ഖേഴ്‌സൺ മരിയോപോൾ നഗരങ്ങൾ റഷ്യൻ സൈന്യം പിടിച്ചെടുത്തു,
ഹാർകീവിലും കീവിലും വ്യോമാക്രണം ശക്തമാക്കി

കീവ്: യുക്രെയിനിലെ ഖേഴ്സൺ, മരിയോപോൾ നാഗരങ്ങൾ റഷ്യപിടിച്ചെടുത്തു.കരിങ്കടൽ തീരത്തുള്ള ഖേഴ്സണിൽ മൂന്ന് ലക്ഷത്തോളം ജനങ്ങളാണുള്ളത്. സായുധരായ റഷ്യൻ പടയാളികൾ കൗൺസിൽ യോഗത്തിലേക്ക് ഇരച്ചുകയറിയെന്നും കർശന കർഫ്യു അടക്കം പുതിയ ചട്ടങ്ങൾ അടിച്ചേൽപ്പിച്ചെന്നും നഗരത്തിലെ മേയർ ഇഹോർ കോളിഖയിൻ പറഞ്ഞു. എന്നാൽ, നഗരത്തിൽ നിന്ന് യുക്രെയിനിയൻ സേന പൂർണമായി പിൻവാങ്ങിയോ എന്ന് വ്യക്തമല്ല.


ഖേഴ്സൺ കൈപ്പിടിയിലായതോടെ യുക്രെയിന്റെ പ്രധാന തുറമുഖ നഗരവും നാവിക താവളവുമായ ഒഡേസയും റഷ്യക്ക് വളരെ വേഗം കീഴടക്കാനാകും. കടലിൽ നിന്നും ഇവിടെ ആക്രമണം ഉണ്ടായേക്കാം എന്ന് അമേരിക്കൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ പക്കൽ അയുധങ്ങളില്ലെന്നും അക്രമത്തിനായി ഒരുങ്ങുന്നില്ലെന്നും നഗരത്തെ സുരക്ഷിതമാക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നും മേയർ പറഞ്ഞു. ആളുകളെ വെടിവച്ചു വീഴ്ത്തരുതെന്നു മാത്രമാണു തങ്ങൾ റഷ്യൻ സേനയോട് അപേക്ഷിച്ചിരിക്കുന്നത്’. ആളുകൾ റഷ്യൻ പടയാളികളെ അനുസരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

അതേസമയം, ഹാർകീവിലും കീവിലും റഷ്യ വീണ്ടും വ്യോമാക്രമണം ശക്തമാക്കി. ചെർണിഹിവിലെ എണ്ണ സംഭരണകേന്ദ്രത്തിൽ ഷെല്ലാക്രമണം നടത്തി. ഇവിടെ വൻ തീപിടിത്തമുണ്ടായതായി വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രിയിൽ ഹാർകീവിലെ പള്ളിയും ടെറിട്ടോറിയൽ ഡിഫൻസ് ആസ്ഥാനവും റഷ്യ ആക്രമിച്ചിരുന്നു. കീവിന് സമീപമുള്ള മെട്രോ സ്റ്റഷേനിൽ രണ്ടു സ്‌ഫോടനങ്ങളുണ്ടായി. ഇതിനിടെ, തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ സൈന്യം നിലവിൽ വളഞ്ഞിട്ടുണ്ട്.
യുദ്ധം ആരംഭിച്ചശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9,000 റഷ്യൻ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ രംഗത്തെതിതി. റഷ്യയുടെ മേജർ ജനറൽ ആന്ദ്രേ സുഖോവെറ്റ്സ്‌കിയെ വധിച്ചതായും യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, റഷ്യൻ സൈനിക വിമാനം വീഴ്ത്തിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. സുഖോയ് യുദ്ധവിമാനം വീഴ്ത്തിയെന്നാണ് അവകാശവാദം.