അഞ്ചുപേരുടെ മരണത്തിനിടയാക്കിയത് ആ തീപ്പൊരിയോ?

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീ പിടിത്തമുണ്ടായ ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. തീപിടിത്തത്തിൽ കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.
സ്വിച്ച് ബോർഡിൽ നിന്ന് ഉണ്ടായ തീപ്പൊരി കാർ പോർച്ചിലെ ബൈക്കിലേക്ക് വീഴുകയായിരുന്നു. ഇതേ തുടർന്ന് ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെയാണ് തീ വീട്ടിനുള്ളിലേക്ക് പടർന്നത്. ഇത് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തൻചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആർപിഎൻ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂർ അയന്തി പന്തുവിള രാഹുൽ നിവാസിൽ പ്രതാപൻ (ബേബി-62), ഭാര്യ ഷേർളി (53), മകൻ അഹിൽ (29), മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകൻ റയാൻ (8 മാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റും പുകയിൽ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം. നിഹുൽ(32) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഹുലിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
കുഞ്ഞുൾപ്പെടെ അഞ്ചുപേരുടെ മരണം കാരണം കടുത്ത ചൂടും പുകയും ശ്വസിച്ചതാണെന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എല്ലാ മുറിയിലും എസി പ്രവർത്തിച്ചിരുന്നതുകൊണ്ട് ജനലും വാതിലും അടച്ച നിലയിലായിരുന്നു. അതുകൊണ്ടാവാം നിലവിളി ശബ്ദങ്ങൾ ഒന്നും ആരും കേൾക്കാതിരുന്നത്. പുലർച്ചെ വെളിയിൽ ഇറങ്ങിയ അയൽവാസിയാണ് സംഭവം ആദ്യം കാണുന്നത്. രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നു പിടിച്ചിരുന്നു. കാർ പോർച്ചിലുണ്ടായിരുന്ന നാല് ബൈക്കുകൾ കത്തിയിട്ടുണ്ട്.
തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് തീയണച്ചത്. തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഖിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ പറയുന്നുണ്ട്. നിലവിളിച്ച് ബഹളം ഉണ്ടാക്കിയിട്ടും വീട്ടിലുള്ള മറ്റുള്ളവർ പുറത്തിറങ്ങിയില്ല.വീടിന്റെ ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതിനാൽ നാട്ടുകാർക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. മാത്രവുമല്ല വളർത്തു നായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയായി.
ഫയർഫോഴ്‌സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പൊളളലേറ്റ നിഖിലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ. പ്രതാപന് മൂന്ന് ആൺ മക്കളാണ് ഉള്ളത്. ഇതിൽ ഒരു മകൻ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. എല്ലാ മുറികളിലും എസിയും പ്രവർത്തിക്കുന്നുണ്ടായിരുന്നു.