റഷ്യ-യുക്രെയ്ൻ ചർച്ച തുടങ്ങി; ആവശ്യങ്ങൾ പരസ്പരം അംഗീകരിക്കുമോ?
ഉത്ക്കണ്ഠയുടെ മണിക്കൂറുകൾ

കീവ്: അഞ്ച് ദിവസമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നിർണായക സമാധാന ചർച്ച തുടങ്ങി.
പ്രതിനിധികളും റഷ്യൻ പ്രതിനിധികളും ബെലാറസ് അതിർത്തിയിലെത്തി. സൈനിക പിൻമാറ്റമാണ് യുക്രെയ്ൻ ചർച്ചയിൽ റഷ്യക്ക് മുന്നിൽ വെക്കുന്ന പ്രധാന ആവശ്യം.
ചർച്ചയിൽ എന്താണ് റഷ്യ സ്വീകരിക്കാൻ പോവുന്ന നയമെന്താണ് ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്. യുക്രെയ്നിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇതിന് വഴിതെളിക്കുന്ന ഉടമ്പടിയാണ് റഷ്യ യുക്രെയ്‌നോട് ആവശ്യപ്പെടുക.

യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും നീക്കങ്ങൾ റഷ്യൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പുടിൻ ആവർത്തിക്കുന്നത്. ഇക്കാര്യങ്ങൾ ഇന്ന് റഷ്യ ചർച്ചയിൽ കൊണ്ടു വന്നേക്കും. കിഴക്കൻ യൂറോപ്യൻ മേഖലകളിലെയും യുക്രെയിനിലെയും നാറ്റോയുടെ സൈനിക നീക്കങ്ങൾ പൂർണമായും നിർത്തി കിഴക്കൻ യൂറോപ്പിൽ നിന്നും നാറ്റോ സൈന്യം പിൻവാങ്ങണമെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. ഇതിന് രേഖമൂലമുള്ള ഉറപ്പ് ലഭിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു.
1997 ലെ നാറ്റോ-റഷ്യ ധാരണയ്ക്ക് ശേഷം ശേഷം കിഴക്കൻ യൂറോപ്പിലെ മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നാറ്റോ സ്വാധീനം ചെലുത്തുന്നതാണ് റഷ്യയുടെ ആശങ്ക. പോളണ്ട്, മുൻ സോവിയറ്റ് രാജ്യങ്ങളായ എസ്‌തോണിയ, ലിത്വാനിയ, ലാത്വിയ, ബാൾക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ കിഴക്കൻ യൂറോപ്പിന്റെ ഭൂരിഭാഗവും ഇതിൽ ഉൾപ്പെടും. എന്നാൽ നാറ്റോ അവിടെ സൈനിക പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയില്ല. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നാറ്റോയുടെ വൻ സൈനിക വിന്യാസം തന്നെയുണ്ട്.
യുക്രെയ്നെ നാറ്റോ അംഗമാക്കുന്നതിനെ സഖ്യ രാജ്യങ്ങൾ വീറ്റോ ചെയ്യണമെന്നാണ് റഷ്യയുടെ മറ്റൊരു ആവശ്യം. നാറ്റോ അംഗമായാൽ യുക്രെയ്ൻ അമേരിക്കയുടെ കരവലയത്തിലായിരിക്കും. തങ്ങൾക്ക് സുരക്ഷാ തലത്തിലുൾപ്പെടെ തന്ത്രപ്രധാനമായ രാജ്യമായ യുക്രെയ്ൻ നാറ്റോയുടെ അംഗമാവുന്നതിനെ റഷ്യ ആശങ്കയോടെയാണ് കാണുന്നത്.