KERALA THIRUVANANTHAPURAM

ആദ്യ ദാർശനിക കാവ്യം പിറന്ന മണ്ണിൽ
മലയിൻകീഴ് മാധവകവിക്ക് സ്മാരകം

മലയിൻകീഴ്: മലയാളത്തിലെ ആദ്യ ദാർശനിക കാവ്യം പിറന്ന മണ്ണിൽ മാധവകവി സംസ്‌കൃതി കേന്ദ്രം സാക്ഷാത്കരിക്കപ്പെടുന്നു. ഭാഷാഭഗവത് ഗീതയുടെ രചയിതാവ് മാധവിക്കാണ് മൂന്ന് നിലകളിലായി മാധവകവി സംസ്‌കൃതി കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരം മാധവന്റെ ജന്മനാടായ മലയിൻകീഴിൽ പൂർത്തീകരിച്ചത്. മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു അഭിമുഖമായി നിർമ്മാണം പൂർത്തിയായ മാധവകവി സംസ്‌കൃതി കേന്ദ്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 18 ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 ന് ഉദ്ഘാടനം നിർവഹിക്കും.


സംസ്‌കൃതഭാഷാ പഠനം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന പതിനാലാം നൂറ്റാണ്ടിലാണ് ഭഗവദ്ഗീത ജ്ഞാനപ്പനുവൽ (അറിവിന്റെശാസ്ത്രം) മലയാളത്തിൽ മൊഴിമാറ്റം ചയ്യപ്പെടുന്നത്. എഴുന്നൂറ് ശ്ലോകങ്ങളുള്ള ഭഗവദ്ഗീതയെ എട്ടുവരികൾ വീതമുള്ള 328 പാട്ടുകളിലായാണ് മാധവൻ ആശയച്ചോർച്ചകൂടാതെ പരിഭാഷപ്പെടുത്തിയത്. ചിലയിടങ്ങളിൽ മൂലകൃതിയിൽ നിന്നും വ്യത്യസ്തവും സ്വതന്ത്രവുമായ തത്വവിചാരത്തിനും കവി മുതിർന്നിട്ടുണ്ട്. മലയിൻകീഴ് ഗ്രാമത്തെ സാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയ മഹാപ്രതിഭയ്ക്ക് സ്മാരകമെന്ന ആവശ്യവുമായി തദ്ദേശവാസികൾ രണ്ട് പതിറ്റാണ്ടായി രംഗത്തുണ്ടായിരുന്നു.
.2013 ജനുവരി 25 ന് മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രം സംഘടന ഒ.എൻ വി കുറുപ്പ് ഉദ്ഘാടനം ചെയ്തു. 2014 നവംബർ 20 ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തിന് തറക്കല്ലിട്ടു. പല ഘട്ടങ്ങളിലായി സംസ്ഥാന സർക്കാർ അനുവദിച്ച തുക ഉപയോഗിച്ചാണ് മന്ദിര നിർമ്മാണം പൂർത്തീകരിച്ചത്. കൊവിഡ് കാലത്ത് മാറ്റിവയ്ക്കപ്പെട്ട ഉദ്ഘാടന കർമ്മമാണ് മാർച്ച് 18 ന് നടക്കുന്നത്.
സംസ്‌കൃതി കേന്ദ്രത്തിൽ ഡിജിറ്റൽ സംവിധാനത്തിലുള്ള ഗ്രന്ഥശാലയുണ്ട്. ശാസ്ത്ര, ആത്മീയ വിഷയങ്ങളിലുള്ള റഫറൻസ് ഗ്രന്ഥങ്ങൾ ഇവിടെ സജ്ജീകരിക്കും. സെമിനാറുകളും ചർച്ചകളും പഠനക്ലാസുകളും സംഘടിപ്പിക്കാനുള്ള ഗീതാമണ്ഡപം, യോഗ, നൃത്തം, സംഗീതം എന്നിവയുടെ പരിശീലന കേന്ദ്രം തുടങ്ങി നിരവധിയുണ്ടാവും മൂന്ന് നിലകളുള്ള ഈ മന്ദിരത്തിൽ.
എസ്. കൃഷ്ണൻ കുട്ടി നായർ (രക്ഷാധികാരി), പ്രൊഫ. (ഡോ.) ആർ.രവികുമാർ , ഡോ.വി. മോഹനൻ നായർ (ഉപദേശകർ), മലയിൻകീഴ് വേണുഗോപാൽ (ചെയർമാൻ), പി. അനിൽകുമാർ (ജനറൽസെക്രട്ടറി), വി.ദിലീപ്കുമാർ (ട്രഷറർ) എന്നിവരടങ്ങിയ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോ. ജയകുമാർ ഐഎഎസ് (റിട്ട.), ഡോ.കെ.നന്ദകുമാർ ഐഎഎസ് (റിട്ട.), പ്രൊഫ. ചെങ്കൽ സുധാകരൻ എന്നിവർ വിദ്യാഭ്യാസ സമിതിയിലും പ്രവർത്തിക്കുന്നു.
നിരാലംബരായ കിടപ്പുരോഗികൾക്ക് രണ്ട് നേരത്തെ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ‘അന്നദം’,
ആർഭാട രഹിത വിവാഹം പ്രോത്സാഹിപ്പിക്കുവാനുള്ള ‘മംഗല്യമാതൃകം’, നിർദ്ധനരായ കിടപ്പുരോഗികൾക്ക് ചികിത്സ നൽകുന്ന ‘സമർപ്പണം’, വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനുള്ള ‘ഗുരുമുഖം’ തുടങ്ങി ഒരുപിടി നന്മയുള്ള പദ്ധതികൾ മാധവകവി സംസ്‌കൃതി കേന്ദ്രത്തിൽ നടന്നു വരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *