CINEMA ENTE KOOTTUKAARI FILM BIRIYANI KERALA Main Banner SPECIAL STORY

അവളുടെ രാവുകൾ 44 വർഷം മുമ്പ് ഇതുപോലൊരു മാർച്ചിന്റെ തുടക്കത്തിൽ

സതീഷ് കുമാർ വിശാഖപട്ടണം

മദ്രാസിലെ പുരുഷവക്കത്തുള്ള പി എൻ ധവാൻ ആദർശ് നൃത്തവിദ്യാലയത്തിലെ വിദ്യാർഥിനിയായിരുന്നു ശാന്തി എന്ന പേരുള്ള സുന്ദരിയായ ആ മലയാളി പെൺകുട്ടി. മലയാളം, തമിഴ് ചിത്രങ്ങളിൽ നായികാ നായകന്മാരോടൊപ്പമുള്ള വർണപകിട്ടാർന്ന നൃത്ത രംഗങ്ങിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശാന്തി തന്റെ കുടുംബത്തിന്റെ സംരക്ഷകയായത്. എം.ജി.സോമന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഇതാ ഇവിടെവരെയിലെ ‘നാടോടി പാട്ടിന്റെ നാട്’ എന്ന ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്ന അനേകം നർത്തകിമാരിൽ ഒരാൾ ശാന്തിയായിരുന്നു…


ആയിടയ്ക്കാണ് മുരളീ മൂവിസിന്റെ രാമചന്ദ്രൻ തികച്ചും വ്യത്യസ്തമായ ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നത്. ഒരു വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന ആലപ്പി ഷെരീഫിന്റെ ‘അവളുടെ രാവുകളും പകലുകളും ‘എന്ന ഈ നീണ്ടകഥയുടെ സംവിധായകനായി എത്തിയത് ഹിറ്റ് മേക്കർ ഐ വി ശശി…
ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതാനുഭവങ്ങളുടെ കദന കഥ പറയുന്ന ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ശശി അന്നത്തെ പല നായികമാരേയും സമീപിച്ചു.
എന്നാൽ ലൈംഗിക തൊഴിലാളിയുടെ കഥയായതു കൊണ്ടായിരിക്കണം അവരൊന്നും ആ റോൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
അപ്പോഴാണ് പല ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ശാന്തി എന്ന പെൺകുട്ടി ഐ വി ശശിയുടെ ദൃഷ്ടിയിൽ പെടുന്നത്.
ഈ പെൺകുട്ടിയുടെ മുഖശ്രീ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു….
ചെറിയ നൃത്ത രംഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ ഒരിക്കൽ സൂപ്പർസ്റ്റാർ പദവിയിവരെയെത്തിയ മലയാളിയായ നടൻ വിജയൻ നായകനായ ‘നിഴലെ നീ സാക്ഷി ‘ എന്ന ചിത്രത്തിലെ നായികയായി ശാന്തി എത്തപ്പെടുന്നു …..
പക്ഷേ ചിത്രത്തിലെ നായികയുടെ പേര് വിജയന് അത്ര ഇഷ്ടമായില്ല. സെറ്റിൽ വെച്ച് അദ്ദേഹം ശാന്തി എന്ന പെൺകുട്ടിക്ക് ഒരു പുതിയ പേരിട്ടു …’സീമ ‘ .


അങ്ങനെ ശാന്തി എന്ന സീമ ശശിയുടെ പുതിയ സിനിമയിലെ നായികയാവുന്നു.
അവളുടെ രാവുകളും പകലുകളും എന്ന പേരിൽ നിന്നും പകലുകൾ വെട്ടിക്കളഞ്ഞ് ചിത്രത്തിന്റെ പേര് ‘അവളുടെരാവുകൾ ‘ എന്നാക്കി മാറ്റി സംവിധായകൻ ഐ വി ശശി. ദോഷം പറയരുതല്ലോ,സീമ അവളുടെ രാവുകളിലെ നായികയായി എല്ലാ അർത്ഥത്തിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ഷർട്ട് മാത്രം ധരിച്ചുകൊണ്ടുള്ള സീമയുടെ തുടയഴകിന്റെ വശ്യത നിറഞ്ഞൊഴുകുന്ന വർണ്ണ ചിത്രങ്ങൾ വൻ പോസ്റ്ററുകളായി കേരളം മുഴുവൻ നിറഞ്ഞു….
വിജയശ്രീയുടെ അകാല മരണത്തോടെ വരണ്ടുണങ്ങിയ മലയാളസിനിമയുടെ ഗ്ലാമർ രംഗത്തേക്ക് അമൃതവർഷം പോലെ വന്ന സീമയുടെ മാദകഭംഗി അക്കാലത്തെ യുവാക്കളുടെ ലഹരിയായി മാറി. ഈ ഒരൊറ്റ ചിത്രത്തോടെ സീമ മലയാളത്തിലെ നമ്പർ വൺ നായികാ പദവിയിലേക്ക് ഉയർന്നു. വെറും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം കോടികളുടെ കളക്ഷൻ നേടിയെടുത്തു.


‘ അവളുടെ കാലുകൾ ‘ എന്നൊക്കെ ഉച്ചപ്പടങ്ങളുടെ സംവിധായകരായ ബുദ്ധിജീവികൾ കളിയാക്കിയെങ്കിലും അവളുടെ രാവുകൾ ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും മൊഴിമാറ്റം ചെയ്ത് വൻ ജൈത്രയാത്ര നടത്തി.
അശ്ലീല സിനിമയെന്നാക്ഷേപമുയർന്നെങ്കിലും പിന്നീട് മലയാളത്തിലെ ശക്തമായ സ്ത്രീപക്ഷ രചന എന്ന നിലയിൽ ഈ ചിത്രം പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നു. ഐ.വി.ശശി മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി മാറുന്നതും ഈ വിജയ ചിത്രത്തോടെയാണ്. സീമ പിന്നീട് ശശിയുടെ ജീവിത സഖിയുമായി….
അവളുടെ രാവുകളിൽ
ബിച്ചു തിരുമലയുടെ വരികൾക്ക് എ ടി ഉമ്മറായിരുന്നു സംഗീതം പകർന്നത്..
എസ്.ജാനകി പാടിയ ‘രാഗേന്ദുകിരണങ്ങൾ ഒളിവീശിയില്ലാ…..’എന്ന ഗാനം ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി …..
1977-ൽ പ്രദർശനത്തിനെത്തിയ സ്വാമി എന്ന ഹിന്ദി ചിത്രത്തിൽ രാജേഷ് റോഷൻ സംഗീത സംവിധാനം ചെയ്ത ഒരു പ്രശസ്ത ഹിന്ദി പാട്ടിന്റെ ട്യൂണിലാണ് ഈ ഗാനം വന്നതെന്നൊക്കെ ആരോപണമുയർന്നുവെങ്കിലും രാകേന്ദുകിരണങ്ങൾ മലയാളികൾ മനസ്സുകൊണ്ട് തന്നെ ഏറ്റെടുക്കുകയായിരുന്നു.
‘ഉണ്ണി ആരാരിരോ….. (എസ്.ജാനകി )
‘ അന്തരിന്ദ്രിയ ദാഹങ്ങൾ അസുലഭ മോഹങ്ങൾ …. (യേശുദാസ്) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1978 മാർച്ച് ആദ്യവാരം തിയറ്ററുകളിലെത്തിയ ഈ ചിത്രം ഇപ്പോൾ 44 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *