ERNAKULAM LOCAL NEWS

കാർഷിക മേഖലയ്ക്ക് കൂടുതൽ കരുതലുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്

കോതമംഗലം : അടിസ്ഥാന മേഖലയായ കൃഷിയിലൂടെയുള്ള വികസനമാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ.

കൃഷിക്ക് കൂടുതൽ കരുതൽ

കാർഷിക ഉന്നനമനത്തിനായുള്ള വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്നത്. ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, വിഷരഹിത പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കൃഷിയോടുള്ള താൽപര്യം കൂടുതൽ പേരിലേക്കെത്തിക്കുക, കുട്ടികളിൽ കൃഷിയോടുള്ള ഇഷ്ടം ജനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ജീവനി പദ്ധതിയിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തി. കർഷകർ ഉത്പാദിക്കുന്ന വിളകൾ ന്യായമായ വിലയിൽ വിറ്റഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി, നെല്ലിമറ്റത്ത് കാർഷിക വിപണനകേന്ദ്രം ഒരുങ്ങുകയാണ്. ഒരു മാസത്തിനുള്ളിൽ കേന്ദ്രം പ്രവർത്തനസജ്ജമാകും.

സ്വയംസഹായ സംഘങ്ങൾക്ക് ഗ്രാഫ്റ്റ് പച്ചക്കറിത്തൈകൾ, ജൈവവളങ്ങളും കീടനാശിനികളും ലഭ്യമാക്കൽ, ഗ്രോബാഗ് വിതരണം, സ്‌കൂളുകളിൽ ഗ്രോബാഗ് പച്ചക്കറി കൃഷി, പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കിഴങ്ങുവർഗ വിത്തുകളുടെ കിറ്റ്, തേനീച്ച വളർത്തൽ പരിശീലനവും സഹായവും തുടങ്ങിയ പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഈ വർഷം 39.76 ലക്ഷം രൂപ ചെലവഴിച്ചു. വരും വർഷങ്ങളിൽ കൂടുതൽ തുക വകയിരുത്തി കർഷകരുടെ താത്പര്യം കൂടി പരിഗണിച്ച് നൂതന പദ്ധതികൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

ക്ഷീര കൃഷി മേഖലയ്ക്ക് പ്രത്യേക ഊന്നൽ

ആദ്യമായി ക്ഷീരകർഷകർക്ക് കാലീത്തീറ്റയ്ക്ക് സബ്‌സിഡി ഏർപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്താണ് കോതമംഗലം. പശുവളർത്തൽ വരുമാനമാർഗമായി സ്വീകരിച്ച നിരവധി കർഷകരുള്ള പ്രദേശമെന്ന നിലയിൽ, എല്ലാമാസവും പാലിന് ഇൻസെന്റീവ് നൽകുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. 10 ചാക്ക് കാലിത്തീറ്റ വാങ്ങുമ്പോൾ ഒരു ചാക്ക് കാലിത്തീറ്റ സൗജന്യമായി നൽകുന്ന പദ്ധതിയും കോതമംഗലം ബ്ലോക്കിനുണ്ട്. ഈ വർഷം ക്ഷീരമേഖലയിൽ 44 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വരും വർഷങ്ങളിൽ ക്ഷീരകർഷകർക്ക് കൂടുതൽ താങ്ങാകുന്ന പദ്ധതികൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആദിവാസി വിഭാഗത്തിന് പ്രത്യേക പരിഗണന

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി ഊരുകളുള്ളത് കോതമംഗലത്താണ്. പതിനഞ്ചെണ്ണം. അത് കുട്ടമ്പുഴ പഞ്ചായത്തിലാണ്.അതിനാൽ തന്നെ ആ വിഭാഗത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ട്. പ്രസ്തുത മേഖലകളിലെ കൃഷിവികസനത്തിനായി കുരുമുളക് തൈകളും ജാതി തൈകളും വിതരണം നടത്തി. ധാന്യകൃഷിക്കുള്ള സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പല ഊരുകളിലും കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനുള്ള പരിഹാര പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം

കുടിവെള്ളക്ഷാമമുള്ള നിരവധി പ്രദേശങ്ങൾ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലുണ്ട്. ഈ പ്രദേശങ്ങളെ കണ്ടെത്തി അതാതു മേഖലകളിൽ കുടിവെള്ള പദ്ധതികൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പലയിടത്തും നിർമാണ പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു. അടുത്ത നാലു വർഷത്തിനുള്ളിൽ ബ്ലോക്കിലെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം എന്നതാണു ഭരണസമിതിയുടെ ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷത്തിൽ ഈ ഇനത്തിൽ 2.62 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു പുരോഗമിക്കുന്നത്.

എല്ലാവർക്കും പാർപ്പിടം ഒരുക്കും

കോതമംഗലം ബ്ലോക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതുമായ ധാരാളം കുടുംബങ്ങളുണ്ട്. അവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഭരണസമിതി പ്രത്യേക പരിഗണന നൽകുന്നുണ്ട്. ജനറൽ, പട്ടികവർഗ വിഭാഗങ്ങളിലായി ലൈഫ് മിഷൻ പദ്ധതിക്ക് 1.35 കോടി രൂപയാണ് ഇതുവരെ നൽകിയത്.

വനിതകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന

ഈ വർഷം 51.37 ലക്ഷം രൂപയാണ് വനിതാ ക്ഷേമത്തിനായി ഉപയോഗിക്കുന്നത്. വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് രണ്ടു ലക്ഷം രൂപ സബ്‌സിഡി നൽകുന്ന പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. കുട്ടികളുടെ മാനസിക വളർച്ച ലക്ഷ്യമിട്ട് ബ്ലോക്കിലെ അങ്കണവാടികളെല്ലാം സ്മാർട്ടാക്കാനുള്ള ഉദ്യമം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 14 അങ്കണവാടികളെയാണ് സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തിയത്. മികച്ച അടിസ്ഥാന സൗകര്യമുള്ള കെട്ടിടം, കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങൾ, ടി.വി തുടങ്ങിയ സൗകര്യങ്ങളാണ് സ്മാർട്ട് അങ്കണവാടികളിൽ ഒരുക്കിയിരിക്കുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ ബ്ലോക്കിലെ 236 അങ്കണവാടികളും സ്മാർട്ടാക്കാനാണ് ലക്ഷ്യമിടുന്നത്.

കോതമംഗലത്ത് ഒരു പൊതുശ്മശാനമില്ല എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് തിരിച്ചറിഞ്ഞ്, ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുശ്മശാനം സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പിണ്ടിമന പഞ്ചായത്തിൽ അതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്കായി 63 ലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്. അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *