കുട്ടിക്കുപ്പായത്തന് 58 വയസ്സ്, മധുരം മായാതെ അതിലെ പാട്ടുകൾ

സതീഷ് കുമാർ വിശാഖപട്ടണം
ഒരുകാലത്ത് കേരളത്തിൽ ഹിന്ദി ചിത്രങ്ങൾ വിതരണം ചെയ്തിരുന്നത് ടി. ഇ. വാസുദേവന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പിക്‌ചേഴ്‌സ് ആയിരുന്നു. പിന്നീട് ‘കണ്ടംബെച്ച കോട്ട് ‘ പോലുള്ള മലയാള ചിത്രങ്ങളും അസോസിയേറ്റഡ് പിക്‌ചേഴ്‌സ് വിതരണത്തിന് ഏറ്റെടുത്തു വിജയിപ്പിച്ചു…
ബിസിനസ് സാമ്രാജ്യം വലുതായപ്പോൾ ഒരു സിനിമ നിർമിക്കണമെന്നായി ടി. ഇ. വാസുദേവന്റെ ആഗ്രഹം.. ‘ജയമാരുതി പ്രൊഡക്ഷൻസ് ‘ എന്ന മലയാളത്തിലെ പ്രശസ്തമായ ബാനർ അങ്ങനെ നിലവിൽ വരുന്നു. ‘കുട്ടിക്കുപ്പായം ‘ആയിരുന്നു ഈ ബാനറിന്റെ ആദ്യ ചിത്രം.
അക്കാലത്ത് കേരളത്തിലെ മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ കുറിച്ചുള്ള വിവാദപരമായ നോവലുകളിലൂടെ ശ്രദ്ധേയനായ മണപ്പുറത്തിന്റെ പ്രിയ കഥാകാരൻ കൊടുങ്ങല്ലൂർ സ്വദേശി മൊയ്തു പടിയത്തിന്റെ ജനപ്രീതി നേടിയ നോവലായിരുന്നു ‘കുട്ടിക്കുപ്പായം. ‘ എം. കൃഷ്ണൻനായരായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പ്രേംനസീർ, ഷീല, മധു, അംബിക, ബഹദൂർ, ഫിലോമിന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മുഖ്യ താരങ്ങൾ. പിൽക്കാലത്ത് മലയാളത്തിലെ ഹാസ്യാഭിനയത്തിന് പുതിയ മാനങ്ങൾ നൽകിയ ഫിലോമിനയുടെ ആദ്യ ചിത്രം കൂടിയാണ് കുട്ടിക്കുപ്പായം.



പി. ഭാസ്‌കരന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബാബുരാജ്. ആ വർഷത്തെ മ്യൂസിക്കൽ ഹിറ്റായി മാറി ഈ മൊഞ്ചൻ ചലച്ചിത്രം . ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചടുല ഭാവങ്ങളാൽ അനുഗൃഹീതമായ ഖവാലിയുടെ പാശ്ചാത്തലത്തിൽ എൽ.ആർ. ഈശ്വരി പാടിയ
‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലേ ഖൽബിൻ മണിയെ കൽക്കണ്ടകനിയല്ലേ …..’
എന്ന ഗാനം എവിടെ എപ്പോൾ കേട്ടാലും അറിയാതെ നമ്മളും താളം പിടിച്ചു പോകും.
ചിത്രത്തിൽ കെ.പി ഉദയഭാനു പാടിയ
‘പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും പൊന്നിൻ കുടമിന്നും പൊന്നിൻ കുടം ……’
എന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു.
ഈ ഗാനത്തിന്റെ അനുപല്ലവിയിൽ ഭാസ്‌കരൻ മാസ്റ്റർ നൽകിയ ഒരു സന്ദേശം തത്ത്വചിന്തയുടേതാണ്.
‘അള്ളാഹു വെച്ചതാമല്ലലൊന്നില്ലയിൽ
അള്ളാഹുവെ തന്നെ മറക്കില്ലേ ….. നമ്മൾ
അള്ളാഹുവെ തന്നെ മറക്കില്ലേ
എല്ലാർക്കുമെപ്പൊഴും എല്ലാം തികഞ്ഞാൽ
സ്വർലോകത്തിനെ വെറുക്കില്ലേ …… നമ്മൾ
സ്വർലോകത്തിനെ വെറുക്കില്ലേ …… ജീവിതത്തിലെ സുഖ ദു:ഖങ്ങളെക്കുറിച്ച് എത്ര അർത്ഥവത്തായ
വരികളാതിതെന്നു നോക്കൂ ….



‘വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ……. (എ.പി. കോമള )
‘വിരുന്നുവരും വിരുന്നുവരും
പത്താം മാസത്തിൽ ….. (പി.ലീല ഉത്തമൻ)
‘ ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം …….. (എൽ.ആർ. ഈശ്വരി)
‘പുള്ളി മാനല്ല മയിലല്ല മധുരക്കരിമ്പല്ല ….. (എൽ.ആർ. ഈശ്വരി )
‘ തൊട്ടിലിൽ നിന്ന് തുടക്കം….. (പി.ബി. ശ്രീനിവാസ് )
‘ പൊട്ടി ചിരിക്കുവാൻ മോഹമുണ്ടെങ്കിലും ……. (പി.ലീല)
‘ നാടും നഗരവും നീയലഞ്ഞു ….. (ബാബുരാജ്)
‘ കല്യാണ രാത്രിയിൽ കള്ളികൾ തോഴിമാർ…… (പി.ലീല )
‘ ഇന്നെന്റെ കരളിലെ പൊന്നണി പാടത്തൊരു ….. (പി.ലീല ) എന്നിവയെല്ലാമായിരുന്നു സംഗീതത്തിന്റെ പട്ടുനൂലിൽ നെയ്‌തെടുത്ത കുട്ടിക്കുപ്പായത്തിലെ മറ്റു ഗാനങ്ങൾ …..




1964 ഫെബ്രുവരി 22 – ന് പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിന്റെ അൻപത്തിയെട്ടാം വാർഷിക ദിനമാണിന്ന്. നോക്കൂ…
അൻപത്തിയെട്ടു സംവത്സരങ്ങൾ പിന്നിട്ട ഇത്തരം മധുരം കിനിയുന്ന മാരിവില്ലൊത്ത ഗാനങ്ങളാണ് ഇന്നും ചാനലുകളിൽ അഞ്ചും ആറും വയസ്സുള്ള കൊച്ചു കുട്ടികൾ പാടിക്കൊണ്ട് പാട്ടിന്റെ പാലാഴി തീർക്കുന്നത് …..
ഓൾഡ് ഈസ് ഗോൾഡ് എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് എത്ര അർത്ഥവത്താണെന്ന് ഈ പാട്ടുകൾ കേൾക്കുമ്പോഴാണ് മനസ്സിലാകുന്നത്.