പ്രായം നമ്മിൽ മോഹം നൽകി…

സതീഷ് കുമാർ വിശാഖപട്ടണം
1963 മാർച്ച് രണ്ടിന് ജനിച്ച വിദ്യാസാഗറിന്റെ ജന്മദിനമാണിന്ന്. മലയാളികളുടെ മനസ്സിൽ പിന്നെയും പിന്നെയും സംഗീത സാഗരങ്ങളുടെ പദനിസ്വനം തീർത്ത വിദ്യാസാഗർ എന്ന ഈണങ്ങളുടെ രാജകുമാരന് നിറഞ്ഞ മനസോടെ പിറന്നാൾ ആശംസകൾ നേരട്ടെ ……
(പാട്ടോർമ്മകളിലൂടെ …..
അറിയപ്പെടുന്ന സാമൂഹികപരിഷ്‌കർത്താവായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ആരാധകരായിരുന്നു ആന്ധ്രാപ്രദേശ് ബൊബ്ബിലിയുള്ള രാമചന്ദറിന്റേയും സൂര്യകാന്തത്തിന്റേയും കുടുംബം.
അവർക്കൊരു ആൺകുഞ്ഞു പിറന്നപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല, തങ്ങളുടെ ആരാധനാമൂർത്തിയായ
വിദ്യാസാഗറിന്റെ പേര് തന്നെ മകനു നൽകാൻ ആ ദമ്പതികൾ തീരുമാനിച്ചു. വിദ്യാസാഗർ പഠിച്ച് മിടുക്കനായെങ്കിലും സമൂഹപരിഷ്‌കർത്താവൊന്നുമായില്ല. പകരം സംഗീതത്തിന്റെ സാഗരഗർത്തങ്ങളിൽ നിന്നും അദ്ദേഹം മുങ്ങിത്തപ്പിയെടുത്ത മനോഹരമായ മെലഡികൾ കൊണ്ട് ചലച്ചിത സംഗീത വിഹായസ്സിൽ അനുഭൂതികളുടെ തേൻമഴ പെയ്യിപ്പിച്ചു…
തമിഴിലും തെലുങ്കിലുമായി കുറെയധികം ചിത്രങ്ങൾ ചെയ്‌തെങ്കിലും വിദ്യാസാഗറിന്റെ ഈണങ്ങളുടെ മൃദുമന്ത്രണം ശരിക്കും പൂത്തുലഞ്ഞത് മലയാളത്തിലായിരുന്നു .
സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ അസാമാന്യ സിദ്ധിയുണ്ടായിരുന്ന വിദ്യാസാഗറിന്റെ പ്രകടനത്തിൽ അത്ഭുതം പൂണ്ട മമ്മൂട്ടിയാണ് ഈ സംഗീത മാന്ത്രികന് മലയാളത്തിലേക്കുള്ള വഴിയൊരുക്കിയത്. അങ്ങനെ കമലിന്റെ ‘അഴകിയ രാവണൻ ‘എന്ന ചിത്രത്തിൽ സംഗീത സംവിധായകനായി വിദ്യാസാഗർ ആദ്യമായി മലയാളത്തിലെത്തുന്നു.
തമിഴിലും തെലുങ്കിലും കൈയ്യെത്തിപ്പിടിക്കാൻ കഴിയാത്ത ഭാഗ്യം തുണച്ചതും മലയാളത്തിലായിരുന്നു.
അഴകിയ രാവണനെ തുടർന്ന് പുറത്തുവന്ന എല്ലാ ചിത്രങ്ങളും വൻമ്യൂസിക്കൽ ഹിറ്റുകളായി മാറി. മെലഡികളുടെ രാജകുമാരൻ എന്നാണ് വിദ്യാസാഗറിനെ സംഗീതരംഗത്ത് ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

‘വെണ്ണിലാ ചന്ദനകിണ്ണം …. ( അഴകിയരാവണൻ)
‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ … (കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് )
‘ വെണ്ണിലാ കൊമ്പിലെ രാപ്പാടി ….(ഉസ്താദ് )
‘ കണ്ണാടി കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട് …(പ്രണയവർണ്ണങ്ങൾ )
‘മലർവാക കൊമ്പത്ത് …… (എന്നുംഎപ്പോഴും )
‘ ആരാരും കാണാതെ ….. ( ചന്ദ്രോത്സവം )
‘അമ്പാടി പയ്യുകൾ മേയും ….. (ചന്ദ്രനുദിക്കുന്ന ദിക്കിൽ )
‘സുന്ദരിയെ സുന്ദരിയെ ….. (ഒരു മറവത്തൂർ കനവ് )
‘പ്രായം നമ്മിൽ മോഹം നൽകി …(നിറം)
‘ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടെ …… (സിഐഡി മൂസ )
‘ഒന്നാം കിളി പൊന്നാൺകിളി …… (കിളിച്ചുണ്ടൻ മാമ്പഴം )
‘ഓമനപ്പുഴ കടപ്പുറത്തിന്നോമനേ….(ചാന്ത്‌പൊട്ട് ) എന്നിങ്ങനെയുള്ള മെലഡികളെല്ലാം വിദ്യാസാഗറിന്റെ മാന്ത്രിക സംഗീത പരിലാളനയിലൂടെ മലയാളത്തിന് ലഭിച്ച സമ്മോഹന ഗാനങ്ങളിൽ ചിലതു മാത്രം.
ശങ്കർ മഹാദേവൻ, ഹരിഹരൻ, ഉദിത് നാരായണൻ തുടങ്ങിയ സംഗീതപ്രതിഭകളെ മലയാളത്തിന് പരിചയപെടുത്തുന്നതും വിദ്യാസാഗറാണ്.
കെ. വിശ്വനാഥിന്റെ ‘സ്വരാഭിഷേകം ‘എന്ന തെലുഗു ചിത്രത്തിലൂടെ 2005-ലെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും വിദ്യാസാഗറിനു ലഭിച്ചിട്ടുണ്ട്…
1963 മാർച്ച് രണ്ടിന് ജനിച്ച വിദ്യാസാഗറിന്റെ ജന്മദിനമാണിന്ന്. മലയാളികളുടെ മനസ്സിൽ പിന്നെയും പിന്നെയും സംഗീത സാഗരങ്ങളുടെ പദനിസ്വനം തീർത്ത വിദ്യാസാഗർ എന്ന ഈണങ്ങളുടെ രാജകുമാരന് നിറഞ്ഞ മനസോടെ പിറന്നാൾ ആശംസകൾ നേരട്ടെ ……