CINEMA ENTE KOOTTUKAARI INDIA KERALA Main Banner TOP NEWS WOMEN

ഭാവന നിശ്ശബ്ദത ഭേദിക്കുന്നു, എല്ലാം തുറന്നു പറയുന്നു;
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബർക്കാ ദത്തിന്റെ യൂ ട്യൂബ് ചാനലിൽ

ന്യൂഡൽഹി: ലൈംഗിക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത്.
വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖ ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘നടി ഭാവന നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗികാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു.’ ബർഖാ ദത്ത്
‘നടി ഭാവന ലൈംഗിക അതിക്രമത്തേക്കുറിച്ച് തുറന്നടിക്കുന്നു’ എന്ന പോസ്റ്റർ ‘വി ദ വുമൻ ഏഷ്യ’യും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് (മാർച്ച് ആറ് ഞായറാഴ്ച്ച) ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാവനയുടെ വെളിപ്പെടുത്തൽ ഉണ്ടാകുക. വി ദ വുമൻ ഏഷ്യയുടെ ഫേസ്ബുക്ക് ട്വിറ്റർ ഹാൻഡിലുകളിലും, ബർഖാ ദത്തിന്റെ ‘മോജോ സ്റ്റോറി’ യുട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.


ആക്രമിക്കപ്പെട്ടതിന് ശേഷം ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നടി ഇതുവരെ മാധ്യമങ്ങൾ മുന്നിൽ എത്തിയിട്ടില്ല. നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ തന്റെ അതിജീവനശ്രമങ്ങളേക്കുറിച്ച് പറയാനാരംഭിച്ചത് അടുത്ത കാലത്താണ്.
ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായിരുന്ന ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ളവർ ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെ കലാ-സാംസ്‌കാരിക-കായിക-വ്യവസായിക രംഗത്ത് ചരിത്രം കുറിച്ച വനിതകളും ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.


തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്ത സംഭവം ഉണ്ടായത്. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. കേസിൽ നടൻ ദീലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.
കേസിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ സാക്ഷികൾ കൂട്ടമായി കൂറുമാറിയത് പിന്നീട് വലിയ തോതിൽ കേരളം ചർച്ച ചെയ്തിരുന്നു. ഇതിനൊപ്പം പ്രോസിക്യൂട്ടർമാർ നിരന്തരം രാജി വയ്ക്കുന്ന സാഹചര്യവും ഉണ്ടായി. വിചാരണ കോടതിക്ക് എതിരെയും പ്രോസിക്യൂഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതുവരെ കേസിൽ 203 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇനി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയാണ് വിസ്തരിക്കാനുളളത്.
ഇതിനിടെ കേസ് നിർണായക ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ കേസ് വീണ്ടും പൊതു ശ്രദ്ധയിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട നടി തന്നെ പുറത്ത് പ്രതികരണവുമായി രംഗത്ത് വരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *