CINEMA FILM BIRIYANI

നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ…ശാലിനിയുടെ ഓർമ്മകൾക്ക് 44 വർഷം…

സതീഷ് കുമാർ വിശാഖപട്ടണം

പക്വതയില്ലാത്ത ചില തീരുമാനങ്ങളുടെ തിക്താനുഭവങ്ങളും പേറി വെറും പതിനേഴാം വയസ്സിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ശോഭ എന്ന ഹതഭാഗ്യയായ നടിയുടെ കഥ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ബാലനടിയായി രംഗത്തെത്തി പതിനാറാമത്തെ വയസ്സിൽ ‘പശി ‘ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയ ഈ അഭിനേത്രി അഭിനയലോകത്ത് ഒരു മഹാ വിസ്മയമായിട്ടാണ് ജ്വലിച്ചുയർന്നത്.

ബാല്യത്തിന്റെ കുതൂഹലങ്ങൾ വിട്ടുമാറാത്ത കുസൃതിനിറഞ്ഞ ആ മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങൾ പ്രേക്ഷകരെ ശരിക്കും അത്ഭുതപ്പെടുത്തി. മലയാളത്തിൽ ശോഭ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻ സംവിധാനം ചെയ്ത ‘ശാലിനി എന്റെ കൂട്ടുകാരി ‘ എന്ന ചിത്രമാണ് മലയാളികളുടെ മനസ്സിൽ ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നത്. പി പത്മരാജന്റെ ‘ പാർവതിക്കുട്ടി ‘എന്ന ചെറുകഥയായിരുന്നു ‘ശാലിനി എന്റെ കൂട്ടുകാരി ‘എന്ന ചലച്ചിത്രമായി മാറിയത്: സുകുമാരൻ, ജലജ, കെ പി ഉമ്മർ, രവിമേനോൻ, വേണു നാഗവള്ളി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.


മോഹൻ എന്ന സംവിധായകനെ മലയാളത്തിലെ മുൻനിര സംവിധായകരുടെ ഇടയിലേക്ക് ഉയർത്തിയ ചിത്രംകൂടിയായിരുന്നു ശാലിനി എന്റെ കൂട്ടുകാരി .
എം ഡി രാജേന്ദ്രൻ എഴുതിയ ഗാനങ്ങൾക്ക് ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജൻ മാസ്റ്റർ സംഗീതം നിർവഹിച്ചു .
‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസി കതിരില ചൂടി……. എന്ന ചേതോഹരഗാനത്തിലൂടെ മലയാളി പെണ്ണിന്റെ ശാലീന സൗന്ദര്യ സങ്കല്പങ്ങൾക്ക് ഒരു പുതിയ ലാസ്യ ലാവണ്യ ഭാവം പകർന്നുനൽകാൻ എം ഡി രാജേന്ദ്രന് കഴിഞ്ഞു ….


ഒട്ടേറെ ചെറുപ്പക്കാരുടെ പ്രണയ സ്വപ്നങ്ങളുടെ ഹൃദയദർപ്പണമായി മാറിയ ഈ ഗാനത്തിലൂടെ കേരള സ്ത്രീയുടെ മുടിയഴകിനു പോലും മനസ്സിൽ രതിനടനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെടുകയുണ്ടായി ….
മാധുരി പാടിയ
‘ ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ പ്രണയ പ്രവാഹമായ് വന്നു ……
എന്ന ഗാനവും പ്രണയോപനിഷത്തിലെ കൈയ്യക്ഷരങ്ങൾ പോലെ യുവ മനസ്സുകൾ ആവേശപൂർവ്വം ഏറ്റുവാങ്ങി.
‘വിരഹം വിരഹം വിഷാദാർദ്ര ബിന്ദുക്കളാൽ …. (യേശുദാസ്)
”കണ്ണുകൾ കണ്ണുകളിടഞ്ഞു ….. (ജയചന്ദ്രൻ വാണി ജയറാം) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .


1978 മാർച്ച് മൂന്നാം വാരം പ്രദർശനത്തിനെത്തിയ ‘ശാലിനി എൻറെ കൂട്ടുകാരി ‘ എന്ന ചിത്രം 44വർഷങ്ങൾ പൂർത്തിയാക്കുകയാണ്. മനസ്സിൽ ഒത്തിരി നൊമ്പരത്തിപ്പൂക്കൾ വിടർത്തിയ ഈ ചിത്രം ശോഭ എന്ന നടിയുടെ വേദനിപ്പിക്കുന്ന ഓർമ്മകൾ കൂടിയാണ് …..
( പാട്ടോർമ്മകളിലൂടെ ….
സതീഷ് കുമാർ വിശാഖപട്ടണം )

Related Posts

Leave a Reply

Your email address will not be published. Required fields are marked *