മേളപ്പെരുമ തീർത്ത് വിദ്യാർത്ഥികളുടെ അരങ്ങേറ്റം

പിറവം: വെളിയനാട് നീർന്നാമന ഭദ്രകാളി-ദുർഗ്ഗാ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് കുരുന്നുകൾ നടത്തിയ ചെണ്ടമേളം അരങ്ങേറ്റം നവ്യാനുഭവമായി. പഞ്ചാരിമേളം രണ്ടാംകാലം ആരംഭംകുറിച്ചു ക്രമേണ 1-2-3-4-5 കാലങ്ങൾ കൊട്ടിക്കയറിയ മേളം ചെണ്ടമേളത്തിൽ ശാസ്ത്രീയ വഴികളിലൂടെ നീങ്ങിയും ഗംഭീരമായി. കാലം കയറിയും രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന് അരങ്ങേറ്റ മേളങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായി.
അദ്വൈത് രാജേഷ്, അഭിഷേക് പി.ഗിരി, ഭരത് മനോജ്, ദേവദത്തൻ എ.ജെ, നവനീത് വിനോദ് എന്നീ വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്. മേളപ്രമാണം ചെണ്ടയിൽ ഗുരുനാഥൻ കൂത്താട്ടുകുളം ഗിരീഷിനോടൊപ്പം മേളരംഗത്തെ പരിചയക്കാരെപ്പോലെ കൊട്ടിക്കയറിയ ശിഷ്യർക്ക് പിന്തുണയുമായി വലന്തല പ്രസിദ്ധനായ ആർ.എൽ.വി മഹേഷ് കുമാർ മാരാർ, ഇലത്താളം ദിലീപ് തൃപ്പൂണിത്തുറ, കുറുങ്കുഴലിൽ തുറവൂർ ആഷ്ലി, കൊമ്പിൽ മാറാടി സുരേഷ്, എന്നിവർ പ്രമാണം വഹിച്ചു.
മേളവാദന കലാരംഗത്തെ പ്രഗത്ഭരായ ഇരുപത്തിയഞ്ചോളം കലാകാരൻമാർ മേളത്തിന് സാക്ഷ്യം വഹിച്ചു.