കൈക്കുടന്ന നിറയെ
തിരുമധുരവുമായ്

ചലച്ചിത്രനിർമ്മാതാവും സംഗീതസംവിധായകനുമായ രഘുകുമാറിന്റെ ഓർമ്മദിനമാണിന്ന്…അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സതീഷ് കുമാർ വിശാഖപട്ടണം

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ആറാം തമ്പുരാനിലെ ‘ഹരിമുരളീരവം ‘ എന്ന അതിമനോഹരഗാനത്തെ പ്രിയ സുഹൃത്തുക്കൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ഗിരീഷ് പുത്തഞ്ചേരി എഴുതി രവീന്ദ്രൻ സംഗീതം പകർന്ന് യേശുദാസിന്റെ സ്വരമാധുരിയോടെ ഒഴുകിയെത്തിയ ഈ ഗാനരംഗം ഒരു ഹിന്ദുസ്ഥാനി സംഗീത കച്ചേരിയുടെ ഭാവഗരിമയോടെയാണ് ചിത്രീകരിക്കപ്പെട്ടത്.
തബലയുടെ നാദവിസ്മയത്താൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഹരിമുരളീരവത്തിന്റെ തബല നോട്ട്‌സുകൾ പാടിയത് മലയാളത്തിലെ പ്രശസ്തനായ ഒരു സംഗീത സംവിധായകനായിരുന്നു …..
പ്രിയദർശന്റെ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ രഘുകുമാർ …..
1953 ജൂൺ 13-ന് കോഴിക്കോട് ജനിച്ച രഘുകുമാർ നന്നേ ചെറുപ്പത്തിലേതന്നെ തബലയുമായി ആത്മബന്ധം സ്ഥാപിക്കുകയായിരുന്നു.


യേശുദാസിന്റേയും ജയചന്ദ്രന്റേയും ഗാനമേളകളിലും മലയാളത്തിലെ ഒട്ടുമിക്ക ഓർക്കസ്ട്ര ഗ്രൂപ്പുകളിലും തബലിസ്റ്റായി പേരെടുത്ത രഘുകുമാർ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെയാണ് മദ്രാസിലേക്ക് വണ്ടി കയറിയത്.
മ്യൂസിക് കണ്ടക്ടറും സംഗീതസംവിധായകനുമായ ആർ കെ ശേഖറിനെ പരിചയപ്പെടുന്നതും അതുവഴി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും ഇദ്ദേഹത്തിൻറെ സംഗീത ജീവിതത്തിന് ഒരു അനുഗ്രഹമായി മാറി.
സംവിധായകൻ ബേബിക്കും നടൻ സുകുമാരനും വഴിത്തിരിവായ ശംഖുപുഷ്പ്പം എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് രഘുകുമാർ. ഇദ്ദേഹം നിർമ്മിച്ച ലിസ എന്ന ചിത്രത്തിലെ നായികയായെത്തിയ ഭവാനി പിന്നീട് രഘുകുമാറിന്റെ ജീവിതസഖിയുമായി.

സ്വന്തമായി നാലഞ്ചു ചിത്രങ്ങൾ നിർമ്മിച്ചെങ്കിലും 1979-ൽ ‘ഈശ്വരാ ജഗദീശ്വര ‘എന്ന ചിത്രത്തിലൂടെയാണ് രഘുകുമാർ
സംഗീതസംവിധായകനായി അരങ്ങേറുന്നത്.
രണ്ടു വർഷങ്ങൾക്കു ശേഷം 1981-ൽ പുറത്തുവന്ന വിഷം എന്ന ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടുകൂടി ഈ സംഗീത സംവിധായകനെ കേരളം പതുക്കെ തിരിച്ചറിയുകയായിരുന്നു.
എന്നാൽ പ്രിയദർശന്റെ ഹലോ മൈ ഡിയർ റോങ് നമ്പർ, ബോയിങ്ങ് ബോയിങ്ങ്, താളവട്ടം എന്നീ ചിത്രങ്ങളിലൂടെയാണ് രഘുകുമാർ കേരളത്തിലെ സംഗീത പ്രേമികൾക്ക് പ്രിയങ്കരനാകുന്നത്.

1986-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തുവന്ന ശ്യാമയിലെ
‘ചെമ്പരത്തിപൂവേ ചൊല്ല്
ദേവനെ നീ കണ്ടോ ……’
മായാമയൂരത്തിലെ
‘കൈക്കുടന്ന നിറയെ
തിരുമധുരം തരാം ……’
എന്നീ ഗാനങ്ങൾ അതാതു വർഷങ്ങളിലെ സൂപ്പർ ഹിറ്റുകളിൽ സ്ഥാനം പിടിച്ചതോടെ മലയാളത്തിലെ ആഭിജാത്യമുള്ള ചലച്ചിത്ര സംഗീത സംവിധായകരുടെ ലിസ്റ്റിൽ രഘുകുമാറിന്റെ പേരും സ്ഥാനം പിടിക്കുകയായായിരുന്നു.
‘നിന്നെയെൻ സ്വന്തമാക്കും……. ( വിഷം )
‘പൂങ്കാറ്റേ പോയി ചൊല്ലാമോ ……. (ശ്യാമ )

‘പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ …….. (താളവട്ടം )
‘നീയെൻ കിനാവോ പൂവോ നിലാവോ ……. (ഹലോ മൈ ഡിയർ റോങ്ങ് നമ്പർ )
‘തൊഴുകൈ കൂപ്പിയുണരും …… (ബോയിങ്ങ് ബോയിങ്ങ് )
‘സിന്ദൂരമേഘം ശൃംഗാരകാവ്യം ……
( ഒന്നാനാം കുന്നിൽ ഓരടികുന്നിൽ)

‘ കളഭം ചാർത്തും …… ( താളവട്ടം )
മൃദുലേ ഇതാ ഒരു ഭാവഗീതമിതാ ……. (ധീര )
എന്നിവയെല്ലാമാണ് രഘുകുമാറിന്റെ കൈയ്യൊപ്പു പതിഞ്ഞ സുന്ദര ഗാനങ്ങൾ …….
2014 ഫെബ്രുവരി 20 ന് തികച്ചും അപ്രതീക്ഷിതമായി ഈ സംഗീത സംവിധായകൻ എന്നെന്നേക്കുമായി വിട പറഞ്ഞു ……
സംഗീത കേരളത്തിന്റെ കൈകുടന്ന നിറയെ ചാരുതയാർന്ന ഒട്ടേറെ ഗാനങ്ങളുടെ തിരുമധുരം നൽകിയ
സ്‌നേഹരാഗങ്ങളുടെ ശില്പിക്ക് അദ്ദേഹത്തിന്റെ ഓർമ്മദിനത്തിൽ പ്രണാമമർപ്പിക്കട്ടെ ……