വനിതാദിനത്തിൽ അഭിമാനമായി പ്രവാസി മലയാളി വനിത

കെ.രഘുനന്ദനൻ
റാസൽഖൈമ: ലോക വനിതാ ദിനത്തിൽ പ്രവാസി മലയാളി സമൂഹത്തിനു നിശ്ചയദാർഢ്യത്തിന്റേയും പ്രചോദനത്തിന്റേയും മുഖമായി റാസൽഖൈമയിലെ വീട്ടമ്മ ശ്രദ്ധേയയായി. റാസൽഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റൽ സംഘടിപ്പിച്ച അമിതഭാരം കുറയ്ക്കൽ മത്സരത്തിൽ സമ്മാനാർഹയായ മലയാളി വനിത മലപ്പുറം തിരൂർ സ്വദേശി ജിൽഷീനയാണ് മലയാളി പ്രവാസി സമൂഹത്തിനു അഭിമാനമായത്. യു എ ഇ യിൽ നിന്നും 10,944 മത്സരാർത്ഥികളാണ് 10 ആഴ്ച നീണ്ടു നിന്ന മത്സരത്തിൽ സമ്മാനം നേടിയ ഏക മലയാളി വനിതയാണ് ജിൽഷീന.
പൊണ്ണത്തടി അലങ്കാരമായി മാറുന്ന പ്രവാസി സമൂഹത്തിൽ ഇഷ്ടഭക്ഷണം ഒഴിവാക്കിയും , ശരീരത്തിനു ദോഷകരമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചും നേടിയ വിജയത്തിൽ അതീവ സന്തോഷവതിയാണ് ജിൽഷീന.

മത്സരം ആരംഭിക്കുമ്പോൾ 94 കിലോഗ്രാം ആയിരുന്ന ശരീരഭാരം 24 കിലോഗ്രാം കുറച്ചു 70 കിലോഗ്രാം എന്ന നിലയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു ഇവർ. മധുരം, ഓയിൽ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്‌സ് എന്നിവയെല്ലാം പാടെ ഒഴിവാക്കി വെളിച്ചെണ്ണയിലും, വെണ്ണയിലും പാചകം ചെയ്ത ഭക്ഷണങ്ങൾ ശീലമാക്കി ആഹാരക്രമത്തെ നിശ്ചയിച്ചതു കൊണ്ടു ശരീരഭാരം ആനുപാതികമായി കുറയുകയും അതു വരെ ഉണ്ടായിരുന്ന ശാരീരിക അസ്വസ്ഥതകളിൽ നിന്നും വിടുതൽ നേടാനും കഴിഞ്ഞതായി ജിൽഷീന പറയുന്നു. കഴിഞ്ഞ ഏഴു വർഷമായി റാസൽഖൈമയിൽ ഭർത്താവിനും ഏകമകൾക്കുമൊപ്പം പ്രവാസജീവിതം നയിക്കുകയാണ് ജിൽഷീന. ഒന്നിനും എളുപ്പവഴികൾ ഇല്ലെന്നും മനസ്സു വെച്ചാൽ, നമ്മുടെ ഭക്ഷണക്രമം ക്രമീകരിച്ചു കൊണ്ടു തന്നെ ആരോഗ്യമുള്ള ജീവിതം നിലനിർത്താൻ സ്ത്രീ പുരുഷഭേദമന്യേ സാധിക്കും എന്നതാണ് പ്രവാസി സമൂഹത്തോട്, പ്രത്യേകിച്ച് മലയാളി സഹോദരങ്ങളോട് ജിൽഷീനയ്ക്ക് പറയാനുള്ളത്. റാസൽഖൈമ എമിരേറ്റ്‌സ് ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായ അബ്ദുൽ മനാഫ് ആണ് ജിൽഷീനയുടെ ജീവിത പങ്കാളി. ദുവ ഏകമകളാണ്.