KERALA TOP NEWS

ഡോക്ടർമാരെ ബലിയാടാക്കിയിട്ട് കാര്യമില്ല സാർ, അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കണം

കൊല്ലം: ജനപ്രതിനിധികൾ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ ജോലിയുടെ പ്രവർത്തന സ്വഭാവവും, വകുപ്പിലെ മനുഷ്യവിഭവശേഷിയും, വ്യക്തമായി മനസ്സിലാക്കി പ്രതികരിക്കുന്നതാവും അനുയോജ്യമെന്ന് കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി. ജെ. സെബി, കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദുർഗ്ഗ പ്രസാദ് . എസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ജനപ്രിതനിധികളുടെ പ്രതികരണങ്ങൾ ഉദ്യോഗസ്ഥരെ സമൂഹമദ്ധ്യമങ്ങളിൽ കൂടി ഇകഴ്ത്തിയത് ഒട്ടും ശരിയായ ഒരു നടപടിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വകുപ്പിനേയും, സ്ഥാപനത്തിനേയും, ജീവനക്കാരേയും, പൊതുജന മദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാനും, അർപ്പണബോധത്തോടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ അന്തസ്സും, ആത്മാഭിമാനവും ഇടിച്ച് കാട്ടാനേ ഇത് സഹായിക്കൂ എന്നാണ് തലവൂർ ആയുർവേദ ആശുപത്രി സംഭവം സൂചിപ്പിക്കുന്നത്.


സർക്കാർ ആയുർവേദ ആശുപത്രിയിൽ എംഎൽഎ യുടെ മിന്നൽ പരിശോധന വീഡിയോ ഇപ്പൊൾ പ്രചാരത്തിൽ വരുന്നു. ഇതിൽ ആരോപിക്കുന്ന പലതും വാസ്തവവിരുദ്ധവും പലതും ഭാഗികമായ സത്യങ്ങളും മാത്രമാണ്.
ആശുപത്രികൾ നന്നായി നടത്തിക്കൊണ്ട് പോകേണ്ടത് ആവശ്യം തന്നെയാണ്. എന്നാൽ ഏതാനും കാര്യങ്ങൽ കൂടി ചൂണ്ടി കാണിക്കുവാൻ ആഗ്രഹിക്കുന്നു. സർക്കാർ ആയുർവേദ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ല എന്നതാണ് വാസ്തവം.
ഡിസ്‌പെൻസറികളിൽ ഏറ്റവും കുറഞ്ഞത് ഒരു മെഡിക്കൽ ഓഫീസർ, ഒരു ഫാർമസിസ്റ്റ്, ഒരു അറ്റൻഡർ, ഒരു സ്വീപ്പർ തസ്തിക എങ്കിലും വേണ്ടത് പോലും പലയിടത്തും ഒഴിഞ്ഞു കിടക്കുന്നു. ചിലയിടത്ത് ആവശ്യത്തിന് പോസ്റ്റ് പോലും ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു… ഉദാഹരണത്തിന് കണ്ണൂർ ജില്ലയിലെ ഇളയാവൂർ ഡിസ്‌പെൻസറി ജീവനക്കാരില്ലാതെ തുടങ്ങി. അടുത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ അഡീഷണൽ ചാർജ് നൽകി നിയോഗിച്ചാണ് പ്രവർത്തനം. ഇത് ആ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. പാലക്കാട് അട്ടപ്പാടി ട്രൈബൽ ഡിസ്‌പെൻസറി പുതിയ ഒരു തസ്തികയും അനുവദിക്കാതെ 20 കിടക്ക ഉള്ള ആശുപത്രി ആക്കുവാൻ നടപടി എടുത്തു വരുന്നു. കഴിഞ്ഞ വർഷം ബജറ്റിൽ 180 തസ്തിക പ്രഖ്യാപിച്ചെങ്കിലും ഒറ്റ പോസ്റ്റ് പോലും ഇത് വരെ അനുവദിക്കപ്പെട്ടിട്ടില്ല. ഫർമസിസ്‌റ് തസ്തിക ഇല്ലാത്ത ഡിസ്‌പെൻസറികൾ, ഒരു ഡോക്ടർ മാത്രം ഉള്ള ആശുപത്രികൾ, അങ്ങനെ പരിതാപകരം ആണ് സർക്കാർ സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ. ആർഎംഒ പോസറ്റിനായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത് വരെ ഒരു പോസ്റ്റ് പോലും ഉണ്ടായിട്ടില്ല എന്നതാണ് ദുഃഖകരമായ സത്യം. ഡോക്ടർ അവധി എടുക്കുക, മറ്റു ഡ്യൂട്ടികൾക്കായി പോകുക തുടങ്ങിയ സാഹചര്യങ്ങളിൽ രോഗികൾ വലയുന്നു.
1960ൽ സ്ഥാപനങ്ങൾ തുടങ്ങിയ സമയത്തുള്ള സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും. ഡിസ്‌പെൻസറികളിൽ രോഗികൾ വർദ്ധിച്ചു.പല വിധ പദ്ധതികൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തി വരുന്നു. വകുപ്പ് തല പദ്ധതികളും ഇപ്പോൾ നടക്കുന്നു. എന്നാൽ ഇതിനനുസരിച്ച് ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വർദ്ധനവ് ഉണ്ടായിട്ടില്ല…പലപ്പോഴും ചികിത്സ ചുമതല, ഭരണപരമായ ചുമതല, സാലറി ഡ്രോയിംഗ്് ആൻഡ് ഡിസ്‌പേഴ്‌സിംഗ്, വകുപ്പ് ഏൽപ്പിക്കുന്ന അധിക ചുമതല എന്നിവയിലെല്ലാം ഒരു ഒറ്റയാൾ പ്രകടനമാണ് ഡോക്ടർ കാഴ്ച വെക്കേണ്ടി വരുന്നത്.
20 കിടക്കകളുള്ള ഒരു ആയുർവേദ ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തിക മാത്രം ആണ് അനുവദിച്ചിട്ടുള്ളത്. മിക്കയിടത്തും ആ സ്വീപ്പർ 65-70 വയസ് ഒക്കെ ഉള്ള വ്യക്തികൾ കൂടി ആയിരിക്കും (തലവൂർ ഉണ്ടായിരുന്ന സ്വീപ്പർ 70 വയസിൽ ഫെബ്രുവരി റിട്ടയർ ആയതാണ്). അവരെക്കൊണ്ട് വലിയതും രോഗികൾ ദൈനംദിനം ഉപയോഗിക്കുന്നതുമായ കെട്ടിടം സദാസമയവും ഒരു പൊടിയും അഴുക്കും ഇല്ലാതെ വൃത്തിയാക്കി സൂക്ഷിക്കുവാൻ എത്രത്തോളം കഴിയും എന്നും ചിന്തിക്കണം.
അലോപ്പതി സ്ഥാപനങ്ങളിൽ ഇതിന്റെ നാലിരട്ടി ജീവനക്കാരെ ഉപയോഗിച്ച് ആണ് ശുചീകരണ ജോലികൾ ചെയ്യിക്കുന്നത്. മരുന്നുകളുടെ പ്രത്യേകത കൊണ്ട് ഫാർമസിയിൽ, ചികിത്സാമുറിയിൽ ഒക്കെ ഇടക്കിടെ ക്ലീനിംഗ് വേണ്ടി വരും. അവിടെ കൂടുതൽ ജീവനക്കാരെ നിയോഗിക്കേണ്ടത് ആവശ്യമാണ്.
ഫിസിയോ തെറാപ്പി ഉപകരണങ്ങൾ മാത്രം ചില ആശുപത്രികൾക്ക് അനുവദിച്ചിട്ടുണ്ട്. ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യത്തിന് ജീവനക്കാർ പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലതാനും. ആയുർവേദ ചികിത്സയും ഫിസിയോതെറാപ്പിയും ഒരുമിച്ച് ചെയ്താൽ ഗുണപരമായ മാറ്റം രോഗിക്ക് ലഭിക്കും എന്നിരിക്കെ, ഇതിനായി ഫിസിയോ തെറാപ്പിസ്റ്റ് തസ്തിക സൃഷ്ടിച്ച് നിയമനം നടത്തേണ്ടത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണ്.
ആയുർവേദ ചികിത്സയിൽ പഞ്ചകർമ ചികിത്സക്കും അനുബന്ധ ക്രിയാകർമങ്ങൾക്കും തെറാപ്പിസ്റ്റ്, നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് മുതലായ ജീവനക്കാർ ആവശ്യമാണ്. ഈ പോസ്റ്റുകളിൽ സ്ത്രീകളും പുരുഷന്മാരും വേറെ വേറെ ജീവനക്കാർ ആവശ്യവുമാണ്. എന്നാലും അറ്റെൻഡറെ കൊണ്ടും ചിലപ്പോൾ സ്വീപ്പറെ കൊണ്ട് പോലും ക്രിയാ ക്രമങ്ങൾ ചെയ്യിക്കാൻ ഡോക്ടർമാർ നിർബന്ധിതരാകാറുമുണ്ട്, കാരണം തെറാപ്പിസ്റ്റ് തസ്തിക മിക്കവാറും ആശുപത്രിയിൽ ഇല്ല. ഇത് ചികിത്സയെ ഗുണപരമായി ബാധിക്കാൻ ഇടയാക്കുന്നു.
വേണ്ടത്ര നഴ്‌സ്, ക്ലറിക്കൽ വിഭാഗം ജീവനക്കാരുടെ തസ്തിക ഇല്ലാത്തതും, വലിയ ഒരു പോരായ്മ ആണ്.
ക്രിയാ ക്രമങ്ങൾക്കു രോഗികൾക്ക് ആവശ്യം ആയ മരുന്ന് ലഭ്യമാക്കാൻ നിലവിലുള്ള അലോട്‌മെന്റ് ഉപയോഗിച്ച് ഒരിക്കലും കഴിയില്ല
ഒന്നര രണ്ട് ലക്ഷം രൂപ ആണ് ഒരു വർഷം മരുന്ന് വാങ്ങാൻ ഡിപ്പാർട്‌മെന്റ് നൽകുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനം അനുവദിക്കുന്ന പദ്ധതി വഴി ഒ പി യിൽ ചികിത്സക്കു എത്തുന്ന രോഗികൾക്ക് അത്യാവശ്യം ലഭ്യമാക്കേണ്ട മരുന്നുകൾ ഒരുപരിധി വരെ ലഭ്യമാക്കാൻ മാത്രമേ കഴിയുകയുള്ളു. പലപ്പോഴും രോഗാവസ്ഥ അനുസരിച്ച് ചില മരുന്നുകൾ സ്ഥാപനത്തിൽ ഇല്ലാത്തതും ആവശ്യമായി വന്നേക്കാം… ചില പ്രത്യേക രോഗവസ്ഥകളിൽ മാത്രം ഉപയോഗിക്കുന്ന മരുന്നുകൾ മുൻകൂട്ടി വാങ്ങി വക്കുവൻ സാധിക്കുകയില്ല… സ്ഥാപനത്തിൽ ഉണ്ടായിരുന്ന മരുന്നും തീർന്നു പോകുകയോ, സമയത്ത് ലഭ്യമാകാത്ത അവസ്ഥയോ വന്നേക്കാം.. ഇത്തരം വേളകളിൽ വളരെ അത്യാവശ്യമുള്ള മരുന്ന് പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ പുറത്തു നിന്നും മരുന്ന് കുറിച്ചു കൊടുക്കാതെ എല്ലാം അവിടെ ലഭ്യമായ മരുന്നും മാത്രം വച്ച് ചികിത്സിച്ചു ഡോക്ടർക്കു നിസ്സംഗനായി ഇരിക്കാൻ സാധിക്കില്ലല്ലോ. രോഗിക്ക് ആശ്വാസം ലഭ്യമാക്കാൻ അവിടെ ലഭ്യമല്ലാത്ത അത്യാവശ്യം ഔഷധങ്ങൾ നിർദേശിക്കേണ്ടത് ചികിത്സകന്റെ കടമയാണ്.
പലപ്പോഴും ഇതൊക്കെ ചൂണ്ടി കാണിച്ചിട്ടും പരിഹരിക്കാൻ ചുമതലപ്പെട്ടവർ പരിഹാര നടപടികൾ സ്വീകരിക്കാതെ ഇരിക്കുന്നത് കൊണ്ട് ഗവ ആയുർവേദ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ തുടരുന്നു..സ്ഥാപനങ്ങളുടെ പോരായ്മകൾ രോഗികളെ ബാധിച്ചു വിവാദങ്ങൾ ഉണ്ടാകുമ്പോൾ ചുമതലയുള്ള ഡോക്ടർ മാത്രം പ്രതിയാകുന്നത്, ബലിയാട് ആകുന്നത്, സ്ഥിരം കാഴ്ചയാണ്.. അതൊരു ഒഴിവാക്കപ്പെട്ടടെണ്ട പ്രവണതയാണ്.
തലവൂർ ആശുപത്രിയിൽ ശുചി മുറിയിൽ ടൈൽ ഇളകുക പോലെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായത് ഗുണനിലവാരം ഇല്ലാത്ത
പണി നടത്തിയത് കൊണ്ടാണ് എന്ന് മനസ്സിലാക്കാതെ ഡോക്ടറെ കുറ്റപ്പെടുത്തിയത് ശരിയായില്ല. നേരത്തെ സൂചിപ്പിച്ച പോലെ, അഡ്മിനിസ്ട്രേറ്റീവ് ചുമതല മാത്രമല്ല ഡോക്ടർക്ക് ഉള്ളത്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും എല്ലാ ദിവസവും നോക്കി എത്തുക എന്നത് അസാധ്യമാണ്.
അതൊക്ക പരിഹരിക്കാൻ ചുമതലപ്പെട്ട ജനപ്രതിനിധികൾ വകുപ്പ് മേധാവികൾ എന്നിവർ ഇക്കാര്യത്തിൽ സത്വര ശ്രദ്ധ പതിപ്പിക്കാനും പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാനും ആവശ്യപ്പെടുന്നു.
ഒപ്പം തന്നെ തന്റേതു മാത്രമല്ലാത്ത കാരണത്താൽ ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവത്തിൽ തലവൂർ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറെ ബലിയാടാക്കി വകുപ്പ് തല നടപടികൾ ഒന്നും എടുക്കരുതെന്നും കൂടിയുള്ള ആവശ്യം സംഘടന ഉയർത്തുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *