ദേവരാഗങ്ങളുടെ രാജശില്പി ( ദേവരാജൻ മാസ്റ്ററുടെ സ്മൃതിദിനമാണിന്ന് )

സതീഷ് കുമാർ വിശാഖപട്ടണം
1972-ൽ ഇറങ്ങിയ ‘അച്ഛനും ബാപ്പയും ‘ എന്ന ചിത്രത്തിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ ….’ എന്ന തത്വചിന്താപരമായ ഗാനം വയലാറിനും യേശുദാസിനും മികച്ച ഗാനരചയിതാവിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുക്കുകയുണ്ടായി…
തൊട്ടടുത്ത വർഷവും യേശുദാസിനു തന്നെയായിരുന്നു മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. ഗായത്രി എന്ന സിനിമയില ‘പത്മതീർത്ഥമേ ഉണരൂ ….’ എന്ന ഗാനാലാപനത്തിനായിരുന്നു അത്തവണത്തെ ബഹുമതി….. എന്നാൽ ഈ ഗാനങ്ങളെയൊക്കെ ചിട്ടപെടുത്തി ദേശീയ പുരസ്‌ക്കാര സമിതികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകനെ മാത്രം ജൂറികൾ കണ്ടില്ല……
എന്തൊരു വിരോധാഭാസമാണെന്ന് നോക്കൂ ….
ഗാനരചയിതാവിനും ഗായകനും അംഗീകാരം …
സംഗീത സംവിധായകൻ വെറും നോക്കുകുത്തി ….
ക്രൂരമായ ഈ അവഗന ഏറ്റുവാങ്ങിയത് ദേവരാഗങ്ങളുടെ രാജശില്പിയായ സാക്ഷാൽ പറവൂർ ദേവരാജൻ മാസ്റ്ററാണ്.

ദേശീയ പുരസ്‌ക്കാരമൊന്നും ലഭിച്ചില്ലെങ്കിലും കേരളം നെഞ്ചിലേറ്റിയ ദേവഗീതങ്ങളുടെ സാർവ്വഭൗമനായ ദേവരാജൻ അനശ്വരമാക്കിയ ആയിരക്കണക്കിന് ഗാനങ്ങൾ തന്നെയാണ് ഇന്നും മലയാള ചലച്ചിത്ര സംഗീത ശാഖയുടെ ഉദ്യാന കാന്തി…….
ചരിത്രം തിരുത്തിയെഴുതിയ കെ.പി.എ.സി.യുടെ നാടക ഗാനങ്ങളിലൂടെയാണ് ദേവരാജൻ ഗായകനായും സംഗീത സംവിധായകനായും ശ്രദ്ധിക്കപെടുന്നത്. പിന്നീട് ‘ കാലം മാറുന്നു ‘ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ‘ചതുരംഗം’ എന്ന സിനിമയിൽ വയലാർ-ദേവരാജൻ കൂട്ടുകെട്ട് പിറവിയെടുക്കുന്നു. ഉദയായുടെ ‘ഭാര്യ ‘ എന്ന ചിത്രത്തോടെ വയലാർ-ദേവരാജൻ എന്ന ഒരു യുഗം തന്നെ ആരംഭിക്കുകയായിരുന്നു. ഗാനത്തിന്റെ ആത്മാവറിഞ്ഞു സംഗീതം പകരാനുള്ള അപൂർവ്വ സിദ്ധിയാണ് ദേവരാജന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.
ഒരോ വാക്കുകൾക്കും ഒരോ ഭാവമുണ്ടെന്ന് മലയാളികൾക്ക് മനസ്സിലായത് ദേവരാജന്റെ ഗാനങ്ങളിലൂടെയാണ്.

‘ കാറ്റടിച്ചു കൊടും കാറ്റടിച്ചൂ … ‘ എന്ന വരികളിൽ ഒരു കൊടുങ്കാറ്റിന്റെ രൗദ്രഭാവം നമുക്കനുഭവപെടുന്നില്ലേ … ‘ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവ പുഴ പിന്നെയുമൊഴുകി … ‘ എന്ന ഗാനം കേൾക്കുമ്പോൾ മന്ദമായി ഒഴുകുന്ന പുഴയുടെ ഓളങ്ങൾ നമ്മുടെ മനസ്സിൽ സൃഷ്ടിക്കാൻ ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിനു കഴിയുന്നു.

ഒരു ദിവസം മുഴുവൻ ഇരുന്നെഴുതിയാലും തീരാത്ത വിശേഷങ്ങളുണ്ട് ഈ സംഗീത മാന്ത്രികന്റെ ഗാനങ്ങൾക്ക്. ഒരു കൊച്ചു മൂളലിനു പോലും അദ്ദേഹം പകർന്നു തന്ന രസാനുഭൂതി വിവരാണാതീതമാണ്. നഖങ്ങളിലെ ‘കൃഷ്ണ പക്ഷക്കിളി ചിലച്ചൂ ….’എന്ന ഗാനം ഒരു ചെറിയ ഉദാഹരണം മാത്രം … ‘ ഒരു പൂവമ്പു കൊള്ളുമ്പോൾ പേടിക്കുമോ .. പെണ്ണ് പേടിക്കുമോ ….’ എന്ന നായകന്റെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരത്തിനു പകരം ‘ ഉംഹും ‘ എന്ന ശൃംഗാര ഭാവം കലർന്ന നായികയുടെ മൂളലിന്റെ ചാരുത പലരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ ……..?
‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം….'(കൊട്ടാരം വില്ക്കാനുണ്ട്)
‘ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പ ഗോപുരം തുറന്നു…. (ചെമ്പരത്തി )
‘സ്വർഗ്ഗപുത്രി നവരാത്രി ….’ (നിഴലാട്ടം)
‘കറുത്ത ചക്രവാളമതിലുകൾ ചൂഴും ….’ (അശ്വമേധം)
‘വെൺചന്ദ്രലേഖയൊരപ്‌സര സ്ത്രീ ….'( ചുക്ക് )
‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ( രാജഹംസം)
‘സ്വർണ ചാമരം വീശിയെത്തുന്ന ….'(യക്ഷി)
കള്ളിപ്പാലകൾ പൂത്തു ….’ (പഞ്ചവൻ കാട്)
‘പൊൻ തിങ്കൾ കല പൊട്ടുതൊട്ട ….’ (കുമാര സംഭവം) ‘വെണ്ണ തോൽക്കു മുടലോടെ…..(ഒരു സുന്ദരിയുടെ കഥ )
ഇങ്ങനെ നൂറു കണക്കിന് ഗാനങ്ങളിലൂടെ ദേവരാജൻ മാസ്റ്റർ സംഗീത പ്രേമികളുടെ മനസ്സിൽ ഒരു രാജശില്പിയായി ഇന്നും ജീവിക്കുന്നു.

2006 മാർച്ച് 15-ന് അന്തരിച്ച ദേവരാജൻ മാസ്റ്ററുടെ ഓർമ്മ ദിനമാണിന്ന്. അദ്ദേഹത്തിന്റെ മധുര സ്മരണകൾ ചൊരിയുന്ന ഗാനങ്ങൾ മനസ്സിലേക്ക് ഓടിയെത്തുമ്പോൾ അത് മലയാള ഭാഷയുടെ പുണ്യമായി തന്നെ അനുഭവപെടുകയാണ്…