പോടാ മൈരേ…ആക്രോശിക്കുന്ന അവന്റെ മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ അവൾ പറയും…. മലയാളസിനിമയിൽ പുതിയ ട്രെൻഡ് സെറ്ററായി ഫ്രീഡം ഫൈറ്റ്

കോഴിക്കോട്: കണ്ണീരും നിലവിളിയുമായി കയർകുരുക്കിൽ ജീവിതമവസാനിപ്പിക്കുന്ന നായികമാരുടെ കാലം കഴിയുന്നു. ലൈംഗികതയിലടക്കം കേരളീയ സമൂഹം കൂടുതൽ തുറന്ന സമീപനം കൈക്കൊള്ളുമ്പോൾ സിനിമയും സിനിമയിലെ നായികമാരും മാറുകയാണ്. അങ്ങനെ മാറിയ പെണ്ണിന്റെ പ്രതിനിധിയായിരുന്നു മായാനദിയിലെ അപർണ (ഐശ്വര്യലക്ഷ്മി). ഇഷ്ടമുള്ളവനോടൊത്ത് കിടക്കപങ്കുവയ്ക്കുന്നത് അത്രവലിയ മഹാകാര്യമൊന്നുമായി കാണാത്ത യുവതലമുറയുടെ പ്രതിനിധിയാണവൾ. സ്വന്തം കാമുകനോടു പോലും സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് ആത്മവിശ്വാസത്തോടെ പറയാൻ ചങ്കൂറ്റം കാട്ടുന്നവൾ. അവളുടെ ബാക്കിയായിരുന്നു അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്‌ക്കിലെ വസുധ (ആൻ ശീതൾ). തന്റെ വ്യക്തിത്വത്തെ തരിമ്പും അംഗീകരിക്കാതെ സ്വന്തം ഈഗോ മാത്രം സംതൃപ്തിപ്പെടുത്തുന്ന സച്ചിദാനന്ദനോട് (ഷെയ്ൻ നിഗം) അവസാനം നടുവിരൽ നമസ്‌കാരം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല വസുധയ്ക്ക്. ഇവരുടെയൊക്കെ പിന്തുടർച്ചാവകാശിയാണ് ജിയോ ബേബിയുടെ സ്വാതന്ത്ര്യസമരം അഥവാ ഫ്രീഡം ഫൈറ്റ് എന്ന ചലച്ചിത്ര ആന്തോളജിയിലെ ഗീതു അൺചെയ്ഡിലെ നായിക ഗീതു (രജീഷ വിജയൻ).

മെയിൽ ഷോവനിസ്റ്റായ ആദ്യ കാമുകനാൽ തിരസ്‌കരിക്കപ്പെടുന്നവളാണ് ഗീതു. ആ നിരാസത്തിൽ നിന്ന് കരകയറും മുമ്പേയാണ് അവളെ തേടി ഓഫീസിൽ തന്നെയുള്ള മറ്റൊരു കാമുകന്റെ രംഗപ്രവേശം. ഇംഗ്ളീഷിൽ കറുമുറെ സംസാരിക്കുന്ന ടീം ലീഡർ പെണ്ണിനോട് രണ്ട് ഇംഗ്ളീഷ് അതേ നാണയത്തിൽ പറയുന്നത് സ്വപ്നം കാണുന്ന അവൾ ഒടുവിൽ അവരെല്ലാം കേൾക്കേ ഇംഗ്ളീഷിൽ തന്നെ തന്റെ പ്രണയം അയാളോട് തുറന്നു പറയുന്നു. വ്രണിതമാവുന്ന പുരുഷ ഈഗോയോടെ അവൾക്കു നേരേ ചാടിത്തുള്ളുന്ന അയാളുടെ കണ്ണിലേക്ക് നോക്കി പോടാ മൈരേ എന്നവൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നിടത്താണ് ഈ ലഘുചിത്രം അവസാനിക്കുന്നത്.
സിനിമ സമൂഹത്തിന്റെ കണ്ണാണ്. സമൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് അവിടെ പ്രതിഫലിക്കുക. തലമുറകളിൽ നിന്നു തലമുറകളിലേക്ക് നമ്മുടെ പെണ്മയുടെ ശാക്തീകരണമാണ് ഈ നായികാ പാത്രസൃഷ്ടികളിൽ നിഴലിക്കുന്നത്.

സാമ്പത്തികവും സാമൂഹികവുമായി പുരുഷന്റെ മേൽക്കോയ്മയിൽ നിന്ന് സ്വയം വിടുതൽ നേടുകയോ അവനേക്കാൾ മുകളിലേക്കുയരുകയോ ആണ് പുതുതലമുറ പെണ്ണ്. അതിന്റെ ദൃഷ്ടാന്തമാണ് നവസിനിമയിലെ നായികമാർ. ഫ്രീഡം ഫൈറ്റിലെ ഈ ദൃശ്യം കൂട്ടിച്ചേർത്ത് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ മെഗാ താരങ്ങൾ ആവിഷ്‌കരിച്ച മുൻ മലയാള സിനിമകളിലെ മെയിൽ ഷോവനിസ്റ്റ് കഥാപാങ്ങളെ ട്രോളിക്കൊണ്ടിരിക്കുയാണ്് സമൂഹമാദ്ധ്യമങ്ങളിപ്പോൾ.
