ഭൂരിപക്ഷസമൂഹത്തെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു; എസ്എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റ്

കോഴിക്കോട്: മലപ്പുറം ജില്ല സമാനതകളില്ലാത്ത രീതിയിൽ വർഗീയവൽക്കരിക്കപ്പെട്ടുവെന്നതിന്റെ ഉദാഹരണമാണ് മലപ്പുറം കവന്നൂരിൽ ശരീരം തളർന്ന് കിടപ്പിലായ അമ്മയുടെ കൺമുന്നിൽ വെച്ച് അതിക്രൂരമായി പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയെയും കുടുംബത്തിനെയും ആരും തിരിഞ്ഞു നോക്കാതിരുന്ന സംഭവമെന്ന് എസ് എൻ ഡി പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ പറഞ്ഞു.

മലപ്പുറം വർഗീയതയുടെ കേന്ദ്രമാവുകയാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന ഈ സംഭവം ഭൂരിപക്ഷ സമൂഹത്തെ ഭീതിയിലാഴ്ത്തുന്നതാണെന്നും ഇരയുടെയും വേട്ടക്കാരന്റെയും മതം മാത്രം നോക്കി പ്രതികരിക്കുകയും പക്ഷം പിടിക്കുകയും ചെയ്യുന്ന നെറികെട്ട രീതിയിലേക്ക് കേരളം എത്തി എന്നത് വളരെയേറെ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
അത്താണിക്കൽ ഗുരുവരാശ്രമത്തിൽ നടന്ന എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ വനിതാ സംഘം -യൂത്ത് മൂവ്‌മെന്റ് സംയുക്ത നേതൃയോഗത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സന്ദീപ് പച്ചയിൽ.
പരിപാടിയിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.
യോഗം കൗൺസിലർ ഷീബ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി സംഗീത വിശ്വനാഥ്, യൂത്ത് മൂവ്‌മെന്റ് മലബാർ മേഖലാ കോർഡിനേറ്റർ അർജുൻ അരയക്കണ്ടി, ഗിരി പാമ്പനാൽ, റെനീഷ് വി.റാം, ലീലാവിമലേശൻ, പി കെ ഭരതൻ, ഷിബിക എം, എം.മുരളീധരൻ,ബിനിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.
