വാർഡ് കൗൺസിലറെ വീട് കയറി ആക്രമിച്ച
സംഘത്തിലൊരാളെ പിടികൂടി

ഉദയംപേരൂർ: വാർഡ് കൗൺസിലറെ വീട് കയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂർ പോലീസ് പിടികൂടി. ഉദയംപേരൂർ ഒട്ടോളി കോളനി ഒട്ടോളി വീട്ടിൽ കുഞ്ഞൻബാവ മകൻ കുട്ടാപ്പു എന്ന് വിളിക്കുന്ന സനൽ കുമാറിനെ യാണ് ( 33 ) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ വലിയ കാടിൽ ഒളിവിൽ കഴിയവെ കഴിഞ്ഞ ദിവസം രാത്രി ചെമ്മീൻ കെട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
19-ാം വാർഡ് മെമ്പറും മാധ്യമപ്രവർത്തകനുമായ എം.കെ. അനിൽ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട് കയറി ആക്രമിച്ചത്. കാറിൽ വന്ന സംഘം ഗേറ്റ് ചവുട്ടി തുറന്ന് അകത്ത് കയറുകയും അനിൽകുമാറിനെ ഷർട്ടിൽ പിടിച്ച് വലിച്ച് തള്ളിയിട്ട ശേഷം വകവരുത്തമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഇവർ സമീപത്തെ ഹാർഡ്വെയർ സ്റ്റോറിൽ പോയി കത്തി ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ കടയുടമ കത്തി നൽകാതെ ഇവരെ പറഞ്ഞു വിടുകയായ ഉണ്ടായത്.
എം.എൽ.എ റോഡ്, ഓട്ടോളി ലക്ഷം വീട് കോളനി പരിസരം, എന്നിവിടങ്ങളിൽ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നതിനാൽ ഇവിടങ്ങളിൽ നിരന്തരം പോലീസ് റെയ്ഡ് നടക്കുന്നത് കൗൺസിലറുടെ പരാതിയിൽ ആണെന്ന സംശയത്തിലായിരുന്നു ഇവരുടെ ആക്രമണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ ആക്രമണത്തിനെത്തിയ കാർ രണ്ട് ദിവസം മുൻപ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ ബാബുവിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ദിനേശൻ, സി.പി.ഒമാരായ ഗുജ്‌റാൾ, ദീപേഷ്, വിനീത്, ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.