കോമരങ്ങൾ ഉറഞ്ഞുതുള്ളും, അരയാലിൽ
ശൂലമേറ്റി ഭക്തർക്ക് ഇന്ന് ആത്മസായൂജ്യം

ശിവാകൈലാസ്
വിളപ്പിൽ: ചെണ്ടയിൽ ഉഗ്രതാളം മുഴങ്ങുമ്പോൾ കോമരങ്ങൾ ഉറഞ്ഞുതുള്ളും. ഓട്ടുരുളിയിൽ തിളച്ചുമറിയുന്ന മഞ്ഞനീര് ദേഹത്തു തൂകിയാണ് അരയാൽ ചുവട്ടിൽ കോമരങ്ങളുടെ പ്രദക്ഷിണം. വായ്ക്കുരവ മുഴക്കി വിശ്വാസികൾ ഭക്തിയുടെ പാരമ്യതയിൽ എത്തുമ്പോൾ ഗുരു കൽപ്പിക്കും. അതോടെ കഠിനവൃതം നോറ്റെത്തിയ ഭക്തർ കൈയിൽ കരുതിയ ത്രിശൂലം അരയാലിൽ കുത്തിയിറക്കും. പിന്നെ ഉദ്ധിഷ്ട കാര്യം സാധ്യമാകാൻ നിമിഷങ്ങളുടെ, ഏറിയാൽ ദിവസങ്ങളുടെ കാത്തിരിപ്പ്. അതാണ് സങ്കൽപ്പം.
നെയ്യാറ്റിൻകരയ്ക്കടുത്ത് വ്‌ലാങ്ങാമുറി ഗുരുമന്ദിരം ദുർഗ്ഗാദേവി ക്ഷേത്രത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12ന് അരയാലിൽ ശൂലം തറയ്ക്കുന്ന അപൂർവ ആചാരം നടക്കുന്നത്. ശ്രീകോവിലിന് അരികിലായി രൗദ്ര ഭാവത്തിൽ കരിംകാളിയുടെ പ്രതിഷ്ഠ. ഇവിടെയാണ് വിശ്വാസങ്ങൾ തളിർക്കുന്ന അരയാലുള്ളത്. ആചാര്യൻ ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിയാണ് കാർമ്മികൻ. ആഗ്രഹ സാഫല്യത്തിന് അരയാൽ ചുവട്ടിലെത്തുന്ന വിശ്വാസി അരയാലിൽ ഗുരു ചൂണ്ടിക്കാണിക്കുന്ന ഭാഗത്ത് ശൂലം തറയ്ക്കും. നാനാമതസ്ഥരാണ് ശൂലവുമേന്തി ഗുരുവിന്റെ കൽപ്പനയ്ക്കായി ഇവിടെ കാത്തുനിൽക്കുന്നത്.

ആഗ്രഹങ്ങൾ സാധിച്ചവർ മറ്റുള്ളവരോട് സാക്ഷ്യം പറയുന്നു. ഓരോ വർഷവും മീനമാസത്തിലെ അത്തം നാളിൽ ശൂലം തറയ്ക്കാൻ അത്ഭുതപൂർവമായ തിരക്കാണ് ഈ കാളീ സന്നിധിയിൽ.ശത്രുക്കളെ ഉന്മൂലനം ചെയ്യണമെന്ന ആവശ്യവുമായി എത്തുന്നവർക്ക് ശൂലം തറയ്ക്കാൻ അനുവാദം ലഭിക്കില്ല. ആഭിചാര കർമ്മം ഉപാസനാമൂർത്തി പൊറുക്കില്ലെന്ന് ഗുരുദേവൻ ഇതിന് കാരണമായി പറയുന്നു. കാളീപൂജ നടത്തി ചൈതന്യം അരയാലിലേക്ക് ആവാഹിച്ചാണ് കർമ്മങ്ങൾ. ഉദ്ധിഷ്ട കാര്യം സാധിക്കുന്ന മുറയ്ക്ക് ശൂലം തറയ്ക്കുന്നയാൾ അരയാൽ ചുവട്ടിലെത്തി ശൂലം തിരിച്ചെടുക്കണം.
ശൂലം കുത്തുന്നയാൾ തൊട്ടടുത്ത വർഷം കർമ്മം നടക്കുന്നതിന് മുൻപ് ശൂലം തിരിച്ചെടുക്കാൻ എത്തുമെന്നത് ചരിത്രം. അവിശ്വാസികൾ പോലും ഗുരുമന്ദിരത്തിലെ അരയാൽ ചുവട്ടിൽ ഗുരു കൽപ്പനയ്ക്ക് കാതോർത്ത് നിൽക്കുന്നതിന് കാരണം മറ്റൊന്നല്ല.