കോഴിക്കോട്‌നിന്ന് വലിയ വിമാനസർവീസ് ആരംഭിക്കാൻ യോജിച്ച് സമ്മർദ്ദം ചെലുത്തണം

റൺവേ നീളം കുറയ്ക്കാനുള്ള ഉത്തരവ് പിൻവലിച്ചത് സ്വാഗതം ചെയ്ത് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ.
കോഴിക്കോട്: ജനപ്രതിനിധികളുടെയും, വിവിധ സംഘടനകളുടെയും, പ്രവാസികളുടെയും ശക്തമായ സമർദ്ദത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെ റിസയുടെ നീളം വർധിപ്പിക്കുന്നതിന് റൺവേയുടെ നീളം കുറയ്ക്കാനുള്ള ഉത്തരവ് പിൻവലിച്ച എയർപോർട്ട് അതോറിറ്റിയുടെ നടപടിയെ മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റേയും, യുഎഇ പ്രതിനിധികളുടെയും സംയുക്തയോഗം സ്വാഗതം ചെയ്തു.
ഇത് കൂട്ടായ്മയുടെ വിജയം ആണെന്നും ഇതേ മാതൃകയിൽ യോജിച്ച് പ്രവർത്തിച്ചാൽ വലിയ വീമാനസർവീസ് ആരംഭിക്കാൻ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ചെറിയ വിമാനത്തിന്റെ അപകടം മൂലം വലിയ വിമാന സർവീസ് നിർത്തലാക്കിയത് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന വിദേശ-സ്വദേശ യാത്രക്കാർക്കും, കാർഗോ കയറ്റുമതി-ഇറക്കുമതി കാർക്കും വളരെ അധികം ധന – സമയ – ദുരിതങ്ങൾക്കും ഇട വരുന്നുണ്ടെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ യുഎഇ റീജിയൻ ഖജാൻജി സി. എ. ബ്യൂട്ടി പ്രസാദ് യോഗത്തിൽ വിശദീകരിച്ചു.


യുഎഇ റീജിയൺ ഭാരവാഹി സി. എ. ബ്യൂട്ടി പ്രസാദിനെ സെക്രട്ടറി കുന്നോത്ത് അബൂബക്കർ പൊന്നാടയണിയിച്ചു. ലോകത്തെ നാനാഭാഗത്തേക്കും കണക്ടിവിറ്റിയുള്ള എമിറേറ്റ്‌സ് വിമാന സർവീസ് നിർത്തലാക്കിയത് ലോകം മുഴുവൻ ഉള്ള മലബാറുകാർക്കും വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ളൈ ദുബായ് സർവീസ് ആശ്വാസകരമാണെങ്കിലും എല്ലാ ദിവസവും സർവീസ് ഇല്ലാത്തതും, ചെറിയ വിമാനം ആയതിനാലും വലിയ വിമാന സർവീസിന് പകരമാകുന്നില്ല. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനവേളയിൽ റൺവേ നീളം കുറക്കാതിരിക്കുന്നതിനും വലിയ വിമാന സർവീസ് ആരംഭിക്കുന്നതിനും നിവേദനം സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
യോഗത്തിൽ റൊണാൾഡ് ജൂലിയൻ ഗോൺസാൽവസ്, ശ്രീ റസ്, ദിലീപ് പി, കുന്നോത്ത് അബൂബക്കർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ഐ. അജയൻ സ്വാഗതവും, സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.