മിസൈലുകൾ തീമഴയായി പെയ്യുമ്പോഴും സൈറയെ കൈവിട്ടില്ല ആര്യ

കൊച്ചി: മിസൈലുകൾ തീമഴയായി പെയ്യുന്ന യുക്രെയിനിൽനിന്ന് ജീവനുംകൊണ്ട് കൂട്ടുകാരും കൂട്ടുകാരികളുമൊക്കെ രക്ഷപ്പെട്ടോടുമ്പോഴും ആര്യ ബങ്കറിൽ സൈറയെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. സൈറയെ കൂട്ടാതെ പോകുന്നതിനെക്കുറിച്ച് അവൾക്കാലോചിക്കാനേ ആവുമായിരുന്നില്ല… ഇടുക്കി സ്വദേശിനിയായ ഇരുപതുകാരി ആര്യ ആൽഡ്രിന് അത്രയും പ്രിയപ്പെട്ടവളായിരുന്നു വളർത്തുനായയായ സൈറ. വളർത്തുമൃഗങ്ങളെക്കൂടി കൂടെ കൂട്ടാൻ അനുവാദം കിട്ടിയതിൽപിന്നെയാണ് ആര്യ നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്.

ബുക്കാറസ്റ്റിൽനിന്നു ബുധാനാഴ്ച രാത്രി വിമാനം കയറിയ ആര്യ ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. ഇനി കേരളത്തിലേക്ക് …
യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.
ദേവികുളം ലാക്കാട് സ്വദേശികളായ ആൽഡ്രിൻ-കൊച്ചുറാണി ദമ്പതിമാരുടെ മകൾ ആര്യ, കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. കീവിൽ യുദ്ധം രൂക്ഷമായതോടെ സൈറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തിൽനിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സൈറയ്ക്കുള്ള യാത്രാരേഖകൾ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നപ്പോൾ തന്നോടൊപ്പം സൈറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അനുമതി കിട്ടിയതോടെ അയൽരാജ്യമായ റുമാനിയയിലേക്ക് തിരിച്ചു. ഞായറാഴ്ച രാത്രി പുറപ്പെട്ട ബസ് അതിർത്തിയിൽനിന്നു 12 കിലോമീറ്റർ ദൂരെയാണ് ഇന്ത്യക്കാരെ ഇറക്കിവിട്ടത്. തണുത്തുറഞ്ഞ പാതയിലൂടെ സൈറയെയും എടുത്തു നടന്നാണ് ആര്യ അതിർത്തിയിലെത്തിയത്.
