40 പേർ ആ ബസിലുണ്ടായിട്ടും ആരും എനിക്കുവേണ്ടി മിണ്ടിയില്ല; നിങ്ങളുടെ മോൾക്കാണ് ഈ അവസ്ഥയെങ്കിലോ?

കോഴിക്കോട്: 40 ഓളം പേർ ബസിലുണ്ടായിട്ടും ആരും തനിക്കുവേണ്ടി ശബ്ദമുയർത്തുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് കെ.എസ്.ആർ.ടി.സിയിൽ സഹയാത്രികനാൽ പീഡിപ്പിക്കപ്പെട്ട കോളജ് അധ്യാപിക.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനുമിടയിലായിരുന്നു ഇവർക്ക് സഹയാത്രികനിൽനിന്ന് ദുരനുഭവം നേരിട്ടത്.

‘ബസിൽ യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ട കണ്ടക്ടർ കുറ്റകരമായ മൗനമാണ് കാണിച്ചത്. ഞാൻ അയാൾക്കെതിരെ പ്രതികരിക്കാതിരുന്നാൽ നാളെ ഒരു കുട്ടിയെ അയാളുടെ മുന്നിൽ വെച്ച് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽപ്പോലും അയാളിങ്ങനെ ഇരിക്കില്ലേ? ഒന്നും കാണാത്തതുപോലെ. ദുരനുഭവം നേരിട്ട എനിക്ക് മാനക്കേടാക്കുന്ന തരത്തിലായിരുന്നു കണ്ടക്ടറുടെ പെരുമാറ്റം. എനിക്ക് പുറത്തിറങ്ങാൻ കൂടി പേടി തോന്നുകയാണ്’ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
അവരുടെ വാക്കുകൾ:
‘തൃശൂർ എത്തുന്നതിനു മുൻപ് എന്റെ സീറ്റിന്റെ തൊട്ടുപിറകിലിരുന്നയാൾ മോശമായി സ്പർശിച്ചു. ഞാനപ്പോൾ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേൾക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാൾ സോറി പറഞ്ഞു അങ്ങനെ തന്നെ ഇരുന്നു. വീണ്ടും ഞാൻ ഇരുന്നെങ്കിലും അയാൾ പിറകിൽ തന്നെയുള്ളതിനാൽ എനിക്ക് പേടി തോന്നി. ഞാനെന്ത് ധൈര്യത്തിലാ ഇവിടെയിരിക്കുക എന്ന് വീണ്ടും എഴുന്നേറ്റുനിന്ന് ചോദിച്ചു. അപ്പോൾ അയാൾ മാപ്പ് മാപ്പ് എന്നും പറഞ്ഞ് രണ്ടു സീറ്റ് പിറകോട്ട് പോയി.
ഇപ്പുറത്ത് സ്റ്റുഡന്റ്‌സും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത് കണ്ടക്ടർ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പക്ഷേ അയാൾ ഒന്നും പറഞ്ഞില്ല. ഞാൻ ആകെ ഭയന്നു. കണ്ടക്ടർ മിണ്ടാതിരുന്നത് കണ്ടപ്പോൾ ഇത്രയും ഇവിടെ നടന്നിട്ടും ചേട്ടനൊന്നും പറയുന്നില്ലേയെന്ന് ഞാൻ കണ്ടക്ടറോട് ചോദിച്ചു. ‘അയാൾ മാപ്പ് പറഞ്ഞതല്ലേ, അയാൾ മാറി അപ്പുറത്ത് ഇരുന്നില്ലേ? പ്രശ്‌നം കഴിഞ്ഞല്ലോ? ഇനിയിന്തിനാ ഇഷ്യു ആക്കുന്നേ?’ എന്നായിരുന്നു കണ്ടക്ടറുടെ മറുചോദ്യം.
‘ഇയാൾ ചെയ്ത കാര്യമല്ലേ വിഷയം. മാപ്പ് റഞ്ഞാൽ തീരേുമോ? ഞാനിങ്ങനെ ഭയന്ന് വിറയ്ക്കുന്നത് കാണുന്നില്ലേ? നിങ്ങളുടെ നിങ്ങളുടെ മോൾക്കാണ് ഈ അവസ്ഥയെങ്കിലോ’ എന്ന് കരഞ്ഞുകൊണ്ട് ഞാൻ കണ്ടക്ടറോട് ചോദിച്ചു. നാൽപതോളം പേരുള്ള ബസിൽനിന്ന് ഒരാൾ പോലും എനിക്ക് വേണ്ടി ഒന്നും ചോദിച്ചില്ല. എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നി. 40 ഓളം പേർ ആ ബസിലുണ്ടായിരുന്നിട്ടും ആരും എനിക്കു വേണ്ടി സംസാരിച്ചില്ല. ഇങ്ങനെ എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ നമ്മൾ ഉറക്കെ സംസാരിച്ചാൽ ആളുകൾ നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെനിൽക്കും എന്ന ധൈര്യത്തിലാണ് നമ്മളൊക്കെ രാത്രി യാത്ര ചെയ്യുന്നത്. ഇന്നലെത്തോടെ ആ ധൈര്യം പോയി.
ബസിലെ ഡ്രൈവർ മാന്യമായി ഇടപെട്ടെങ്കിലും അയാളെ കൂടി കണ്ടക്ടർ പിന്തിരിപ്പിച്ചു. പൊലീസിൽ പോകണമെന്ന് അറിയിച്ചപ്പോൾ ടോൾ ബൂത്തിനരികിലുള്ള രണ്ട് പൊലീസുകാരുടെ അടുത്ത് പോയി. എന്താ വേണ്ടതെന്ന് പൊലീസ് ചോദിച്ചു. പൊലീസ് അപ്പോൾ കണ്ടക്ടറെ മാറ്റിനിർത്തി സംസാരിച്ചു. തിരിച്ചുവന്ന് ചെയ്തത് തെറ്റാണ്, അയാൾക്ക് കുറ്റബോധമുണ്ടെന്ന് പറഞ്ഞു. പക്ഷേ ഞാനിത് നിയമപരമായി തന്നെ നേരിടുമെന്ന് അറിയിച്ചു. ഞാൻ അയാൾക്കെതിരെ പ്രതികരിക്കാതിരുന്നാൽ നാളെ ഒരു കുട്ടിയെ അയാളുടെ മുന്നിൽ വെച്ച് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽപ്പോലും അയാളിങ്ങനെ ഇരിക്കില്ലേ? ഒന്നും കാണാത്തതുപോലെ. ദുരനുഭവം നേരിട്ട എനിക്ക് മാനക്കേടാക്കുന്ന തരത്തിലായിരുന്നു കണ്ടക്ടറുടെ പെരുമാറ്റം. എനിക്ക് പുറത്തിറങ്ങാൻ കൂടി പേടി തോന്നുകയാണ്.”