തുമ്പികളെ തേടിയിറങ്ങിയ മേലുകാവിലെ പോലീസുകാരൻ

കൂവപ്പടി ജി. ഹരികുമാർ
മേലുകാവ്: തുമ്പികളോടും മത്സ്യങ്ങളോടും ഇഷ്ടം കൂടുന്ന ഒരു സിവിൽ പോലീസ് ഓഫിസറുണ്ട് മേലുകാവ് പോലീസ് സ്റ്റേഷനിൽ. പാലാ കിടങ്ങൂർ സ്വദേശിയായ എം. എൻ. അജയകുമാർ ആണ് പ്രകൃതിസ്‌നേഹിയായ ആ പോലീസുകാരൻ.
തുമ്പികളെ നോക്കിയിരിക്കുന്നത് അജയകുമാറിന് വിനോദം മാത്രമല്ല, വിജ്ഞാനം തേടൽകൂടിയാണ്. ജോലി സമയം കഴിഞ്ഞാൽ പ്രകൃതിയിലെ ജീവിവർഗ്ഗങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ പോലീസുകാരന്റെ മനസ്സു നിറയെ. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ കാലം മുതൽ തുടങ്ങിയതാണ് ഗവേഷണം.




മീനച്ചിലാറിന്റെ കരയിലെ തുമ്പികളെക്കുറിച്ചുള്ള പഠനത്തിനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ജീവശാസ്ത്ര ഗവേഷണകുതുകികൾ മാർച്ച് 12, 13 തീയതികളിൽ ഒരു ഫീൽഡ് സർവ്വേ നടത്തുവാനായി തീരുമാനിച്ചിരിക്കുകയാണ്. മീനച്ചിലാറിന്റെ തുടക്കമായ മേച്ചാൽ മുതൽ മലരിക്കൽ വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ട സർവ്വേ നടക്കുക.
കേരളീയ ജലസമ്പത്തിൽ വളരുന്ന അത്യപൂർവ്വങ്ങളായ മത്സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണവും ഇതിനോടൊപ്പം നടത്തുന്നുണ്ട് അജയകുമാർ. അത്യപൂർവ്വമായ ധാരാളം മത്സ്യങ്ങളെ ഇദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. പാതാളത്തവളയെന്ന അപൂർവ്വയിനത്തിന്റെ ഗവേഷണവും ഇതിനിയിൽ നടക്കുന്നുണ്ട്.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപ്പൂഞ്ചിറഎന്ന മലനിരകളിലെയും മനോഹരമായ താഴ്വരയിലെയും ഔഷധസസ്യസാമ്പത്തിനെക്കുറിച്ചുള്ള ഒരു ആൽബം തയ്യാറാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട് ഇദ്ദേഹം.

പോലീസുദ്യോഗസ്ഥൻ എന്ന നിലയിൽ വിദ്യാർത്ഥികൾക്ക് കോവിഡ്, ട്രാഫിക് ബോധവൽക്കരണം, ലഹരി വിരുദ്ധ ക്ളാസ്സുകൾ എന്നിവ നൽകുന്നതിലും സേവനസന്നദ്ധനാണ്.