ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് ആഷിഖ് അബു. റിപ്പോർട്ടർ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മലയാളികളെല്ലാം ഏറെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഈ കാര്യം ആഷിഖ് അബു പ്രഖ്യാപിച്ചത്.

‘കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളിൽ ഭാവന വരാറുണ്ടായിരുന്നു. അവയെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടൻ തന്നെ ഭാവന മലയാളത്തിലേക്ക കടന്നു വരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവർ കേട്ടു. അത് അവർക്കിഷ്ടമായിട്ടുണ്ട്,’ ആഷിഖ് അബു പറഞ്ഞു.


മുമ്പ് പല തവണ ഭാവനയോട് സിനിമയിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നത്തെ മാനസിക സമ്മർദ്ദം നടിയെ പിന്നോട്ട് വലിക്കുകയായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. ചില കഥകൾ കേൾക്കുന്നുണ്ടെന്നും മലയാളത്തിലേക്ക് തിരിച്ചു വരുമെന്നും ഭാവനയും ബർഖ ദത്തുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

‘ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്ബ് എനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. കേസ് നടപടികളാൽ എല്ലാം തുറന്നു പറയാൻ പറ്റില്ല. പക്ഷെ പിന്നീട് എനിക്ക് നിരവധി പേർ സിനിമയിലേക്ക് വിളിച്ചു.മലയാളത്തിൽ തിരിച്ചു വരണമെന്ന് പലരും നിർബന്ധിച്ചു. പ്രിഥിരാജ്, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം, ജയസൂര്യ തുടങ്ങി നിരവധി പേർ. പക്ഷെ ആ സിനിമകൾ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വർഷം മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളിൽ അഭിനയിച്ചു. പക്ഷെ ഇപ്പോൾ ഞാൻ ചില മലയാളം സിനിമകളുടെ കഥ കേൾക്കുന്നുണ്ട്,’ ഭാവന പറഞ്ഞു.
