സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടിയേറും

കൊച്ചി: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊടികയറും. മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി മാറുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.
വിഭാഗീയത പൂർണമായും തുടച്ചു നീക്കി എന്ന് അവകാശപ്പെട്ടാണ് പാർട്ടി സമ്മേളനത്തിലേക്ക് കടക്കുന്നത്. പാർട്ടിയിൽ ഇപ്പോഴുള്ള അപസ്വരങ്ങൾ ഒറ്റപ്പെട്ട സംഘടനാപ്രശ്നങ്ങൾ ആണെന്നാണ് സിപിഎം വിലയിരുത്തൽ.

‘ഭാവി കേരളം, നവ കേരളം’ സംബന്ധിച്ച സിപിഎം കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പാർട്ടി പോളിറ്റ് ബ്യൂറോ മെമ്പറും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അവതരിപ്പിക്കും. ഇത്തവണത്ത സമ്മേളനം, പ്രവർത്തന റിപ്പോർട്ടും നവകേരള സൃഷ്ടിക്കായുള്ള കർമ്മപദ്ധതി സംബന്ധിച്ച പാർട്ടിയുടെ നിലപാടും വ്യക്തമാക്കുന്ന രേഖയുമാണ് അംഗീകരിക്കാൻ പോകുന്നത്. പാർടിക്ക് അകത്ത് ഏതൊരുവിധ വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതായി. കേന്ദ്രീകൃതമായ നേതൃത്വത്തിൻ കീഴിൽ സിപിഐ എം പ്രവർത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് തുടർച്ചയായി നടന്ന ഇടപെടലിന്റെ ഭാഗമായി വന്ന മാറ്റമാണ്. ആ ഐക്യം വിളംബരം ചെയ്യുന്ന സമ്മേളനമായിരിക്കും സംസ്ഥാന സമ്മേളനമെന്നും സിപിഎം അവകാശപ്പെട്ടു.
ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷ പ്രസ്ഥാനത്തെ മാറ്റണം. അതിനായി സിപിഐഎമ്മിനെ ഇന്നത്തേനേക്കാൾ ബഹുജന സ്വാധീനമുള്ള പാർട്ടിയായി വളർത്തണമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.


സർക്കാരിന്റെ പ്രവർത്തനം അതിൽ വളരെ പ്രധാനമാണ്. ഒന്നാം പിണറായി സർക്കാർ നടത്തിയ പ്രവർത്തനമാണ് ജനത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നത്. അതിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ ചെയ്യേണ്ടത്. പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണം, തടസങ്ങൾ നീക്കണം, അതിനായി ഓരോ മേഖലയിലും ചെയ്യേണ്ട കാര്യങ്ങൾ എന്താണ്, അടുത്ത 25 വർഷത്തെ വികസന പദ്ധതി സംബന്ധിച്ച് ഇപ്പോൾ തന്നെ ഒരു രൂപരേഖ തയ്യാറാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിന്റെ ഭാഗമായി സിപിഐ എം അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് എൽഡിഎഫിൽ ചർച്ച ചെയ്യും. അങ്ങനെ എൽഡിഎഫിന്റെ ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. ഇതോടൊപ്പം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവർക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരമുണ്ടാക്കും. അതെല്ലാം തന്നെ പരിഗണിച്ചിട്ടായിരിക്കും എൽഡിഎഫ് രേഖയ്ക്ക് അന്തിമ രൂപം കൊടുക്കുന്നത്. അതിന് സഹായകരമായ പാർട്ടിയുടെ കാഴ്ചപ്പാടാണ് സംസ്ഥാന സമ്മേളനം ആവിഷ്‌കരിച്ച് പ്രഖ്യാപിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.