മഹാമാരിയോട് വിട പറയാം;
ഇനി കലാവസന്തം വിടരട്ടെ

കേരളീയ കലകളുടെ പരിപോഷണത്തിന് ബഹുമുഖ പദ്ധതികളുമായി
കാലാകരന്മാരുടെ പുതിയ സംഘടന തായ്


കേരളസ്‌കൂൾ കലോത്സവം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കേരളത്തിലെ പല തനതുകലാരൂപങ്ങളും നിലനിന്നുപോരുന്നത്. എന്നാൽ സ്‌കൂൾ കലോത്സവങ്ങൾ സമ്പന്നവിഭാഗത്തിൽപെട്ട കുട്ടികൾക്ക് മാത്രം പങ്കെടുക്കാവുന്ന ദുരവസ്ഥയിലേക്ക്് മാറിക്കഴിഞ്ഞു. സാധാരണക്കാരന്റെ മകനോ മകൾക്കോ സ്‌കൂൾ തലം മുതൽ സംസ്ഥാനതലംവരേയുള്ള മത്സരങ്ങളിൽ പങ്കെടുക്കാനാവാത്ത സ്ഥിതിയാണിന്നുള്ളത്. കലയോടുള്ള ആത്മസമർപ്പർണത്തിന് പകരം മത്സരങ്ങളിൽ എങ്ങനേയും ഒന്നാമതെത്തുക മാത്രമായി ലക്ഷ്യം… ഈ സാഹചര്യത്തിൽ തനത് കേരളീയ കലകളുടെ പരിപോഷണത്തിന് സ്‌കൂളുകളിൽ കലാപരിശീലനം ആരംഭിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്ന് സംസ്ഥാനത്തെ പ്രമുഖകലാകാരന്മാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട തായ് എന്ന സംഘടന സർക്കാരിന് നിവേദനം നൽകി.

പ്രൊഫ. കലാമണ്ഡലം എസ്. ഗോപകുമാർ ആശാൻ

സുരേന്ദ്രൻ കോഴിക്കോട്

ടി.പി.സി. വളയന്നൂർ
ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിക്കപ്പെട്ടാൽ സാധാരണക്കാരുടെ മക്കൾക്ക് സ്‌കൂളുകളിൽ സൗജന്യമായി കലകൾ അഭ്യസിക്കാനാവും. നിലവിൽ സ്ഥിരമായ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന കലാകാരന്മാർക്ക് പുതിയൊരു ഉപജീവനമാർഗ്ഗവുമാകും. അതിലുപരി കേരളത്തിന്റെ തനതുകലാരൂപങ്ങൾ വിദേശ വിനോദസഞ്ചാരികൾക്കുൾപ്പെടെ ആസ്വദിക്കാനാവുന്ന രൂപത്തിൽ വളർന്ന്് പന്തലിക്കും. ടൂറിസം വകുപ്പുമായി സഹകരിച്ച് തനതുകലാരൂപങ്ങൾ മികച്ച കലാകാരന്മാരെക്കൊണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അവതരിപ്പിക്കാനായാൽ വിനോദസഞ്ചാരികൾക്കത് ഏറ്റവും വലിയ വിഭവമായിരിക്കും.
കേരളീയ വാദ്യോപകരണങ്ങളുടേയും ആടയാഭരണങ്ങളുടേയും വില്പനശാലകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആരംഭിക്കാവുന്നതുമാണ്.
പ്രളയവും കോവിഡ് മഹാമാരിയും കാരണം കഴിഞ്ഞ മൂന്ന് വർഷമായി ജീവിതം വഴിമുട്ടിയ കാലാകാരന്മാരുടെ ജീവിത താളം വീണ്ടെടുക്കുന്നതിന് ഇങ്ങനെയുള്ള ബഹുമുഖ പദ്ധതികളാണ് തായ് സംഘടന ആവിഷ്‌കരിച്ച് സർക്കാരിന് നിവേദനം സമർപ്പിച്ചത്.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ സ്‌പോർട്‌സ് ക്വോട്ട എന്നതുപോലെ കലാകാരന്മാർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തുന്നതിനും നടപടിയുണ്ടാവണമെന്നും സംഘടന ആവശ്യപ്പെടുന്നു.
വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ തായ് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കലാമണ്ഡലം പ്രൊഫ: എസ്.ഗോപകുമാറും ജനറൽ സെക്രട്ടറി സുരേന്ദ്രൻ കോഴിക്കോടുമാണ്. ഇവരോടൊപ്പം ട്രഷറർ ടി പിസി വളയന്നൂർ, സംഘടനാപ്രതിനിധികളായ സതീഷ് ചന്ദ്രൻ ചേർത്തല, സുനിൽ ഷൊർണ്ണൂർ, അഡ്വ.കുമാരി ലേഖ, ചിത്ര എൽ തുടങ്ങിയവരാണ് നിവേദനസംഘത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ടൂറിസം പാക്കേജുകൾ തുടങ്ങണമെന്നും കലാകാരന്മാർക്ക് അർഹമായ പ്രതിഫലത്തോടെ തൊഴിലവസരം വർദ്ധിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
നിവേദനത്തിന് വളരെ നല്ല പ്രതികരണമാണ് മുഖ്യമന്ത്രിയിൽനിന്നും മറ്റു മന്ത്രിമാരിൽനിന്നും ഉണ്ടായതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. സ്‌കൂളുകളിൽ കലാപരിശീലനപദ്ധതി ഉൾപ്പടേയുള്ള നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് തായ് ഭാരവാഹികൾ.

