനാ …… (അനാർക്കലി )
‘ ഇന്നത്തെ രാത്രി ശിവരാത്രി …… ( വിലക്കു വാങ്ങിയ വീണ ) ‘കാർത്തിക വിളക്കു കണ്ടു പോരുമ്പോൾ …. ( കായംകുളം കൊച്ചുണ്ണി ))
തുടങ്ങിയ വശ്യസുന്ദര ഗാനങ്ങളെല്ലാം വസന്തയെന്ന ഗായികയാണ് പാടിയതെന്ന് ഇന്നും പലർക്കുമറിയില്ല.


വസന്ത പാടിയ പല ഗാനങ്ങളും പി സുശീലയുടെ പേരിലാണ് പ്രചരിക്കപ്പെട്ടത് എന്ന കാര്യം വളരെ വേദനയോടെ ഈ ലേഖകനോട് ഒരിക്കൽ അവർ പങ്കു വെക്കുകയുണ്ടായി.
1944 മാർച്ച് 20 ന് ജനിച്ച ബി. വസന്ത എന്ന ഗായികയുടെ ജന്മദിനമാണിന്ന് . ഒട്ടനവധി മധുരഗാനങ്ങൾ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടും ഒരു പ്രത്യേക കാലഘട്ടത്തിൽ ഈ ഗായികയെ മലയാള സിനിമാ രംഗം അവഗണിക്കുകയാണുണ്ടായത്. ആ വേദന മനസിലുണ്ടെങ്കിലും ആരോടും പരിഭവങ്ങളില്ലാതെ ഭർത്താവും മക്കളും പേരക്കുട്ടികളുമൊക്കെയായി കുടുംബസമേതം ചെന്നൈയിൽ താമസിക്കുകയാണ് ബി. വസന്ത . ഞാറ്റുവേലകൾ കൊണ്ട് മലയാള ഭാഷയുടെ കൂന്തൽ മിനുക്കിയ ഈ അനുഗ്രഹീത ഗായികക്ക് പിറന്നാളാശംസകൾ നേരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *