FILM BIRIYANI KERALA Main Banner TOP NEWS

ലളിതം, അനുപമം ഇനി ഓർമ്മ;
കെപിഎസി ലളിത അന്തരിച്ചു

തിരുവനന്തപുരം: മലയാളികൾ സ്വന്തം കുടുംബാംഗമെന്നപോലെ മനസ്സിൽ ചേർത്തുവെച്ച പ്രിയചലച്ചിത്ര നടി കെപിഎസി ലളിത ഓർമ്മയായി. താരപരിവേഷങ്ങളൊന്നുമില്ലാതെ ലളിതവും അനുപമവുമായ അഭിനയമുഹൂർത്തങ്ങളിലൂടെ വിസ്മയിപ്പിച്ച അതുല്യപ്രതിഭയായിരുന്നു കെപിഎസി ലളിത. 74 വയസായിരുന്നു.ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.. കൊച്ചിയിലെ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയിൽ നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്. പത്താമത്തെ വയസ്സുമുതൽ നാടകരംഗത്ത് സജീവമായിരുന്നു.


കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. കെഎസ്. സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബമായിരുന്നു ആദ്യസിനിമ. തോപ്പിൽഭാസിയുടെ പ്രശസ്തമായ നാടകമാണ് അതേ പേരിൽ സിനിമയാക്കിയത്.
1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.ശ്രീക്കുട്ടിയാണ് മകൾ.


ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് ഭാർഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയിൽ ചേർന്നത്. ലളിതയുടെ ശരിയായ പേര് മഹേശ്വരി അമ്മ എന്നായിരുന്നു. തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.


പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽകല്യാണം ഗോഡ്ഫാദർസന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.
പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക അങ്ങനെ നിരവധി ശ്രദ്ധേമായ വേഷങ്ങളിലൂടെ ജനഹൃദയം കവർന്നു.

K. P. A. C. Lalitha Photo


സിനിമയിൽ ലളിതയുമായി ഏറ്റവും രസതന്ത്രമുണ്ടായിരുന്നത് നടൻ ഇന്നസെന്റിനായിരുന്നു. ഗജകേസരിയോഗം, അപൂർവ്വം ചിലർ, കോട്ടയം കുഞ്ഞച്ചൻ, മക്കൾ മാഹാത്മ്യം, ശുഭയാത്ര, മൈഡിയർ മുത്തച്ഛൻ, താറാവ്, മണിച്ചിത്രത്താഴ് കള്ളനും പോലീസും, അർജുനൻ പിള്ളയും അഞ്ചു മക്കളും, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, പാവം പാവം രാജകുമാരൻ, ഗോഡ്ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഇരുവരും സ്‌ക്രീനിലെ പ്രിയ താരജോടിയായി.
കാതലുക്ക് മര്യാദൈ, മണിരത്നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് ശ്രദ്ധേയ തമിഴ്ചിത്രങ്ങൾ. മാമനിതൻ, ഒരുത്തി, പാരിസ് പയ്യൻസ്, ഡയറി മിൽക്ക്, പെറ്റമ്മ, ലാസറിന്റെ ലോകം തുടങ്ങിയ ചിത്രങ്ങളിലാണ് ഒടുവിൽ വേഷമിട്ടത്
സി.പി.എമ്മിനോട് ചേർന്നായിരുന്നു ലളിതയുടെ രാഷ്ട്രീയ ജീവിതം. കേരള സംഗീത നാടക അക്കാദമിയുടെ നിലവിലെ അധ്യക്ഷയാണ്.
സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *