DANCE & MUSIC ENTE KOOTTUKAARI KERALA SPECIAL STORY WOMEN

ഊരുവിലക്കിന്റെ നാട്ടിൽ അംഗീകാരത്തിന്റെ വിജയക്കൊടി പാറിച്ച് മൻസിയ

മലപ്പുറം: അന്ന് നൃത്തം പഠിച്ചതിനും നൃത്തമാടിയതിനും കലാപ്രതിഭയായതിനും യാഥാസ്ഥിതിക മതമേലാളന്മാർ ഊരുവിലക്ക് കൽപ്പിച്ചതാണ്…ഇന്ന് അതേ പെൺകുട്ടിക്ക് പുതിയ കലാപ്രതിഭകളെ കണ്ടെത്താനും കൈപിടിച്ചുയർത്താനുമുള്ള നിയോഗം…


മത വിലക്കുകൾക്ക് മേൽ ചിലങ്കകെട്ടിയാടിയ വി.പി. മൻസിയ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ കോ- ഓർഡിനേറ്ററായി ചുമതലയേറ്റു.
കേരള നിയമസഭയുടെ സഭാ ടി.വിയിലെ റിസേർച്ച് അസിസ്റ്റന്റ് ജോലി ഉപേക്ഷിച്ചാണ് മൻസിയ പുതിയ സ്ഥാനമേറ്റെടുത്തത്. സർക്കാർ പദ്ധതിക്കൊപ്പം ചേർന്ന് കലാപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലയായി മൻസിയ ഇറങ്ങുമ്പോൾ പണ്ട് ഊരുവിലക്കിന് മുന്നിട്ടിറങ്ങിയവരൊക്കെ അപമാനത്തിന്റെ പാതാളങ്ങളിൽ ആണ്ടുപോയിരിക്കണം.


മലപ്പുറം വള്ളുവമ്പ്രത്തെ അലവിക്കുട്ടിയുടെയും ആമിനയുടെയും രണ്ട് മക്കളിൽ ഇളയവളാണ് മൻസിയ. ചേച്ചി റൂബിയയും കുട്ടിക്കാലത്തേ നൃത്തം പഠിച്ചിരുന്നു. കലോത്സവങ്ങളിൽ ഇരുവരും സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോഴാണ് മതത്തിന്റെ വിലക്കുകളെത്തിയത്. പള്ളി ക്കമ്മിറ്റിക്കാരുടെ കല്പന തള്ളിയ വാപ്പയും ഉമ്മയും മക്കളുടെ നൃത്തത്തിനൊപ്പം ഹൃദയം ചേർത്തുവച്ചു. ഊരുവിലക്കുണ്ടായപ്പോഴും തളർന്നില്ല. കാൻസർ ബാധിതയായ ഉമ്മ മരിക്കുമ്പോൾ മൻസിയ ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്. ഉമ്മയുടെ കബറടക്കാൻ മണ്ണ് അനുവദിക്കാതെ പള്ളി കമ്മിറ്റി വിലക്കിയയത് കനലായി ഇപ്പോഴും മൻസിയയുടെ മനസിലുണ്ട്. മഞ്ചേരി എൻ.എസ്.എസ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മൻസിയയായിരുന്നു യൂണിവേഴ്‌സിറ്റി കലാതിലകം. എം.എ ഭരതനാട്യത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്ക് നേടിയാണ് മൻസിയ തന്നേയും കുടുംബത്തേയും ഊരുവിലക്കിയവരോട് പകരംവീട്ടിയത്…


തിരിച്ചെത്തി സ്വന്തം നാടായ വള്ളുവമ്പ്രത്ത് തന്നെ ആഗ്‌നേയ എന്ന പേരിലൊരു നൃത്തവിദ്യാലയവും തുടങ്ങി. നൂറോളം കുട്ടികളാണ് ഇവിടെ നൃത്തം പഠിക്കുന്നത്. എം.ഫില്ലും ഡോക്ടറേറ്റുമെടുത്ത് നൃത്തലോകത്ത് കൂടുതൽ സജീവമായതിനൊപ്പം വിവാഹിതയുമായി.

മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തുകൊണ്ടായിരുന്നു ആ വിവാഹവും. തൃശൂർ സ്വദേശിയായ സംഗീത കലാകാരൻ ശ്യാം കല്യാണിന്റെ കരംപിടിച്ച് പുതുജീവിതത്തിലേക്ക് കടന്നപ്പോഴാണ് സാംസ്‌കാരിക വകുപ്പ് മൻസിയയെ പുതിയ ചുമതലയേൽപ്പിച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *