FILM BIRIYANI KERALA Second Banner SPECIAL STORY

കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടിൽ

സതീഷ് കുമാർ വിശാഖപട്ടണം

മധുരിക്കുന്ന കുറേ ഓർമ്മകൾ ബാക്കിയാക്കി 21 വർഷങ്ങൾക്കപ്പുറം ഇതേ ദിവസമാണ് മലയാളത്തിന്റെ പ്രിയഗായകൻ സി.ഒ.ആന്റോ കാലയവനികയിൽ മറയുന്നത്…

‘മധുരിക്കും ഓർമ്മകളെ മലർമഞ്ചൽ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളേ
ആ മാഞ്ചുവട്ടിൽ ……
മാഞ്ചുവട്ടിൽ ……’
ബാല്യത്തിന്റ ഗൃഹാതുരത്വമൂറുന്ന ഒരു പാട് ഓർമ്മകൾ സമ്മാനിക്കുന്ന ഈ മധുരഗാനം പാടിയത് കൊച്ചിക്കാരനായ സി. ഓ. ആന്റോ എന്ന ഗായകനായിരുന്നു .
ആന്റോ എന്ന ഗായകനെ മലയാള സംഗീതലോകത്ത് അടയാളപ്പെടുത്തിയ ഗാനം.
ഈ ഗായകന്റെ കഷ്ടപ്പാട് നിറഞ്ഞ ബാല്യകാലത്തെക്കുറിച്ച് കൂടുതലറിയുന്നത് പ്രശസ്ത ഗ്രന്ഥകാരനായ ടി പി ശാസ്തമംഗലത്തിന്റെ
‘ ആലാപന സ്മൃതി ‘ എന്ന പുസ്തകത്തിലെ ‘ഉള്ളു വിങ്ങുന്ന ചിരി ‘ എന്ന ലേഖനത്തിലൂടെയാണ്.
എറണാകുളം മേനക തിയറ്ററിൽ സിനിമ കാണാൻ പോയിട്ടുള്ള പഴയ തലമുറയിൽ പെട്ട ചിലരെങ്കിലും ആന്റോ എന്ന ബാലനെ ഓർക്കുന്നുണ്ടായിരിക്കും. തിയേറ്ററിൽ കപ്പലണ്ടിയും പാട്ടുപുസ്തകവും വിറ്റു നടന്നുകൊണ്ടായിരുന്നു ആ കൊച്ചു പയ്യൻ കുടുംബം പോറ്റിയിരുന്നത്. അപ്പോഴും മനസ്സു നിറയെ സംഗീതമായിരുന്നു. പാട്ടു പുസ്തക വിൽപന കഴിഞ്ഞാൽ തിയ്യറ്ററിന്റെ ഒരു മൂലയിരുന്നു സിനിമയിലെ നായകന്മാർക്കൊപ്പം പാട്ടുപാടലായിരുന്നു കുഞ്ഞു ആന്റോയുടെ ഇഷ്ടവിനോദം. ഏകലവ്യനെ പോലെ സംഗീതം ഗുരുമുഖത്തുനിന്നൊന്നും അഭ്യസിക്കാൻ കഴിയാതെ തിയറ്ററുകളിരുന്ന് നിരന്തരം പാടിപ്പാടി തന്നിലെ ഗായകനെ വാർത്തെടുത്തു ഈ കലാകാരൻ.


പാട്ടുപാടുന്ന ആന്റോയുടെ പ്രശസ്തി നാട്ടിലെങ്ങും പരന്നു. അങ്ങിനെയാണ് ഏരൂർ വാസുദേവൻ എന്ന നാടക കലാകാരൻ ആന്റോയെ തേടിയെത്തുന്നത്. അദ്ദേഹത്തിൻറെ ‘ജീവിതം അവസാനിക്കുന്നില്ല ‘ എന്ന നാടകത്തിലൂടെ ആന്റോ ഒരേസമയം ഗായകനും നടനുമായി അരങ്ങിലെത്തി. ഇതിനിടയിൽ സിനിമയിൽ പാട്ടു പാടാൻ അവസരം ഒത്തു വന്നെങ്കിലും ചിത്രം റിലീസാകാതെ പോയത് ആന്റോയുടെ സംഗീതജീവിതത്തിന് തിരിച്ചടിയായി. വീണ്ടും നാടകരംഗത്ത് എത്തിയ ആന്റോക്ക് അനുഗ്രഹമായത് ‘ഡോക്ടർ ‘എന്ന നാടകമായിരുന്നു .ഇതിൽ ആന്റോ പാടിയ ഗാനങ്ങൾ കേരളം ഏറ്റുപാടി. ഇതേ സമയത്ത് തന്നെയാണ് ആന്റോയുടെ മാസ്റ്റർപീസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ജനനീ ജന്മഭൂമി എന്ന നാടകത്തിലെ ‘മധുരിക്കും ഓർമ്മകളെ ‘ വമ്പിച്ച ജനപ്രീതി നേടിയെടുക്കുന്നത്.
ഡോക്ടർ എന്ന നാടകത്തിലൂടെ ആന്റോയുടെ സംഗീതജീവിതത്തിന് താരും തളിരും നൽകിയ ദേവരാജൻ മാസ്റ്റർ തന്നെയാണ് സിനിമയിലും ഈ ഗായകന് ഒരു പുതിയ വഴി തുറന്നു കൊടുത്തത്. കുഞ്ചാക്കോയുടെ കടലമ്മ എന്ന ചിത്രത്തിലെ ‘കടത്തുകാരി പെണ്ണേ നിന്റെ അടുത്തിരുന്നോട്ടെ … ‘എന്ന ഗാനം ആന്റോ പാടിയെങ്കിലും ആകാശവാണി അശ്ലീലമാരോപിച്ച് ഈ പാട്ട് നിരോധിച്ചതോടെ സിനിമാസംഗീത രംഗത്ത് വീണ്ടും ഒരു ദൗർഭാഗ്യം ഈ ഗായകന് നേരിടേണ്ടി വന്നു.
പക്ഷേ സർഗ്ഗ പ്രതിഭയെ തടഞ്ഞു നിർത്താൻ ഒരു ശക്തിക്കും കഴിയില്ല എന്ന് ഓർമിപ്പിച്ചു കൊണ്ട് ‘കുടുംബിനി ‘എന്ന ചിത്രത്തിൽ ആന്റോ പാടിയ
‘ വീടിനു പൊൻമണി
വിളക്കു നീ
തറവാടിനു നിധി നീ
കുടുംബിനി …..’
എന്ന ഗാനം വമ്പിച്ച ജനപ്രീതി നേടിയെടുത്തു. അതോടെ ചലച്ചിത്ര സംഗീത രംഗത്ത് ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസവും അദ്ദേഹത്തിന് കൈവന്നു.
കുടുംബിനിക്ക് ശേഷം ഒട്ടേറെ ചിത്രങ്ങളിൽ പാടുവാനുള്ള അവസരം ആന്റോയെ തേടിയെത്തി.
‘കുന്നത്തൊരു കാവുണ്ട് ….. (അസുരവിത്ത് – ആന്റോ പി.ലീല )
‘ പണമൊരു ബല്ലാത്ത പണ്ടാരക്കാലൻ ….. (ലക്ഷപ്രഭു )
‘ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു ….. (യേശുദാസ് – ആന്റോ മൂലധനം )
‘വിളക്കെവിടെ വിജനതീരമേ …..’ ( റസ്റ്റ് ഹൗസ് )
‘പാപ്പി അപ്പച്ചാ …. (മയിലാടും കുന്ന് )
‘അയ്യടി മനമേ….. (പ്രിയമുള്ള സോഫിയ)
‘ കടുവാ കള്ളക്കടുവാ ….. (മറവിൽ തിരിവ് സൂക്ഷിക്കുക )
‘ കാക്കേം കാക്കേടെ കുഞ്ഞും …. (പുനർജന്മം)
‘കാക്ക കറുമ്പികളെ …… (ഏഴ് രാത്രികൾ )
‘ധിം ത തക്ക കൊടുമല ഗണപതി …… (ഗുരുവായൂർ കേശവൻ )
‘നീയൊരു രാജാവ് ……. ( സരസ്വതി )
തുടങ്ങി 155 ഓളം ചലച്ചിത്രഗാനങ്ങൾ ആന്റോ പാടിയിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിൽ ഇറങ്ങിയിരുന്ന എല്ലാ ഹാസ്യ ഗാനങ്ങളും പാടിയിരുന്നത് ആന്റോ മാത്രമായിരുന്നു. സുരഭീ യാമങ്ങൾ, ഓടയിൽനിന്ന്, കുറ്റവാളി എന്നീ ചിത്രങ്ങളിൽ ഈ ഗായകൻ അഭിനയിച്ചിട്ടു മുണ്ട്. ഗായകനായ ആന്റോക്കു വേണ്ടി മറ്റൊരു ഗായകൻ പിന്നണി പാടിയ കൗതുകവും ഈ ഗായകന് സ്വന്തം. കുറ്റവാളി എന്ന ചിത്രത്തിലെ ‘ജനിച്ചുപോയി മനുഷനായി ഞാൻ …..’ എന്ന പ്രശസ്ത ഗാനം യേശുദാസ് പാടിയത് ആ രംഗത്ത് അഭിനയിച്ച ആന്റോക്കു വേണ്ടിയായിരുന്നു .
ഒട്ടേറെ നാടകങ്ങളിലും ചലച്ചിത്രങ്ങളിലും പാടി പേരും പ്രശസ്തിയുമെല്ലാം സമ്പാദിച്ചുവെങ്കിലും വേണ്ടത്ര അംഗീകാരങ്ങളോ സാമ്പത്തിക ഭദ്രതയോ ഒന്നും നേടാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ആ വേദന ഉള്ളിലൊതുക്കി കൊണ്ട് അദ്ദേഹം നിറഞ്ഞ സദസ്സുകളെ നോക്കി നിരന്തരം പാടി …..
‘മധുരിക്കും ഓർമ്മകളെ മലർമഞ്ചൽ കൊണ്ടു വരൂ
കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടിൽ …..
മാഞ്ചുവട്ടിൽ …….’
2001 ഫെബ്രുവരി 24-ന് മധുരിക്കുന്ന കുറെ ഓർമ്മകൾ ബാക്കിയാക്കി കൊണ്ട് ഈ ഗായകൻ കാലയവനികക്കുള്ളിൽ മറഞ്ഞു …..
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ
ദിനം ….. പ്രണാമം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *