INDIA TOP NEWS

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വേണ്ട;
ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി

ബംഗളൂരൂ: ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹിജാബ് നിരോധനത്തിനെതിരായ ഹർജി തള്ളി.


ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.
നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും കോടതി വിലയിരുത്തി. ഹിജാബ് നിരോധനം മതാചാരത്തിന്റെ ഭാഗമാണെന്നോ ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നോ കോടതിയ്ക്ക് ഇപ്പോൾ വിലയിരുത്താൻ കഴിയുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് കർണാടകയിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. കേസിൽ വിവിധ സംഘടനകളും കക്ഷി ചേർന്നിരുന്നു. ഉഡുപ്പി പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.


വർഷങ്ങളായി ഹിജാബും ബുർഖയും മാറ്റിയ ശേഷമാണ് വിദ്യാർത്ഥിനികളെ ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നതെന്ന് കോളേജ് അധികൃതർ നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സർക്കാർ കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാൾ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാർത്ഥികളും എത്തിയതോടെ വിവാദം കനത്തു.


ഉഡുപ്പി പിയു കോളജിൽ നിന്ന് പുറത്താക്കിയ ആറു വിദ്യാർത്ഥിനികളാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചിൽ നൽകിയിരുന്ന ഹർജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹിജാബ് നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നാണ് വിദ്യാർത്ഥികളുടെ വാദം.
കേസിൽ വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകടനങ്ങൾക്കും ആളുകൾ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *