അങ്ങനെയൊക്കെ ചെയ്യാൻ ഇനി മലയാളത്തിൽ ആരാണുള്ളത് ?

പ്രസന്നരാജു.കൊട്ടേക്കാട്ട്,
ഡി.ജി.എം (റിട്ടയേർഡ്) എസ്.ബി.ഐ
(രാഗ മാലിക, കൊട്ടെക്കാട്ട് 6th,
ചെന്ത്രാപ്പിന്നി, തൃശ്ശൂർ)

കെ.പി.എ.സി. ലളിത എന്ന മഹേശ്വരി അമ്മ ഒരുപാട് കാലമായി നമ്മുടെയെല്ലാം വീട്ടിലെ ഒരു അംഗം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വേർപാട് ഒരു ചേച്ചിയേയോ, അമ്മായിയോ നഷ്ടപ്പെട്ട പ്രതീതിയാണ് ഉണ്ടാക്കുന്നത്. ജന്മനാ നടി എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹയായ അഭിനേത്രി.
ആദ്യകാല സിനിമകൾ ‘കമ്മ്യൂണിസ്റ്റാക്കി’, ‘വാഴ്‌വേമായം’ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്നിവയിൽത്തന്നെ ലളിതയുടെ പ്രതിഭ പ്രകടമായിരുന്നു. വാഴ്‌വേമായത്തിലെ ബഹദൂറിനൊപ്പമുള്ള ‘കാറ്റും പോയ്….’ എന്ന ഗാനം, ‘അനുഭവങ്ങളി’ലെ സത്യനൊപ്പംനിന്ന ‘ കല്ല്യാണി കളവാണി…’ രംഗങ്ങൾ. പക്ഷെ നമ്മുടെ സിനിമയിൽ അന്ന് നിലനിന്നിരുന്ന നായികാസങ്കൽപങ്ങൾ ലളിതയെ വളരെ വേഗം അമ്മ വേഷങ്ങളിലേക്ക് തരംതിരിച്ചു. അതിനുശേഷം എത്രയോ അമ്മ, അമ്മായിയമ്മ, മരുമകൾ, ചേച്ചി, അനിയത്തി, അമ്മൂമ്മ, മുത്തശ്ശി കഥാപാത്രങ്ങൾ! സ്വാഭാവിക അഭിനയത്തിന്റെ ഒരു സർവകലാശാല തന്നെയായിരുന്നു ഈ നടി.
വിവാഹം കഴിക്കുന്നതിന് മുമ്പും ശേഷവും ഭരതന്റ സിനിമകളിലെ നിത്യസാന്നിദ്ധ്യം. നിദ്രയും രതിനിർവേദവും റീമേക്ക് ചെയ്തപ്പോൾ രണ്ടിലും വീണ്ടും കണ്ടു ലളിതയെ. ലളിതയുടെ നല്ല ഒഴുക്കുള്ള ഓണാട്ടുകര സംഭാഷണ ശൈലിയുടെ സൗന്ദര്യമാവണം നാരായണിക്ക് ആ ശബ്ദം കൊടുക്കാൻ അടൂരിനെ പ്രേരിപ്പിച്ചത്. സ്വയംവരം മുതൽ ലളിത അടൂർ സിനിമകളുടെ ഭാഗമായി. മണിച്ചിത്രത്താഴിലും അല്പനേരം ശബ്ദം മാത്രം കൊണ്ട് അരങ്ങ് തകർക്കുന്നുണ്ട് ലളിത – അതിനുമുമ്പ് ശബ്ദമില്ലാതെയും.

ലളിതയുടെ ഏതെങ്കിലും ഒരു പ്രകടനം മാത്രമായി എടുത്തു പറയാൻ പ്രയാസമാണ്. പത്മരാജന്റെ പെരുവഴിയമ്പലത്തിലെ ദേവയാനിയെ കാണൂ. നിമിഷങ്ങൾകൊണ്ട് ആ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ നമ്മെ അദ്ഭുതപ്പെടുത്തും. സത്യന്റെയും പ്രിയദർശന്റെയും, സിബിയുടെയുമെല്ലാം സിനിമകളിൽ പ്രഗത്ഭർക്കൊപ്പം നിറഞ്ഞാടിയ എത്രയോ വേഷങ്ങൾ. സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ജോർജ് കുട്ടി തുടങ്ങിയ തിലകൻ കോമ്പോ, ഇന്നസെന്റിനൊപ്പം ‘പൊൻമുട്ട’, ഗജകേസരിയോഗം, സസ്‌നേഹം, മണിച്ചിത്രത്താഴ് പോലെ എത്രയോ, വേണുവിന്റെ അമ്മ, ഭാര്യ, മരുമകൾ, മകൾ അങ്ങനെ പല പല വേഷങ്ങൾ…
കോട്ടയം കുഞ്ഞച്ചനിലെ ഉപ്പുകണ്ടം ഏലിയാമ്മയും പവിത്രത്തിലെ പുഞ്ചിരിച്ചേച്ചിയും മനസ്സിനക്കരെയിലെ കുഞ്ഞുമേരിയും, അമരത്തിലെ ഭാർഗ്ഗവിയും, മാളൂട്ടി യിലെ അമ്മായിയമ്മയും പോലെ ലളിതക്ക് മാത്രം കഴിയുന്ന എത്രയോ വേഷങ്ങൾ, വെള്ളിമൂങ്ങയിലേതുപോലെ പേരില്ലാത്ത എത്രയോ അമ്മമാർ, എത്രയോ കണ്ണീരൊഴുക്കുന്ന അമ്മമാരുടെ പ്രതിനിധിയായ ‘ശാന്ത’ത്തിലെ നാരായണി, അനിയത്തിപ്രാവിൽ ശ്രീവിദ്യക്കൊപ്പം കത്തിക്കയറിയ ‘കൊണ്ടുപൊയ്‌ക്കോ’ ക്ലൈമാക്‌സ്, കനൽക്കാറ്റിൽ മമ്മൂട്ടിക്കും, മാടമ്പി, കൻമദം മോഹൻലാലിനും, മുഖചിത്രത്തിൽ ജഗതിക്കും പലപ്പോഴും മേലെനിൽക്കുന്ന പ്രകടനങ്ങൾ, അവസാനം തട്ടീം മുട്ടീം പോലെ സീരിയലുകളിലും…തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ.
ലളിതയെപ്പറ്റി പറയുമ്പോൾ തോപ്പിൽ ഭാസി എന്ന സകലകലാവല്ലഭനേയും ഓർക്കണം. സ്റ്റേജിലും പിന്നീട് സിനിമയിലും ലളിതക്ക് താങ്ങും തണലുമായത് മാറിയത് ഭാസിയാണ്. ചക്രവാകം എന്ന ഭാസി സിനിമയിൽ ഭ്രാന്തി പാറു എന്ന ശ്രദ്ധേയമായ വേഷം ലളിത ചെയ്തു.
ലളിതയുടെ അസാന്നിധ്യം പ്രകടമാകുന്നത് കെ.ജി.ജോർജ്ജിന്റെ സിനിമകളിലാണ്.

മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ പലതും, പ്രത്യേകിച്ച് സ്ത്രീപക്ഷ സിനിമകൾ, ചെയ്ത ജോർജ്ജ് എന്തുകൊണ്ടാവും ലളിതയെ പാടെ ഒഴിവാക്കിയത്? അദ്ദേഹത്തിന്റെ പ്രധാന സിനിമകളിലൊന്നും – സ്റ്റേജുമായി ബന്ധപ്പെട്ട യവനികയിൽപ്പോലും – മലയാളത്തിലെ ഈ മികച്ച നടി ഇല്ല എന്നത് അദ്ഭുതമാണ്. കാരണം ജോർജ്ജിന് മാത്രം അറിയാം.
ലളിതയോടൊപ്പം ഒരുപാട് മാനറിസങ്ങളും അരങ്ങൊഴിയുന്നു. കൈകൊണ്ട് മുടി കെട്ടിയൊതുക്കി ‘ആങ്ഹാ…’ എന്ന് ചോദിച്ച് ഒരു വരവുണ്ട് ചില രംഗങ്ങളിൽ, ‘അയ്യട!’ ‘ഈശോയേ…’ പോലെയുള്ള ചില ലളിതപ്രയോഗങ്ങൾ…അതുപോലെ എതിരാളിയെ തെറിപ്പിച്ചുകളയുന്ന ‘ഫ’ എന്ന ശക്തമായ ആട്ട്…. അങ്ങനെ ഒരാട്ട് കൊടുക്കാൻ ഇനി ആരാണുള്ളത്!
വേണുവിന്റെതിന് ശേഷം വേദനിപ്പിക്കുന്ന മറ്റൊരു വേർപാട് കൂടി. പ്രിയനടിക്ക് കണ്ണീർ പ്രണാമം.
