KERALA Second Banner TOP NEWS

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. തുടരന്വേഷണം നിയമപരമല്ലെന്നായിരുന്നു ദിലീപിന്റെ വാദം. നടി ഹരജിയെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന ഉറപ്പുണ്ടെങ്കിൽ തുടരന്വേഷണം എതിർക്കേണ്ട കാര്യമെന്താണ് എന്നായിരുന്നു നടി ചോദിച്ചത്. അന്വേഷണം നടക്കണമെന്നും സത്യം പുറത്ത് വരണമെന്നും നടി നേരിട്ട് കോടതിയെ ബോധിപ്പിച്ചിരുന്നു.

ദിലീപിന്റെ ഹരജി തള്ളിയതോടെ തുടരന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്. ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെ കുറിച്ച് നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ ഡിസംബറിൽ വെളിപ്പെടുത്തി. ഇക്കാര്യം വിചാരക്കോടതിയിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് അന്വേഷണ സംഘം കേസിൽ തുടരന്വേഷണം ആരംഭിച്ചത്.

തുടരന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാണ് കേസിൽ വിധി പറയാൻ സാധിക്കുക. അന്വേഷണം പൂർത്തിയാക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ക്രൈംബ്രാഞ്ച് മൂന്ന് മാസത്തെ സമയം തേടിയിരുന്നു. എന്നാൽ കോടതി ഇപ്പോൾ അന്വേഷണം ഏപ്രിൽ 15 നകം പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. വിചാരണകോടതി ആറുമാസത്തെ സമയം കൂടി ചോദിച്ചിട്ടുണ്ട്. സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 16 നായിരുന്നു വിചാരണ തീർക്കേണ്ടിയിരുന്നത്. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് വാദം കേട്ട ശേഷമേ വിചാരണ പൂർത്തിയാക്കാനും വിധി പറയാനും സാധിക്കൂ. കോടതിയുടെ നിർദേശം വന്നതോടെ ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ച ശേഷം കൂടുതൽ സാക്ഷികളുണ്ടെങ്കിൽ അവരെ വിസ്തരിക്കാനും കൂടുതൽ നടപടികളിലേക്കും വിചാരണ കോടതി പോകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *